ക്ഷേത്രനഗരികളിൽ മുസ്‍ലിം കച്ചവടക്കാർക്കെതിരെ ബഹിഷ്കരണ കാമ്പയിനുമായി ഹിന്ദുത്വ സംഘടനകൾ

ബംഗളൂരു: കർണാടകയിലെ ക്ഷേത്രോത്സവങ്ങളിൽ മുസ്‍ലിം കച്ചവടക്കാരെ ബഹിഷ്കരിക്കാനുള്ള കാമ്പയിൻ സജീവമാക്കി ഹിന്ദുത്വ സംഘടനകൾ. കുടകിലെ ക്ഷേത്രോത്സവ നഗരിയിൽനിന്ന് മുസ്‍ലിം കച്ചവടക്കാരനെ ഒഴിപ്പിച്ചു. കുടക് പൊന്നംപേട്ട് ഹരിഹര സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. കോളജ് അധ്യാപികയും ദുർഗാ വാഹിനി ജില്ല കോഓഡിനേറ്ററുമായ അംബികയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞദിവസം മുസ്‍ലിം കച്ചവടക്കാർക്കെതിരെ രംഗത്തുവന്നത്.

ക്ഷേത്രപരിസരത്ത് മുസ്‍ലിം കച്ചവടക്കാരെ അനുവദിക്കില്ലെന്ന് അവർ പറഞ്ഞു. വ്യാജ ഐ.ഡി കാർഡുമായാണ് മുസ്‍ലിം കച്ചവടക്കാരൻ വന്നതെന്നും ഹിന്ദുക്കളല്ലാത്തവരെ കച്ചവടത്തിന് അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി. മുസ്‍ലിം കച്ചവടക്കാരനെ ക്ഷേത്രപരിസരത്തുനിന്ന് ഒഴിപ്പിക്കുന്ന വിഡിയോ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ബംഗളൂരു വി.വി പുരത്ത് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രപരിസരത്ത് കച്ചവടം ചെയ്യുന്നതിൽനിന്ന് മുസ്‍ലിംകളെ വിലക്കണമെന്നാവശ്യപ്പെട്ട് വി.എച്ച്.പി, ബജ്റംഗ് ദൾ പ്രവർത്തകർ ബി.ബി.എം.പി കമീഷണർ തുഷാർ ഗിരിനാഥ്, സീത്ത് ബംഗളൂരു ഡെപ്യൂട്ടി കമീഷണർ പി. കൃഷ്ണകാന്ത് എന്നിവർക്ക് നിവേദനം നൽകിയിരുന്നു. ഇതിനെ എതിർത്ത് തെരുവുകച്ചവടക്കാരുടെ സംഘടനകളും രംഗത്തുവന്നു.

ജാതിയും മതവും നോക്കാതെ കഠിനപരിശ്രമം നടത്തിയും വിയർപ്പൊഴുക്കിയുമാണ് തെരുവുകച്ചവടക്കാർ നിലനിൽക്കുന്നതെന്നും സർക്കാറിനോട് യാചിച്ചല്ല; പലവിധ വെല്ലുവിളികൾ തരണം ചെയ്താണ് അവർ ജീവിതം മുന്നോട്ടുനയിക്കുന്നതെന്നും ഫെഡറേഷൻ ഓഫ് സ്ട്രീറ്റ് വെണ്ടേഴ്സ് യൂനിയൻ പറഞ്ഞു. മതത്തെ ദുരുപയോഗം ചെയ്ത് ഒരു പ്രത്യേക മതത്തിലെ കച്ചവടക്കാരെ മാത്രം വിലക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തിൽ സർക്കാറിന്റെ നിശ്ശബ്ദത തെളിയിക്കുന്നത് അവർ ഭരണഘടനാ വിരുദ്ധരാണെന്നാണ്. സർക്കാറിന്റെ ഭാഗത്തുനിന്ന് ഒരു നല്ല ഇടപെടലുണ്ടായാൽ അത് തെരുവുകച്ചവടക്കാരുടെ തൊഴിൽ സാഹചര്യത്തെ ഭയരഹിതമാക്കുമെന്നും അവർ പറഞ്ഞു.കഴിഞ്ഞ മാർച്ചിൽ ദക്ഷിണ കന്നഡയിലെ മുൽക്കിയിൽ ബപ്പനാട ക്ഷേത്രത്തിലും ഇത്തരത്തിൽ മുസ്‍ലിം വിരുദ്ധ കാമ്പയിൻ അരങ്ങേറിയിരുന്നു.

കഴിഞ്ഞദിവസം ഹിന്ദു ജാഗരണ വേദികെ പ്രവർത്തകർ കൊപ്പാലിലെ അഞ്ജനാദ്രി ക്ഷേത്രപരിസരത്ത് ഇതുസംബന്ധിച്ച് ബോർഡ് സ്ഥാപിച്ചിരുന്നു. അഞ്ജനാദ്രി മല പവിത്രമായ ഇടമാണെന്നും അവിടെ ഹിന്ദുക്കളെ മാത്രമേ കച്ചവടം ചെയ്യാൻ അനുവദിക്കൂ എന്നും ചുണ്ടിക്കാട്ടി എച്ച്.ജെ.വി കൊപ്പാൽ ജില്ല മജിസ്ട്രേറ്റിന് കത്തുനൽകുകയും ചെയ്തു. കച്ചവടത്തിന്റെ പേരിൽ മുസ്‍ലിംകൾ തീവ്രവാദം പ്രോത്സാഹിപ്പിക്കുകയാണെന്നും അവർ ആരോപിച്ചു. കഴിഞ്ഞവർഷവും ഉത്സവ സീസണിൽ മുസ്‍ലിം കച്ചവടക്കാരെ ബഹിഷ്കരിക്കുന്ന കാമ്പയിനുമായി ഹിന്ദുത്വ സംഘടനകൾ രംഗത്തുവന്നിരുന്നു.

Tags:    
News Summary - Hindutva organizations with boycott campaign against Muslim traders in temples

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.