ന്യൂഡൽഹി: 2014 സെപ്റ്റംബറിനുമുമ്പ് വിരമിച്ചവർക്കും ഉയർന്ന പി.എഫ് പെൻഷൻ തെരഞ്ഞെടുക്കാനുള്ള സമയപരിധി നീട്ടി. ഇതനുസരിച്ച് 1995 എംപ്ലോയീസ് പെൻഷൻ പദ്ധതിക്ക് കീഴിലുള്ള 2014 സെപ്റ്റംബറിനുമുമ്പ് വിരമിച്ച അർഹരായ എല്ലാ പെൻഷൻകാർക്കും ഈ വർഷം മേയ് മൂന്നുവരെ ഉയർന്ന പെൻഷന് അപേക്ഷിക്കാം. മാർച്ച് മൂന്നുവരെയാണ് നേരത്തേ സമയം നൽകിയിരുന്നത്.
ജീവനക്കാരുടെയും സ്ഥാപനങ്ങളുടെയും അസോസിയേഷനുകളുടെ ആവശ്യപ്രകാരമാണ് സംയുക്ത ഓപ്‌ഷനുകൾ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടിയതെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയം തിങ്കളാഴ്ച പ്രസ്താവനയിൽ അറിയിച്ചു. ശമ്പളത്തിന് ആനുപാതികമായ പി.എഫ് പെൻഷൻ നേടാൻ 2014 സെപ്റ്റംബർ ഒന്നിനുശേഷം വിരമിച്ചവർക്കും നിലവിൽ സർവിസിൽ തുടരുന്നവർക്കും സംയുക്ത ഓപ്ഷൻ നൽകാനുള്ള തീയതി നേരത്തേ മേയ് മൂന്നുവരെ നീട്ടിയിരുന്നു.
2014 സെപ്റ്റംബർ ഒന്നിനുമുമ്പ് വിരമിക്കുകയും അതിനുമുമ്പ് ഓപ്ഷൻ നൽകുകയും ചെയ്ത ജീവനക്കാർക്ക് ഉയർന്ന പെൻഷന് അർഹരാണെന്ന് സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. 2022 ഡിസംബർ 29നും 2023 ജനുവരി അഞ്ചിനും ഫീൽഡ് ഓഫിസുകൾക്ക് ഇതു സംബന്ധിച്ച നിർദേശങ്ങൾ നൽകിയിരുന്നു.
കഴിഞ്ഞ നവംബറിലാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പദ്ധതിയിലുള്ളവര്‍ക്ക് ശമ്പളത്തിന് ആനുപാതികമായ ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാന്‍ അവസരമൊരുക്കി സുപ്രീംകോടതിയുടെ സുപ്രധാന വിധിയുണ്ടായത്. നിലവില്‍ ശമ്പളം എത്ര ഉയര്‍ന്നതാണെങ്കിലും 15,000 രൂപയുടെ 8.33 ശതമാനം (1250 രൂപ) മാത്രമേ പെന്‍ഷന്‍ സ്‌കീമിലേക്ക് മാറ്റിയിരുന്നുള്ളൂ. അതിനാല്‍ കുറഞ്ഞ പെന്‍ഷനാണ് തൊഴിലാളിക്ക് ലഭിച്ചിരുന്നത്. എന്നാല്‍, ഉയര്‍ന്ന ശമ്പളമുള്ളവര്‍ക്ക് അതിന്റെ 8.33 ശതമാനം തുക ഇ.പി.എസിലേക്ക് വകമാറ്റി അതിനെ അടിസ്ഥാനമാക്കിയുള്ള ഉയര്‍ന്ന പെന്‍ഷന്‍ നേടാനാണ് സുപ്രീംകോടതി അവസരമൊരുക്കിയത്. ഉയർന്ന പെൻഷനുവേണ്ടി കൂടിയ വിഹിതം പിടിക്കാന്‍ ജീവനക്കാരും സ്ഥാപനങ്ങളും സംയുക്തമായി നല്‍കുന്ന സമ്മതപത്രമാണ് ഓപ്‌ഷന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.