ന്യൂഡൽഹി: കർണാടക ഹൈകോടതിയുടെ ഹിജാബ് വിധിയിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യ അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി വിയോജിപ്പ് വ്യക്തമാക്കി. മതങ്ങളുടെ അവിഭാജ്യ ഘടകങ്ങൾ നോക്കേണ്ടത് കോടതിയുടെ പണിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
തെറ്റായ കീഴ്വഴക്കത്തിന് സുപ്രീംകോടതി വഴിയൊരുക്കില്ലെന്നും ഹൈകോടതി വിധി തിരുത്തുമെന്നുമാണ് കരുതുന്നതെന്നും ഹുസൈനി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ഒരാളുടെ സമൂഹ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഹിജാബ് ധരിക്കേണ്ടതുണ്ടോ എന്നതിനെ കുറിച്ച് ഒന്നും ഹൈകോടതി വിധിയിലില്ല. യൂനിഫോമിനുള്ള വസ്ത്രം നിർണയിക്കുന്നതിൽ സ്കൂൾ മാനേജ്മെന്റുകൾക്കുള്ള അധികാരം ശരിവെക്കുന്നതാണ് വിധി. കോടതിവിധി തെറ്റായി അവതരിപ്പിക്കുന്നതും പൗരന്മാർക്കിടയിൽ അവിശ്വാസവും ഭിന്നതയും സൃഷ്ടിക്കുന്നതും നല്ലതല്ല. യൂനിഫോമിന് ജമാഅത്ത് എതിരല്ല. എന്നാൽ, അവ തീരുമാനിക്കുമ്പോൾ മതപരവും സാംസ്കാരികവുമായ അനുഷ്ഠാനങ്ങൾ കണക്കിലെടുക്കണം.
വിശ്വാസത്തിൽ ഒരു വിട്ടുവീഴ്ചക്കും നിർബന്ധിക്കാതെ എല്ലാവർക്കും വിദ്യാഭ്യാസം നേടാനുള്ള അന്തരീക്ഷം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.