ഷിംല: കോൺഗ്രസ് വിജയം കൊയ്ത ഹിമാചൽപ്രദേശിലെ 'മുഖ്യമന്ത്രി ചർച്ച'യിൽ മഞ്ഞുരുകുന്നു. മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാൻ പുതിയ എം.എൽ.എമാരുടെ യോഗം ഹൈകമാൻഡിനെ ചുമതലപ്പെടുത്തി. സോണിയ ഗാന്ധിയും രാഹുലും സംസ്ഥാന തെരഞ്ഞെടുപ്പിൽ നിറഞ്ഞുനിന്ന പ്രിയങ്കയും പുതിയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ചേർന്ന് തീരുമാനമെടുക്കുമെന്നാണ് ഇതിനർഥമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാർട്ടി സംസ്ഥാന അധ്യക്ഷ പ്രതിഭ സിങ് എം.എൽ.എമാരിൽ തനിക്കുള്ള മേൽക്കൈ പാർട്ടി നിരീക്ഷകർക്കുമുന്നിൽ വ്യക്തമാക്കിയതിനുശേഷമാണ് ഒറ്റവരി പ്രമേയം പാസാക്കിയത്.
കോൺഗ്രസിന്റെ മുഖ്യമന്ത്രി പട്ടികയിൽ പ്രധാനമായും മൂന്നുപേരാണുള്ളത്. പാർട്ടി സംസ്ഥാന അധ്യക്ഷ പ്രതിഭ സിങ്ങാണ് ഒന്നാമത്. തൊട്ടുപിന്നിൽ പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ സുഖ്വീന്ദർ സിങ് സുഖു, നിയമസഭ കക്ഷി നേതാവായിരുന്ന മുകേഷ് അഗ്നിഹോത്രി എന്നിവരുണ്ട്.
ഇതിനിടെ, കോൺഗ്രസ് നിരീക്ഷകർ സംസ്ഥാന ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകറെ കണ്ട് സർക്കാർ രൂപവത്കരണത്തിന് കൂടുതൽ സമയം തേടി. ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, ഹിമാചൽ ചുമതലയുള്ള എ.ഐ.സി.സി അംഗം രാജീവ് ശുക്ല, മുതിർന്ന നേതാവ് കരൺ സിങ് ദലാൽ എന്നിവരാണ് ഗവർണറെ കണ്ടത്.
പുതിയ എം.എൽ.എമാരുടെ യോഗത്തിനു മുമ്പ് പ്രതിഭ സിങ്ങുമായി ഹൂഡയും ബാഘേലും ശുക്ലയും ചർച്ച നടത്തി. ഗവർണറെ കണ്ട നേതാക്കൾ പാർട്ടി എം.എൽ.എമാരുടെ പട്ടിക കൈമാറിയാണ് സർക്കാർ രൂപവത്കരണത്തിന് സമയം ചോദിച്ചത്. ഗവർണറെ കാണാൻ പോകും മുമ്പ് പ്രതിഭ സിങ്ങിന്റെ അനുയായികൾ ഹോട്ടലിനു സമീപം നിരീക്ഷകരുടെ കാർ വളഞ്ഞ് മുഖ്യമന്ത്രി, വീർഭദ്രസിങ്ങിന്റെ കുടുംബത്തിൽനിന്നാകണമെന്ന് മുദ്രാവാക്യമുയർത്തി. കോൺഗ്രസ് ഓഫിസിന് പുറത്തും മുദ്രാവാക്യമുയർന്നു. വിജയം സമ്മാനിച്ച ആഹ്ലാദത്തിനു പിന്നാലെ, കോൺഗ്രസിൽ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ കടുത്ത പ്രതിസന്ധിയാണ് രൂപപ്പെട്ടത്. താൻ മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്നുണ്ടെന്ന് പ്രതിഭ സിങ് സൂചന നൽകി. ഇതേ കാര്യം അവരുടെ മകൻ വിക്രമാദിത്യ സിങ് വാർത്ത ഏജൻസിയോടും പറഞ്ഞു. ''ഞാൻ മുഖ്യമന്ത്രി പദത്തിലേക്കില്ല; പക്ഷേ എന്റെ മാതാവ് രംഗത്തുണ്ട്'' എന്നാണ് അദ്ദേഹം പറഞ്ഞത്.
പ്രതിഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. പക്ഷേ, പ്രചാരണത്തിലുടനീളം നിറഞ്ഞുനിന്നിരുന്നു. അവർ നിലവിൽ മാണ്ഡി മണ്ഡലത്തിലെ എം.പിയാണ്. കോൺഗ്രസിനെ സംസ്ഥാനത്ത് നാലു ദശകങ്ങൾ നയിച്ച മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിന്റെ ഭാര്യയുമാണ്. പാർട്ടിയെ നിയമസഭക്ക് അകത്തും പുറത്തും നയിച്ച മികവ് എ.ഐ.സി.സി പരിഗണിക്കുമെന്ന വിശ്വാസത്തിലാണ് സുഖുവും അഗ്നിഹോത്രിയും. ഇതിനിടെ, പാർട്ടിയെ ഒരുമിച്ചുനിർത്തിയതിന്റെ ക്രെഡിറ്റ് തനിക്കാണെന്ന് അവകാശപ്പെട്ട് മുൻ പി.സി.സി അധ്യക്ഷൻ കുൽദീപ് സിങ് റാത്തോഡും രംഗത്തുവന്നിട്ടുണ്ട്. ഭരണമാറ്റമെന്ന പതിവ് തെറ്റിക്കാതെയാണ് ഇത്തവണ ഹിമാചലുകാർ കോൺഗ്രസിന് വിജയം നൽകിയത്. 68 അംഗ നിയമസഭയിൽ 40 സീറ്റുകൾ നേടി കോൺഗ്രസ് ബി.ജെ.പിയെ അധികാരഭ്രഷ്ടരാക്കുകയായിരുന്നു. 25 സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. മൂന്നു സീറ്റുകൾ സ്വതന്ത്രർക്കും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.