ഹിജാബ് നിരോധനം; കർണാടക ഉഡുപ്പി ഗവൺമെന്റ് കോളജുകളിൽനിന്ന് കൊഴിഞ്ഞുപോയത് 50 ശതമാനം മുസ്‍ലിം വിദ്യാർഥികൾ

കർണാടകയിലെ ഗവൺമെന്റ് കോളജുകളിൽ ഹിജാബ് വിലക്കിയ ബി.ജെ.പി സർക്കാറിന്റെ ഉത്തരവ് ഹൈകോടതി ശരിവെച്ചതിന് പിന്നാലെ ഗവൺമെന്റ് കോളജുകളിൽനിന്ന് മുസ്‍ലിം വിദ്യാർഥികളുടെ ​കൊളിഞ്ഞുപോക്ക്. കഴിഞ്ഞ വർഷം കർണാടക ഹൈകോടതി ഉഡുപ്പി പി.യു.സിയിലെ ആറ് ഹിജാബ് ധരിച്ച മുസ്‌ലിം വിദ്യാർഥികൾ സമർപ്പിച്ച ഹരജികൾ തള്ളുകയും സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിക്കണമെന്ന ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ശരിവെക്കുകയും ചെയ്തിരുന്നു. ഹിജാബ് ധരിക്കുന്നത് മതപരമായ ആചാരമല്ലെന്നും ഹൈകോടതി വ്യക്തമാക്കി.

ഉഡുപ്പി ജില്ലയിലെ സർക്കാർ പ്രീ-യൂനിവേഴ്‌സിറ്റി കോളജുകളിൽ (പി.യു.സി) മുസ്ലീം വിദ്യാർഥികളുടെ പ്രവേശനത്തിൽ ഏകദേശം 50 ശതമാനം ഇടിവുണ്ടായതായി ‘ഇന്ത്യൻ എക്‌സ്പ്രസിന്റെ’ റിപ്പോർട്ടിൽ പറയുന്നു. 2022-23ൽ ഉഡുപ്പിയിലെ സർക്കാർ സ്ഥാപനങ്ങളിൽ പി.യു.സിക്ക് രജിസ്റ്റർ ചെയ്തത് എല്ലാ വിഭാഗങ്ങളിലുമായി ഏകദേശം 4,971 വിദ്യാർഥികളാണ്.

ജില്ലയിലെ പ്രീ-യൂനിവേഴ്‌സിറ്റി കോളജുകളിൽ (ക്ലാസ് 11) പ്രവേശിക്കുന്ന മുസ്ലീം വിദ്യാർഥികളിൽ കാര്യമായ മാറ്റമില്ലെങ്കിലും സർക്കാർ പി.യു.സി പ്രവേശനത്തിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2022-23ൽ ഉഡുപ്പിയിലെ സർക്കാർ പി.യു.സികളിൽ 186 മുസ്ലീം വിദ്യാർഥി പ്രവേശനം ഉണ്ടായി (91 പെൺകുട്ടികളും 95 ആൺകുട്ടികളും). ഇത് 2021-22ലെ 388 (178 പെൺകുട്ടികളും 210 ആൺകുട്ടികളും) അപേക്ഷിച്ച് പകുതിയായി.

2022-23ൽ, സ്വകാര്യ പി.യു.സികളിൽ മുസ്ലീം പ്രവേശനത്തിൽ 927 (487 പെൺകുട്ടികളും 440 ആൺകുട്ടികളും) വർധനയുണ്ടായി. 2021-22ൽ 662 (328 പെൺകുട്ടികളും 334 ആൺകുട്ടികളും) പേരായിരുന്നു സ്വകാര്യ പി.യു.സികളിൽ പഠിച്ചത്. ഉഡുപ്പി ജില്ലയിലെ മാത്രം കണക്കാണിത്.

Tags:    
News Summary - Hijab ban, Udupi sees over 50% drop in Muslim admissions in govt PUCs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.