മൈലാഞ്ചിയിലും വർഗീയ വിഷം പുരട്ടാൻ നീക്കം: ‘മുസ്‍ലിംസ്ത്രീകൾ ഹിന്ദുക്കൾക്ക് മൈലാഞ്ചിയിടരുത്, മെഹന്ദി ജിഹാദ് നേരിടാൻ ലാത്തിയെടുക്കും’

ന്യൂഡൽഹി: ഉത്തരേന്ത്യയിലെ ഹൈന്ദവ വ്രതാനുഷ്ഠാന ആ​ഘോഷമായ കർവ ചൗത്തിനോടനുബന്ധിച്ച് പ്രകോപന നീക്കവുമായി തീവ്രഹിന്ദുത്വവാദികൾ. ആഘോഷത്തോടനുബന്ധിച്ച് പരമ്പരാഗതമായി ചെയ്യുന്ന മൈലാഞ്ചിയിടൽ ചടങ്ങ് വർഗീയ ​ചേരിതിരിവിനുള്ള ആയുധമാക്കുകയാണ് ഇവർ. മുസ്‍ലിം മൈലാഞ്ചി ആർട്ടിസ്റ്റുകൾക്ക് മുന്നിൽ മൈലാഞ്ചിയിടാനിരുന്ന ഹിന്ദു സ്ത്രീകളെ ഒരുസംഘം ഭീഷണിപ്പെടുത്തി ഓടിച്ചുവിട്ടു. മൈലാഞ്ചി ആർട്ടിസ്റ്റുകളെയും ഇവർ ഭീഷണിപ്പെടുത്തുന്നത് ദൃശ്യങ്ങളിൽ കാണാം.

കർവാ ചൗത്തിൽ മുസ്‍ലിംകളിൽനിന്ന് മൈലാഞ്ചി അണിയരുതെന്ന് ഏതാനും വർഷങ്ങളായി ബി.ജെ.പി നേതാക്കളടക്കമുള്ളവർ ഹിന്ദുസ്ത്രീകളെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഇത്തവണ ​മൈലാഞ്ചിയിട്ടാൽ​ കൈ തല്ലിയൊടിക്കുമെന്ന ഭീഷണിയുമായി ഹിന്ദുത്വ തീവ്രവാദികൾ ’ലാത്തിപൂജ’യും സംഘടിപ്പിച്ചിരുന്നു. കർവ ചൗത്തിൽ ഏതെങ്കിലും മുസ്‍ലിം വ്യക്തി ഐഡൻറിറ്റി മറച്ചുവെച്ച് ‘മെഹന്ദി ജിഹാദ്’ നടത്തിയാൽ കുറുവടി ഉപയോഗിച്ച് പാഠം പഠിപ്പിക്കുമെന്ന് ഹിന്ദുത്വ സംഘടനാ പ്രവർത്തകർ പറയുന്നു. ആഘോഷ വേളയിൽ ഏതെങ്കിലും മുസ്‍ലിം യുവാക്കൾ ഹിന്ദു സ്ത്രീകൾക്ക് മെഹന്ദി പുരട്ടിയാൽ കൈകാര്യം ചെയ്യുമെന്ന് ക്രാന്തി സേന വിമൻസ് ഫ്രണ്ടും മുന്നറിയിപ്പ് നൽകിയിരുന്നു.

ഹിന്ദു സ്ത്രീകളുടെ കൈത്തണ്ടയിൽ മെഹന്ദിയിടുന്നത് കൂടുതലും മുസ്‍ലിം യുവാക്കളാണെന്നും അവർ മെഹന്ദി കലാകാരന്മാരല്ല, ലവ് ജിഹാദികളാണെന്നും മുസഫർനഗർ വർഗീയ കലാപത്തിൽ കോടതി ശിക്ഷിച്ച ഖത്തൗലി എംഎൽഎ വിക്രം സൈനി ആരോപിച്ചിരുന്നു. സ്ത്രീകൾ വീട്ടിലിരുന്ന് മൈലാഞ്ചിയണിയണം എന്നായിരുന്നു ഇയാളുടെ മുന്നറിയിപ്പ്.

