ന്യൂഡല്‍ഹി: കോവിഡ് മഹാമാരി പിടിച്ചു കുലുക്കിയ രാജ്യതലസ്ഥാന നഗരിയിൽ കൂട്ട മരണങ്ങൾക്കൊടുവിലും ഓക്സിജന്‍ വേണ്ടി യാചിച്ച് ആശുപത്രികൾ. ഡൽഹിയിലെ സർക്കാർ- സ്വകാര്യ ആശുപത്രികളിലെ ഓക്സിജൻ പ്രതിസന്ധി തുടർച്ചയായി ഏഴാം ദിവസവും തുടരുകയാണ്. ഡൽഹിയുടെ പ്രതിദിന ഓക്സിജൻ അളവ് 480 മെട്രിക് ടണ്ണിൽനിന്ന് 490 ടണ്ണായി കേന്ദ്രം വർധിപ്പിച്ചുണ്ട്. എന്നാൽ, 700 മെട്രിക് ടണ്ണാണ് ഡൽഹിക്കാവശ്യം.
അതേസമയം 330-335 മെട്രിക് ടൺ മാത്രമാണു ഡൽഹിക്കു ലഭിക്കുന്നതെന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഓക്സിജൻ അടിയന്തരമായി നിറച്ചു കിട്ടുന്നതിനായി പലയിടത്തേക്ക്് അയച്ച സിലിണ്ടറുകള്‍ മൂന്നു ദിവസമായി മടങ്ങി എത്തിയിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഡൽഹിയിലെ ഓക്സിജൻ വിതരണവും ലഭ്യതയും ഓരോ രണ്ടു മണിക്കൂറിലുംനിരീക്ഷിക്കാൻ സംസ്ഥാന സർക്കാർ സംവിധാനം ഏർപ്പെടുത്തി. ഇതിനുള്ള കേന്ദ്രീകൃത സംവിധാനം ആവിഷ്കരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികളും ഓക്സിജൻ പ്ലാൻറ് നടത്തുന്നവരും ഓരോ രണ്ട് മണിക്കൂർ കൂടുമ്പോഴും ഓക്സിജൻ നില അപ്ഡേറ്റ് ചെയ്യണം. സ്വകാര്യ, സർക്കാർ വ്യത്യാസമില്ലാതെ എല്ലാവർക്കും ഇതു ചെയ്യാം. കടുത്ത പ്രതിസന്ധിക്കിടയിലും ഡൽഹിയിലെ എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുമെന്ന് കെജ്രിവാൾ ആവർത്തിച്ചു.
അതേസമയം, ആശുപത്രികളിൽ ബെഡുകൾ ഒഴിവില്ലാത്തതും ഡൽഹിയിൽ പ്രതിസന്ധി രൂക്ഷമാക്കി. രോഗലക്ഷണങ്ങളുമായി എത്തുന്നവരെ പ്രവേശിപ്പിക്കാതെ മടക്കി അയക്കുന്ന അവസ്ഥയാണുള്ളത്. പ്രതിദിനം 350 ലധികമാണ് ഡൽഹിയിലെ മരണ നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.