തെങ്കാശി ജില്ലയിലെ ആനയപ്പപുരം ഗ്രാമ നിവാസിയായ മാടസാമി എന്ന 61കാരൻ ