വാരാണസി: ഗ്യാൻവാപി മസ്ജിദിൽ ഹിന്ദുക്കൾക്ക് പൂജക്ക് അനുമതി നൽകി വാരാണസി ജില്ല കോടതി. മസ്ജിദിലെ സീൽ ചെയ്ത നിലവറകളിൽ തെക്കുഭാഗത്തുള്ള 'വ്യാസ് കാ തഹ്ഖാന' എന്നറിയപ്പെടുന്ന നിലവറയിൽ ഹിന്ദുക്കൾക്ക് പൂജ ചെയ്യാൻ അനുവാദം നൽകിയാണ് വിധി. ഹരജിക്കാരായ ഹിന്ദുവിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. പൂജക്കായുള്ള ക്രമീകരണങ്ങൾ ഏഴുദിവസത്തിനകം പൂർത്തിയാക്കണമെന്നും വിശ്വനാഥ ക്ഷേത്രത്തിലെ പൂജാരിമാരാണ് പ്രാർഥന നടത്തേണ്ടതെന്നും കോടതി നിർദേശിച്ചു. മസ്ജിദിൽ പൂജക്ക് അനുവാദം നൽകണമെന്നാവശ്യപ്പെട്ട് ഹിന്ദുവിശ്വാസികളായ നാല് സ്ത്രീകൾ ഹരജി നൽകിയിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി വിധി.
ചരിത്രപരമായ വിധിയാണിതെന്നും കേസിലെ നിർണായക വഴിത്തിരിവാണെന്നും ഹിന്ദു വിഭാഗക്കാരുടെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പ്രതികരിച്ചു. കാശി വിശ്വനാഥ ക്ഷേത്രത്തിലെ പൂജാരികൾക്ക് ഏഴ് ദിവസത്തിനുള്ളിൽ തന്നെ പൂജകൾ നടത്തും. ഈ നിയമയുദ്ധത്തിൽ തങ്ങൾ വിജയിക്കുമെന്നും ഗ്യാൻവാപി പരിസരം ഏത് വ്യക്തിക്കും സന്ദർശിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഗ്യാൻവാപി മസ്ജിദ് ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വി.എച്ച്.പി അടക്കമുള്ള ഹിന്ദുത്വസംഘടനകൾ ആവശ്യമുന്നയിച്ചിരുന്നു. മസ്ജിദിലെ വുദുഖാനയിൽ കണ്ടെത്തിയ നിർമിതി ‘ശിവലിംഗ’മാണെന്നും അതിൽ ‘സേവ പൂജ’ നടത്താൻ ഹിന്ദുക്കളെ അനുവദിക്കണമെന്നായിരുന്നു ആവശ്യം. 2022 മേയ് മാസത്തിലാണ് വാരാണസി പ്രാദേശിക കോടതി പള്ളിയുടെ ഒരു വിഡിയോഗ്രാഫിക് സർവേ നടത്താൻ അനുമതി നൽകിയത്.
കോടതി അനുമതിയെത്തുടർന്ന് ആഗസ്റ്റ് നാലിന് സർവേ ആരംഭിച്ചു. പല തവണ കാലാവധി നീട്ടിവാങ്ങിയശേഷം ഡിസംബർ 18ന് റിപ്പോർട്ട് മുദ്രവെച്ച കവറിൽ കോടതിക്ക് സമർപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രസ്തുത രഹസ്യ റിപ്പോർട്ട് കക്ഷികൾക്ക് ലഭ്യമാക്കാൻ കോടതി അനുവദിച്ചത്. ഈ സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മസ്ജിദ് പൊളിച്ച് ക്ഷേത്രം പണിയണമെന്ന ആവശ്യവുമായി വി.എച്ച്.പിയുടെ രംഗപ്രവേശം. അതിനിടെ, ഈ സ്ഥലത്ത് ക്ഷേത്രം നിർമിക്കണമെന്നാവശ്യപ്പെട്ട ഹരജികളെ ചോദ്യം ചെയ്ത് സമർപ്പിച്ച മസ്ജിദ് കമ്മിറ്റിയുടെ ഹരജികൾ അലഹബാദ് ഹൈകോടതി തള്ളിയിരുന്നു.
ഹിന്ദുക്ഷേത്രം തകർത്താണോ 17ാം നൂറ്റാണ്ടിൽ മസ്ജിദ് നിർമിച്ചതെന്ന് കണ്ടെത്താൻ 2023 ജൂലൈ 21നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് (എ.എസ്.ഐ) സർവേ നടത്താൻ ജില്ല കോടതി അനുമതി നൽകിയത്. ഇതിനെ ചോദ്യം ചെയ്ത് അഞ്ചുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി ഹൈകോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളി. സുപ്രീംകോടതിയിലും ഹരജിയെത്തിയെങ്കിലും തള്ളുകയായിരുന്നു. ഗ്യാൻവാപി പള്ളിക്ക് താഴെ ക്ഷേത്രാവശിഷ്ടങ്ങളുണ്ടായിരുന്നോ എന്ന് പരിശോധിക്കാൻ പുരാവസ്തു വകുപ്പ് സർവേ നടത്തട്ടെ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് വിധിച്ചത്.
ഡിസംബർ 18ന് സീൽ ചെയ്ത കവറിൽ കോടതിക്ക് എ.എസ്.ഐ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഗ്യാൻവാപി പള്ളി നിർമിക്കുന്നതിനുമുമ്പ് അവിടെ വലിയൊരു ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നതായാണ് എ.എസ്.ഐ റിപ്പോർട്ട് നൽകിയത്. പള്ളി നിർമാണത്തിന് നേരത്തേയുള്ള ക്ഷേത്രത്തിന്റെ തൂണുകളും മറ്റും ഉപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.