ന്യൂഡൽഹി: ഡൽഹി വംശീയതിക്രമവുമായി ബന്ധപ്പെട്ട് കള്ളക്കേസിൽ ഇന്നലെ ജാമ്യം ലഭിച്ച പൗരത്വ പ്രക്ഷോഭ നായകരായ മൂന്ന് വിദ്യാർഥികൾ ജയിൽമോചിതരാകുന്നത് വൈകിപ്പിക്കാൻ ഡൽഹി പൊലീസിന്‍റെ നാടകം. നഗരത്തിലെ കർക്കാർദൂമ കോടതിയിലാണ് പൊലീസിന്‍റെ മുൻവിധിയോടെയുള്ള ഇടപെടൽ വിവാദമായത്. ആൾജാമ്യം നൽകാനെത്തിയവരുടെ വിലാസം പരിശോധിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നൽകുകയായിരുന്നു.
യു.എ.പി.എ നിയമപ്രകാരം അറസ്റ്റിലായി ഒരുവർഷത്തിലധികമായി ജയിലിൽ കഴിയുന്ന ജാമിഅ മില്ലിയ സർവകലാശാല വിദ്യാർഥി ആസിഫ് ഇഖ്ബാൽ തൻഹ, ജെ.എൻ.യു വിദ്യാർഥികളായ നതാഷ നർവാൾ, ദേവംഗന കലിത എന്നിവർക്ക് ചൊവ്വാഴ്ചയാണ് ഡൽഹി ഹൈകോടതി ജാമ്യം അനുവദിച്ചത്. എന്നാൽ, ഇത്രസമയമായിട്ടും മോചിപ്പിക്കാൻ പൊലീസ് തയാറായില്ല. കൂടാതെ, ഹൈകോടതി വിധിക്കെതിരെ ഡൽഹി പൊലീസ് സുപ്രീം കോടതിയിൽ അപ്പീലും നൽകിയിട്ടുണ്ട്.
ഹൈകോടതി ഉത്തരവ് അവഗണിച്ച് ഡൽഹി പൊലീസ് മനപൂർവ്വം മോചനം വൈകിപ്പിക്കുകയാണെന്ന് വിദ്യാർത്ഥികളുടെ അഭിഭാഷകർ ആരോപിച്ചു. മുൻ രാജ്യസഭാ എം.പി വൃന്ദ കാരാട്ട്, ആക്ടിവിസ്റ്റ് ഗൗതം ഭാൻ, ജവഹർലാൽ നെഹ്‌റു സർവകലാശാല, ഡൽഹി യൂണിവേഴ്‌സിറ്റി, ജാമിയ മില്ലിയ ഇസ്ലാമിയ എന്നിവയിലെ നിരവധി പ്രഫസർമാർ തുടങ്ങിയവരാണ് വിദ്യാർത്ഥികൾക്ക് ആൾജാമ്യം നൽകാൻ കോടതിയിലെത്തിയത്. വെരിഫിക്കേഷനിടെ വിചിത്രമായ ചോദ്യങ്ങളാണ് പൊലീസ് ചോദിക്കുന്നതെന്ന് അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സുപ്രീംകോടതിയിൽ അപ്പീൽ നൽകി മോചനം തടയാനുള്ള തന്ത്രമാണ് പൊലീസ് പയറ്റുന്നതെന്നും അവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.