ബംഗളൂരു: ക്ഷേത്രോത്സവങ്ങളിൽ മുസ്ലിം കച്ചവടക്കാരെ ബഹിഷ്കരിക്കാനുള്ള ഹിന്ദുത്വ സംഘടനകളുടെ ആഹ്വാനം തള്ളി ഉഡുപ്പി കാപ്പിലെ ഹൊസ മാരിഗുഡി ക്ഷേത്രത്തിലെ ഉത്സവം. ക്ഷേത്രത്തിനു മുന്നിൽ ഹിന്ദുത്വ സംഘടന പ്രവർത്തകർ ബഹിഷ്കരണ ബോർഡ് സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല.
ക്ഷേത്രോത്സവത്തിനിടെ മുസ്ലിം കച്ചവടക്കാരിൽനിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് ഹിന്ദുക്കളോട് ആവശ്യപ്പെടുന്നതായിരുന്നു ബോർഡ്. എന്നാൽ, ബഹിഷ്കരണാഹ്വാനം വകവെക്കാതെ ആളുകൾ എല്ലാ കച്ചവടക്കാരിൽനിന്നും സാധനങ്ങൾ വാങ്ങുകയായിരുന്നു. ഉത്സവം കഴിഞ്ഞദിവസം സമാപിച്ചു. ഉത്സവത്തിൽ മുസ്ലിം കലാകാരന്മാരുടെ ഷഹനായി വാദനവും അരങ്ങേറി.
മുസ്ലിം കച്ചവടക്കാർക്ക് സ്റ്റാൾ അനുവദിക്കാതിരിക്കാൻ ക്ഷേത്ര കമ്മിറ്റിയിലും ടൗൺമുനിസിപ്പൽ കൗൺസിലിലും സംഘ്പരിവാർ നേതാക്കൾ സമ്മർദം ചെലുത്തിയിരുന്നു. തുടർന്ന് ക്ഷേത്രത്തിനു സമീപത്ത് മുസ്ലിംകൾക്ക് സ്റ്റാൾ അനുവദിച്ചിരുന്നില്ല. ക്ഷേത്രവളപ്പിനു പുറത്തായാണ് മുസ്ലിം കച്ചവടക്കാർ സ്റ്റാൾ സ്ഥാപിച്ചത്.
ബംഗളൂരു: ശിവമൊഗ്ഗ മാരികമ്പക്ഷേത്ര ഉത്സവനഗരിയിൽ മുസ്ലിം കച്ചവടക്കാർക്ക് വിലക്ക് ഏർപ്പെടുത്തി തുടക്കമിട്ട ബഹിഷ്കരണം കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കുന്നു. ഉഡുപ്പി, ഉത്തര കന്നഡ, ദക്ഷിണ കന്നഡ ജില്ലകളിലെ വിവിധ ക്ഷേത്രങ്ങൾക്കുപുറമെ, ഹാസൻ, ബംഗളൂരു, തുമകുരു, ചിക്കമകളൂരു എന്നിവിടങ്ങളിലും വിലക്ക് ഏർപ്പെടുത്തി.
ചരിത്രപ്രസിദ്ധമായ ബേലൂർ ചന്നകേശവ ക്ഷേത്രം, തുമകുരു വിശല സിദ്ധലിംഗേശ്വര ക്ഷേത്രം, ശിവമൊഗ്ഗയിലെ മഹാഗണപതിക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവങ്ങളിലും മുസ്ലിം കച്ചവടക്കാർക്ക് വിലക്കേർപ്പെടുത്തി. ഉത്സവങ്ങളിൽ മുസ്ലിം കച്ചവടക്കാരെ ബഹിഷ്കരിക്കുന്നത് സംബന്ധിച്ച് ഒന്നും ചെയ്യാനാവില്ലെന്നാണ് സർക്കാറിന്റെ നിലപാട്. നിയമമന്ത്രി ജെ.സി. മധുസ്വാമി ഇക്കാര്യം കഴിഞ്ഞദിവസം നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
ഏപ്രിൽ13 മുതൽ 14വരെയാണ് ആയിരക്കണക്കിനു പേർ പങ്കാളികളാവുന്ന ബേലൂർ ചന്നകേശവ രഥോത്സവം. ഉത്സവത്തിൽ മുസ്ലിംവ്യാപാരികളെ പങ്കെടുപ്പിക്കരുതെന്ന് വി.എച്ച്.പി ജില്ല ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ചികമകളൂരു മുദിഗരെ ടൗണിലെ ഗോണിബീഡ് വില്ലേജിൽ ഹിന്ദുത്വ സംഘടനയുടെ പേരിൽ ഉയർത്തിയ ബാനറിൽ, നിയമസംവിധാനത്തെ ബഹുമാനിക്കാത്ത, വിശുദ്ധ പശുവിനെ അറുത്തുകഴിക്കുന്ന, ദേശീയോദ്ഗ്രഥനത്തെ ചോദ്യം ചെയ്യുന്നവരെ ഉത്സവവ്യാപാരത്തിൽ പങ്കാളികളാക്കരുതെന്ന് ആവശ്യപ്പെട്ടു.
ദക്ഷിണ കന്നഡയിൽ പുത്തൂർ മാരികമ്പ ഉത്സവമേളയിലും മംഗളൂരു മാരികമ്പ മേളയിലും ഉഡുപ്പിയിലെ മാരിഗുഡി ക്ഷേത്ര ഉത്സവമേളയിലും വിലേക്കർപ്പെടുത്തിയിരുന്നു. ചിക്കമകളൂരു ശൃംഗേരി അദ്ദ ഗഡ്ഡെ, കിഗ്ഗ മേളകളിലും മുസ്ലിംകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ അധികൃതർക്ക് നിവേദനം നൽകി.
മുസ്ലിംകൾ ബീഫ് കഴിക്കുന്നത് അവസാനിപ്പിക്കുന്നതുവരെ ബഹിഷ്കരണം തുടരുമെന്ന് ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക് പറഞ്ഞു. വിലക്ക് കർണാടകയിൽ എല്ലായിടത്തും ഏർപ്പെടുത്തുമെന്നും മുസ്ലിംകളുടെ മനോഭാവം മാറ്റുന്നതുവരെ അതു തുടരുമെന്നും മുത്തലിക് പറഞ്ഞു. സംസ്ഥാനത്തെ ഒരു ക്ഷേത്ര പരിസരത്തും മുസ്ലിം കച്ചവടക്കാരെ അനുവദിക്കരുതെന്ന് വി.എച്ച്.പി മുസ്റെ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.