ബംഗളൂരു: പ്രീയൂനിവേഴ്സിറ്റി പരീക്ഷകളില്‍ ഹിജാബ് ധരിച്ച് ക്ലാസ് മുറികളില്‍ കയറാന്‍ വിദ്യാർഥിനികൾക്ക് അനുമതി നൽകേണ്ടെന്ന് കർണാടക വിദ്യാഭ്യാസ വകുപ്പ്. മാര്‍ച്ച് ഒമ്പതിന് പി.യു പരീക്ഷ ആരംഭിക്കാനിരിക്കെയാണ് തീരുമാനം. വിദ്യാർഥിനികൾ കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. അവ പരിഗണിക്കേണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകിയ നിർദേശം. ഉഡുപ്പി, ചിക്കബല്ലാപുര, ചാമരാജ്നഗര്‍, ബംഗളൂരു റൂറല്‍ ജില്ലകളിലെ കോളജുകളിലെ മുസ്ലിം പെണ്‍കുട്ടികളാണ് ഹിജാബ് ധരിക്കാന്‍ അനുമതി തേടി അപേക്ഷ നൽകിയത്.
ഇതുസംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ പരീക്ഷാവേളയില്‍ ഹിജാബ് അനുവദിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് വ്യക്തമാക്കി. ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കാത്തതിന്റെ പേരിൽ ഒരു വിദ്യാര്‍ഥിയും പരീക്ഷ ഒഴിവാക്കുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശിരോവസ്ത്രത്തിന് വിലക്കേർപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് 2022 ഫെബ്രുവരി അഞ്ചിന് കോടതി ശരിവെച്ചിരുന്നു. തുടർന്ന് ദീർഘമായ വാദങ്ങൾക്കൊടുവിൽ മാര്‍ച്ചില്‍ അന്തിമ വിധിയിൽ, ഹിജാബ് ധരിക്കുന്നത് ഇസ്ലാമിക വിശ്വാസപ്രകാരം അനിവാര്യമായ ആചാരമല്ലെന്ന് കര്‍ണാടക ഹൈകോടതി വിധിച്ചിരുന്നു. ഇതിനെതിരെ വിദ്യാര്‍ഥിനികള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിധി റദ്ദാക്കിയില്ല. ഇക്കാരണത്താല്‍ തല്‍സ്ഥിതി തുടരാന്‍ ഉത്തരവുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.