ഞായറാഴ്ച പൂഴ്ത്തിവെക്കും, തിങ്കളാഴ്ച വാക്‌സിനേഷന്‍, ചൊവ്വാഴ്ച വീണ്ടും പഴയ മുടന്തല്‍; 'റെക്കോര്‍ഡി'ന് പിന്നിലെ 'രഹസ്യം' ഇതാണെന്ന് ചിദംബരം

ന്യൂഡല്‍ഹി: തിങ്കളാഴ്ചത്തെ റെക്കോര്‍ഡ് വാക്‌സിനേഷന് പിന്നാലെ ചൊവ്വാഴ്ച രാജ്യത്ത് വാക്‌സിനേഷന്‍ നിരക്ക് കുത്തനെ കുറഞ്ഞതില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ലോക റെക്കോര്‍ഡ് നേടാനായി വാക്‌സിന്‍ പൂഴ്ത്തിവെച്ചു എന്ന ആരോപണമാണ് ചിദംബരം ഉയര്‍ത്തിയത്.


'ഞായറാഴ് പൂഴ്ത്തിവെക്കും, തിങ്കളാഴ്ച വാക്‌സിന്‍ നല്‍കും, ചൊവ്വാഴ്ച വീണ്ടും പഴയ മുടന്തിലേക്ക് തിരിച്ചുപോകും. ഇതാണ് ഒരൊറ്റ ദിവസത്തിലെ വാക്‌സിനേഷന്‍ ലോക റെക്കോര്‍ഡിന്റെ രഹസ്യം. ഈ വീരകൃത്യം ഗിന്നസ് റെക്കോര്‍ഡില്‍ ഇടംനേടുമെന്ന് എനിക്ക് ഉറപ്പാണ്' -ചിദംബരം ട്വീറ്റ് ചെയ്തു. മോദി സര്‍ക്കാറിന് ആരോഗ്യ മേഖലയിലെ നൊബേല്‍  സമ്മാനം തന്നെ ലഭിച്ചേക്കാമെന്നും ചിദംബരം പരിഹസിക്കുന്നു.

അതേസമയം, ചിദംബരത്തിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ രംഗത്തെത്തി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ത്യയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുകയാണ്. ചൊവ്വാഴ്ച വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞത് കോണ്‍ഗ്രസ് സംസ്ഥാനങ്ങളുടെ വീഴ്ചയാണ്. നിങ്ങളുടെ ആളുകളെ തന്നെ പരിഹസിച്ചോളൂവെന്ന് അമിത് മാളവ്യ മറുപടി നല്‍കി.

രാജ്യത്ത് തിങ്കളാഴ്ചത്തെ റെക്കോര്‍ഡ് വാക്‌സിനേഷന് പിന്നാലെ ചൊവ്വാഴ്ച വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് ഉണ്ടായത്. തിങ്കളാഴ്ച 88 ലക്ഷത്തോളം പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പ്രതിദിന വാക്‌സിന്‍ ദൗത്യമെന്നാണ് കേന്ദ്രം വിശേഷിപ്പിച്ചത്. എന്നാല്‍, ഇതിന് പിന്നാലെ വാക്‌സിനേഷനില്‍ വന്‍ ഇടിവ് സംഭവിച്ചത് സംശയങ്ങള്‍ ഉയര്‍ത്തുകയാണ്.

ചൊവ്വാഴ്ച 53.86 ലക്ഷം പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചത്. മുന്‍ ദിവസത്തെ അപേക്ഷിച്ച് വന്‍ ഇടിവാണ് ഈ നിരക്ക്. തിങ്കളാഴ്ചത്തെ 'റെക്കോര്‍ഡിന്' വേണ്ടി സംസ്ഥാനങ്ങള്‍ വാക്‌സിന്‍ പൂഴ്ത്തിവെച്ചോയെന്ന സംശയം ഉയര്‍ന്നുകഴിഞ്ഞു. തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ വാക്‌സിന്‍ നല്‍കിയ 10 സംസ്ഥാനങ്ങളില്‍ ഏഴും ബി.ജെ.പി ഭരണത്തിലുള്ളവയാണെന്നത് ഈ സംശയം വര്‍ധിപ്പിക്കുന്നു.

മധ്യപ്രദേശ് പോലെയുള്ള സംസ്ഥാനങ്ങളില്‍ വലിയ വ്യത്യാസമാണ് തിങ്കളാഴ്ചത്തേയും ചൊവ്വാഴ്ചത്തേയും വാക്‌സിനേഷനില്‍ കണ്ടത്. തിങ്കളാഴ്ച 17 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയപ്പോള്‍ ചൊവ്വാഴ്ച വൈകീട്ട് വരെ 5000ല്‍ താഴെ മാത്രം ഡോസുകളാണ് കുത്തിവെക്കാനായത്. ജൂണ്‍ 20ന് ഇത് 4098 മാത്രമായിരുന്നു. ജൂണ്‍ 15ന് 37,904 പേരെയാണ് കുത്തിവെച്ചത്. എന്നാല്‍, തിങ്കളാഴ്ച മാത്രം 16,95,592 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഈ വ്യത്യാസമാണ് വാക്‌സിനേഷന്‍ റെക്കോര്‍ഡിന്റെ സ്ഥിരതയെ കുറിച്ച് ആശങ്കയുയര്‍ത്തുന്നത്.

Tags:    
News Summary - Hoard, vaccinate, limp again: Chidambaram on drop in India's vaccination figure after record jump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.