ചെന്നൈ: ഹിന്ദി ദേശീയഭാഷയല്ലെന്നും ദേശീയഭാഷയാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഹിന്ദി അറിയാത്തതിന് ഗോവ വിമാനത്താവളത്തിൽ ശർമിള എന്ന തമിഴ് യുവതിയെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ അപമാനിച്ച സംഭവത്തിലാണ് പ്രതികരണം.
ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാരെ ഹിന്ദി അറിയാത്തതിന്‍റെ പേരിൽ കേന്ദ്ര സേനാംഗങ്ങൾ അപമാനിക്കുന്ന സംഭവങ്ങൾ തുടരുകയാണെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി. ഹിന്ദി ദേശീയഭാഷയാണെന്ന തെറ്റിദ്ധാരണ ആളുകളിൽ അടിച്ചേൽപ്പിക്കുന്നതിൽ ഏറെ ആശങ്കയുണ്ട്. ഇത് വ്യക്തിപരമായുള്ള പ്രശ്നമല്ല, ഒരു സംവിധാനത്തിന്‍റെ തന്നെ പ്രശ്നമാണ്. സേനാംഗങ്ങളെ മര്യാദയോടെ പെരുമാറാൻ സി.ഐ.എസ്.എഫ് പഠിപ്പിക്കണം. ഇന്ത്യയുടെ സംസ്കാരത്തെ കുറിച്ചും ഭാഷാ വൈവിധ്യത്തെ കുറിച്ചും പഠിപ്പിക്കണം. വിവേചനത്തിന് ഇന്ത്യയിൽ സ്ഥാനമില്ല. എല്ലാ ഭാഷകളെയും ഒരുപോലെ ബഹുമാനിക്കാം -സ്റ്റാലിൻ പറഞ്ഞു.
ഗോവയിലെ ദബോലിം വിമാനത്താവളത്തിലാണ് സുരക്ഷാ പരിശോധനക്കിടെ ശർമിള എന്ന യുവതിക്ക് ഹിന്ദി അറിയാത്തതിന്‍റെ പേരിൽ ദുരനുഭവമുണ്ടായത്. തമിഴ്‌നാട് ഇന്ത്യയിലാണ് എന്നും രാജ്യത്തെ എല്ലാവരും ഹിന്ദി പഠിക്കണമെന്നും ഉദ്യോഗസ്ഥൻ പറയുകയും കളിയാക്കുകയുമായിരുന്നു. ഹിന്ദി ദേശീയ ഭാഷയല്ലെന്നും ഔദ്യോഗിക ഭാഷ മാത്രമാണെന്നും ശർമിള തിരിച്ചടിച്ചു. എന്നാൽ, ഗൂഗിൾ ചെയ്ത് നോക്കാൻ പറഞ്ഞ ഉദ്യോഗസ്ഥൻ ഇന്ത്യയിലെ എല്ലാവരും ഹിന്ദി പഠിക്കണമെന്ന് ഉറക്കെ പറഞ്ഞ് ഇവരെ അപമാനിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.