അയോധ്യ: ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കിൽ സരയൂ നദിയിൽ ജലസമാധി അടയുമെന്ന് പ്രഖ്യാപിച്ച ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ് അതിനുള്ള ഒരുക്കം തുടങ്ങിയതായി റിപ്പോർട്ട്. സരയുവിലേക്ക് പോകുന്നത് യു.പി പൊലീസ് തടഞ്ഞതോടെ, പാത്രത്തിൽ കൊണ്ടുവന്ന നദിയിലെ വെള്ളം മൂക്കിലൊഴിച്ച് മരിക്കുമെന്ന് ആചാര്യ മഹാരാജ് അറിയിച്ചു. കന്നാസിൽ വെള്ളവുമായി നിൽക്കുന്ന ഇയാളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ക്രിസ്ത്യാനികളുടെയും മുസ്ലിംകളുടെയും പൗരത്വം റദാക്കി ഒക്ടോബർ രണ്ടിനകം ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഇല്ലെങ്കിൽ അയോധ്യയിലെ സരയു നദിയിൽ ജലസമാധി അടയുമെന്നാണ് ദിവസങ്ങൾക്കു മുൻപ് മുന്നറിയിപ്പ് നൽകിയത്.
"ഒക്ടോബർ രണ്ടിനകം ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കിൽ ജലസമാധി നടത്തുമെന്ന് ഞാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ഭരണകൂടം എന്നെ വീട്ടുതടങ്കലിലാക്കി. പക്ഷേ വീട്ടുതടങ്കലിലാെൺങ്കിലും ഞാൻ സരയു വെള്ളം കൊണ്ടുവന്നതിനാൽ ജലസമാധി എടുക്കും. നമുക്ക് നോക്കാം. ദൈവഹിതമുണ്ടെങ്കിൽ, ഞാൻ വിജയിക്കും. ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചാലേ ഇന്ത്യ രക്ഷിക്കപ്പെടുകയുള്ളൂ' ആചാര്യ പറഞ്ഞു.
ജലസമാധിക്കുള്ള ഒരുക്കങ്ങൾ നേരത്തെ അയോധ്യയിൽ ആരംഭിച്ചിരുന്നു. അനുയായികളടക്കം നിരവധി പേർ ആചാര്യ മഹാരാജിന്‍റെ ആശ്രമത്തിന് സമീപം തടിച്ചുകൂടിയിട്ടുണ്ട്. പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മുമ്പ് ചിതയൊരുക്കി സമാനമായ ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് പൊലീസ് എത്തി അദ്ദേഹത്തെ വീട്ടുതടങ്കലിൽ ആക്കുകയായിരുന്നു.
അയോധ്യയിലെ സന്യാസി സമൂഹത്തിനിടയിൽ വലിയ സ്വാധീനമുള്ളയാളാണ് മഹാരാജ്. ഇദ്ദേഹത്തിന്‍റെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനായി ഹിന്ദു സനാതൻ ധർമ സൻസദ് എന്ന പേരിൽ സംഘടന രൂപീകരിക്കാൻ സന്യാസിമാർക്കുള്ളിൽ നീക്കമുണ്ട്. മുമ്പ് 15 ദിവസം മഹാരാജ് നിരാഹാര സമരം അനുഷ്ഠിച്ചിരുന്നു. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പിനെത്തുടർന്നാണ് നിരാഹാരം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.