ന്യൂഡൽഹി: കോവിഡ് മരണം സംബന്ധിച്ച കണക്കുകൾ ആശുപത്രികളും സംസ്ഥാന സർക്കാരുകളും തെറ്റായി തരംതിരിക്കുന്നത് മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള പോരാട്ടത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഡൽഹി എംയിസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. കോവിഡ് മരണനിരക്ക് കൃത്യമായി ലഭിക്കാൻ ഓഡിറ്റ് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡ് മരണത്തിന്‍റെ കൃത്യമായ കണക്കുകൾ വിവിധ സംസ്ഥാനങ്ങൾ മറച്ചുവെക്കുന്നുണ്ടെന്ന വാർത്തകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് എയിംസ് ഡയറക്ടർ രംഗത്തുവന്നത്. ഏപ്രിലിൽ മധ്യപ്രദേശ് പുറത്തുവിട്ട ഔദ്യോഗിക മരണ കണക്കുകളും അന്ത്യകർമ്മങ്ങൾ ചെയ്തവരുടെ കണക്കുകളും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന വാർത്ത പുറത്തുവന്നിരുന്നു.
'ഹൃദയാഘാതം മൂലം ഒരാൾ മരിച്ച ശേഷം അയാൾക്ക് കോവിഡ് സ്ഥിരീകരിച്ചാൽ, അയാൾക്ക് ഹൃദയാഘാതം സംഭവിച്ചത് കോവിഡ് കാരണമാകാം. എന്നാൽ, പലരും ആ മരണം കോവിഡുമായി ബന്ധപ്പെടുത്തില്ല. ഹൃദയസംബന്ധമായ പ്രശ്നമാണെന്ന് കാട്ടി മരണത്തെ തെറ്റായി തരംതിരിക്കും. മരണം സംബന്ധിച്ച ഓഡിറ്റ് എല്ലാ ആശുപത്രികളും സംസ്ഥാനങ്ങളും നടത്തേണ്ടത് അനിവാര്യമാണ്. എന്താണ് യഥാർഥ മരണകാരണമെന്നും മരണനിരക്ക് കുറയ്ക്കാന്‍ എന്തു ചെയ്യാനാകുമെന്നും അറിയാൻ ഇത് ഉപകരിക്കും. ശരിയായ വിവരങ്ങൾ ലഭ്യമായാലേ മരണനിരക്ക് കുറയ്ക്കുന്നതിനുള്ള നയം രൂപീകരിക്കാൻ കഴിയൂ' - അദ്ദേഹം പറഞ്ഞു.
വൈറസിന്‍റെ ജനിതക മാറ്റവും രോഗപ്രതിരോധത്തോടുള്ള ആളുകളുടെ മനോഭാവവുമാണ് കോവിഡ് മഹാമാരിയുടെ വിവിധ തരംഗങ്ങൾ ഇന്ത്യയിൽ ആഞ്ഞടിക്കാൻ കാരണം. വൈറസിന് ജനിതക മാറ്റമുണ്ടാകുന്നത് സ്വഭാവികമാണ്. കോവിഡ് രോഗികളുടെ എണ്ണവും മരണസംഖ്യയും വർധിക്കുമ്പോഴും ആളുകൾ കാട്ടുന്ന അലംഭാവവും ശ്രദ്ധക്കുറവുമാണ് അടുത്ത തരംഗത്തിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡ് ബാധിച്ചാലും ആരോഗ്യസ്ഥിതി വഷളാകാതെ സംരക്ഷിക്കാൻ വാക്സിനുകൾക്ക് കഴിയും. കോവിഷീൽഡ് ഡോസുകൾ സ്വീകരിക്കേണ്ട ഇടവേളകൾ സംബന്ധിച്ച പഠനങ്ങൾ ഇനിയും തുടരുകയാണ്. 12 അല്ലെങ്കിൽ 13 ആഴ്ചക്കുള്ളിൽ രണ്ടാം ഡോസ് സ്വീകരിക്കുന്നതാണ് നല്ലതെന്നാണ് നിലവിലെ വിലയിരുത്തൽ. പുതിയ പഠനങ്ങൾ വരുേമ്പാൾ ഇതിൽ മാറ്റം വരാനിടയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.