'ലവ് ജിഹാദ്' വാദം തള്ളി; യു.പിയിലെ മിശ്രവിവാഹിതരെ ഒന്നിച്ച് ജീവിക്കാൻ അനുവദിച്ച് അലഹബാദ് ഹൈകോടതി

ലഖ്നോ: യു.പിയിലെ മിശ്രവിവാഹിതരായ ദമ്പതികളെ ഒരുമിച്ച് ജീവിക്കാൻ അനുവദിച്ച് അലഹബാദ് ഹൈകോടതി. പ്രായപൂർത്തിയായ സ്ത്രീക്ക് ആരുടെ കൂടെ ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നും അതിൽ ഇടപെടാൻ മറ്റാർക്കും അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. മിശ്രവിവാഹിതരായ ദമ്പതികൾക്ക് വീട്ടിലേക്ക് മടങ്ങുംവരെ പൊലീസ് സംരക്ഷണം നൽകണമെന്നും കോടതി നിർദേശിച്ചു.

ശിഖ എന്ന യുവതിയും സൽമാൻ എന്ന യുവാവും സെപ്റ്റംബറിൽ വിവാഹിതരായതിനെ തുടർന്നാണ് സൽമാനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തന്‍റെ മകളെ സൽമാൻ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം ചെയ്യുകയായിരുന്നുവെന്ന പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിപ്രകാരമാണ് കേസെടുത്തത്.

എന്നാൽ, പ്രായപൂർത്തിയായ പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹിതയായതെന്നും ആരുടെ കൂടെ ജീവിക്കാനും അവർക്ക് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. സൽമാനൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് ശിഖ കോടതിയെ അറിയിക്കുകയായിരുന്നു. ജസ്റ്റിസ് പങ്കജ് നഖ്്വി, ജസ്റ്റിസ് വിവേക് അഗർവാൾ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.

നേരത്തെ, ശിഖയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കീഴിൽ പാർപ്പിക്കാൻ ജില്ല കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ ഹൈകോടതി വിമർശിച്ചു. സ്ത്രീയുടെ ആഗ്രഹത്തിന് ഒരു പരിഗണനയും നൽകാതെയുള്ള നടപടിയാണ് ഇതെന്നും നിയമപരമല്ലെന്നും കോടതി നിരീക്ഷിച്ചു. ശിഖയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കീഴിൽ പാർപ്പിച്ചതിനെതിരെ നേരത്തെ ഭർത്താവ് സൽമാൻ ഹേബിയസ് കോർപസ് ഹരജി നൽകിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.