കഴിഞ്ഞവർഷം മുസാഫർനഗറിൽ വി.എച്ച്.പിയുടെ യുവജന വിഭാഗമായ ബജ്‌റംഗ്ദളിന്റെ നേതൃത്വത്തിൽ ഹിന്ദു സ്ത്രീകൾ നടത്തുന്ന "മെഹന്ദി ബൂത്തുകൾ" തുറന്നിരുന്നു. “ഞങ്ങളുടെ സഹോദരിമാരെയും പെൺമക്കളെയും മുസ്‍ലിംകളിൽ നിന്ന് അകറ്റി നിർത്താൻ നിരവധി നടപടികൾ സ്വീകരിക്കുന്നു. മുസഫർനഗർ നഗരത്തിൽ ബജ്റംഗ്ദൾ 13 ബൂത്തുകൾ തുറന്നിട്ടുണ്ട്. അവിടെ ഞങ്ങളുടെ പെൺമക്കളാണ് ഹിന്ദു സ്ത്രീകളുടെ കൈപ്പത്തികളിൽ മെഹന്ദിയിടുന്നത്. അഹിന്ദുക്കൾ നടത്തുന്ന ബ്യൂട്ടി പാർലറുകളിലും മെഹന്ദി ബൂത്തുകളിലും ജാഗ്രത പാലിക്കാൻ ഞങ്ങളുടെ എട്ട് ടീമുകളെ നിയോഗിച്ചിട്ടുണ്ട്’ -വി.എച്ച്.പി നേതാവ് ലളിത് മഹേശ്വരി പറഞ്ഞു.

വിവാഹിതരായ സ്ത്രീകൾ ഭർത്താക്കന്മാരുടെ ദീർഘായുസ്സിനായി പ്രാർത്ഥിച്ച് ദിവസം മുഴുവൻ ഉപവാസം അനുഷ്ഠിക്കുന്നതാണ് കർവ ചൗത്തിലെ പ്രധാന ആരാധന. പരമ്പരാഗതമായി മദ്ധ്യപ്രദേശ്, രാജസ്ഥാൻ, എന്നിവിടങ്ങളിലും ഉത്തർപ്രദേശിന്റെയും ഹിമാചൽ പ്രദേശിന്റേയും ഹരിയാനയുടേയും പഞ്ചാബിന്റേയും ചില ഭാഗങ്ങളിലും ആഘോഷിച്ചുവരുന്നു. സൂര്യോദയം മുതൽ ച​​​​​ന്ദ്രോദയം വരെയാണ് ഉപവാസം. ഇതിന് മുന്നോടിയായാണ് തലേന്ന് മൈലാഞ്ചിയണിയുന്നത്.

പരമ്പരാഗത വസ്ത്രങ്ങൾ, ആഭരണങ്ങൾ, മേക്കപ്പ് വസ്തുക്കൾ എന്നിവ വാങ്ങാനും മൈലാഞ്ചിയണിയാനും കർവ ചൗത്തിന്റെ തലേന്ന് വൈകുന്നേരം മുതൽ നഗരങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുക. മനോഹരമായ ഡിസൈനുകളിൽ മൈലാഞ്ചിയിടാൻ മുസ്‍ലിം സ്ത്രീകൾ നടത്തുന്ന മെഹന്ദി സ്റ്റാളുകളെയാണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്. ഇതിനായി മണിക്കൂറുകളോളം ക്യൂ നിൽക്കുന്നതും കാണാം. ഭോപ്പാലിലെ ന്യൂ മാർക്കറ്റിൽ കർവ ചൗത്ത് പ്രമാണിച്ച് മെഹന്ദി സ്റ്റാൾ നടത്തുന്ന സ്ത്രീകളിൽ ഭൂരിഭാഗവും മുസ്‍ലിം സമുദായത്തിൽ നിന്നുള്ളവരാണ്. സൗഹാർദത്തിന്റെ ഈ മനോഹാരിത ഇല്ലാതാക്കാനാണ് വിദ്വേഷത്തിന്റെ വിഷം കലർത്താൻ ചിലർ ഇറങ്ങിത്തിരിച്ചതെന്ന് ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. 

Tags:    
News Summary - Hindutva goon targeted muslim women applying mehandi to Hindu on Karvachauth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.