ഹിമന്ത ബിശ്വ ശർമ

സ്വകാര്യ സർവകലാശാലക്കെതിരെ വിദ്വേഷ നടപടിയുമായി അസം മുഖ്യമന്ത്രി: ‘യു.എസ്.ടി.എമ്മിൽ പഠിച്ചവർക്ക് ജോലി നൽകില്ല’

ഗുവാഹതി: വിദ്വേഷം തുടർക്കഥയാക്കിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, മേഘാലയയിലെ സയൻസ് ആൻഡ് ടെക്‌നോളജി സർവകലാശാലക്ക് (യു.എസ്.ടി.എം) എതിരെ വീണ്ടും പ്രതികാരനടപടിയുമായി രംഗത്ത്. ഈ സർവകലാശാലയിൽനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് അസമിൽ സർക്കാർ ജോലിക്ക് അപേക്ഷിക്കാനാകില്ലെന്ന് ഹിമന്ത പറഞ്ഞു. ഈ വിദ്യാർഥികളെ അസമിലെ സർക്കാർ ജോലികളിലേക്ക് പരിഗണിക്കുന്നത് തടയാനുള്ള മാർഗം അന്വേഷിക്കാൻ നിയമവകുപ്പിനോട് നിർദേശിച്ചു.

ഗുവാഹതി മെഡിക്കൽ കോളജിനെ തകർക്കാൻ യു.എസ്.ടി.എം ശ്രമിക്കുന്നതായി ശർമ ആരോപിച്ചു. പുറത്തുനിന്ന് പഠിച്ച് വരുന്നവർക്ക് യോഗ്യത പരീക്ഷ നടത്തും. യു.എസ്.ടി.എമ്മിൽനിന്നുള്ള മാത്രമല്ല, പശ്ചിമ ബംഗാൾ, കർണാടക, മഹാരാഷ്ട്ര തുടങ്ങി പുറത്തുള്ള എല്ലാ സർവകലാശാലകളിലെയും വിദ്യാർഥികൾക്ക് ഇത് ബാധകമാണ്. അതേസമയം, യു.എസ്.ടി.എമ്മിനോട് തനിക്ക് ദേഷ്യം കൂടുതലാണ്. കാരണം, അവരാണ് ഗുവാഹതിയിലെ ​വെള്ളപ്പൊക്കത്തിന് കാരണക്കാരെനും മുഖ്യമന്ത്രി പറഞ്ഞു.

അസമിലെ ബംഗാളി മുസ്‍ലിമായ മഹ്ബൂബുൽ ഹഖിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്വകാര്യ സർവകലാശാലയായ യു.എസ്.ടി.എം. പുതിയ കണക്കനുസരിച്ച് ദേശീയതലത്തിൽ 200ാം റാങ്കിലുള്ള സർവകലാശാലയാണിത്. ഈ കാമ്പസിൽ മണ്ണെടുത്തത് കാരണമാണ് ഗുവാഹതിയിൽ വെള്ളപ്പൊക്കമുണ്ടായതെന്ന് മുഖ്യമന്ത്രി നേരത്തേ ആരോപിച്ചിരുന്നു. സർവകലാശാലയുടെ കവാടത്തിലെ ഗോപുരം ‘ജിഹാദി’ന്റെ അടയാളമാണെന്നും ഹിമന്ത പറഞ്ഞിരുന്നു.

അതേസമയം, മുഖ്യമന്ത്രിയുടെ ഭാര്യയുടെ സ്ഥാപനത്തിൽ മണ്ണിടിക്കുന്നതിനെക്കുറിച്ച് ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകന്റെ പേര് ചോദിച്ചും ഹിമന്ത ബിശ്വ ശർമ വിവാദത്തിലായി. ഷാ ആലം എന്ന് മാധ്യമപ്രവർത്തകൻ മറുപടി പറഞ്ഞു. ഷാ ആലമും യു.എസ്.ടി.എം ചാൻസർ മഹ്ബൂബുൽ ഹഖും ബന്ധപ്പെട്ടിരിക്കുന്നെന്നും ‘ഞങ്ങൾ’ അസമിൽ അധികകാലം നിലനിൽക്കുമോ എന്ന് ഷാ ആലമിനോട് ചോദിക്കാൻ ആഗ്രഹിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകന്റെ മതം ചോദിച്ച മുഖ്യമന്ത്രിയു​ടെ നിലപാടിൽ ഗുവാഹതി പ്രസ് ക്ലബ് പ്രതിഷേധിച്ചു. 

Tags:    
News Summary - Himanta escalates war with Muslim-owned university, suggests curbs on Assam govt jobs for its students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.