കൊൽക്കത്ത: വാശിയേറിയ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളിൽ ഹിൽസ മത്സ്യത്തിന്‍റെ വില കുത്തനെ ഉയർന്നു. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി മത്സ്യത്തൊഴിലാളികൾ കടലിൽ പോകാതിരുന്നതാണ് മത്സ്യത്തിന്‍റെ ലഭ്യത കുറയാനും വില കൂടാനും കാരണമായത്. കിലോഗ്രാമിന് 150 മുതൽ 250 ഗ്രാം വരെയാണ് മത്സ്യത്തിന്‍റെ വിലയിൽ വർധന ഉണ്ടായിട്ടുള്ളത്.
തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതു വരെ പലരും മത്സ്യബന്ധനത്തിന് പോയില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ കൊൽക്കത്ത അടക്കം ബംഗാളിലെ വിവിധ സ്ഥലങ്ങളിൽ ഹിൽസയുടെ വില കുത്തനെ ഉയരുന്നതിന് വഴിവെച്ചു. ബംഗാളികളുടെ തീൻമേശയിലെ ഏറ്റവും രുചികരമായ മത്സ്യമാണ് ഹിൽസ.
സംസ്ഥാനത്തെ ഓരോ മത്സ്യ മാർക്കറ്റിലും ഓരോ വിലയാണ് വിൽപനക്കാർ ഹിൽസ വിറ്റിരുന്നത്. കൊൽക്കത്ത മനിക്തല, ബാലിഗഞ്ച് മാർക്കറ്റുകളിൽ ഹിൽസയുടെ നിലവിലെ വില 650നും 800 രൂപക്കും ഇടയിലാണ്. 400 മുതൽ 500 ഗ്രാം വരെ തൂക്കമുള്ള ഇനത്തിന്‍റെ വിലയാണിത്. 550 മുതൽ 700 ഗ്രാം തൂക്കമുള്ള ഹിൽസക്ക് 750 രൂപ മുതൽ 900 രൂപ വരെയാണ് വിപണി വില. ഹിൽസയുടെ തൂക്കം കൂടും തോറും വിപണിവിലയിലും വർധനവ് വരും.
ഗാരിയഹട്ടിലെ ലേക് മാർക്കറ്റിൽ 550 മുതൽ 750 ഗ്രാം മത്സ്യം 850 മുതൽ 1000 രൂപ വിലയാണെങ്കിൽ കസ്ഫ മാർക്കറ്റിൽ 900 ഗ്രാം തൂക്കമുള്ള മത്സ്യത്തിന് 1200 രൂപ മുതൽ 1600 രൂപ വരെ വില വരും. പഞ്ചായത്ത് തെരഞ്ഞെടുപ്പും ഫല പ്രഖ്യാപനം കഴിഞ്ഞതിനാൽ വരും ദിവസങ്ങളിൾ മത്സ്യവില കുറയുമെന്ന് മനിക്തല മാർക്കറ്റിലെ മൊത്ത വിൽപനക്കാരനായ അദിത് മജൂംദാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.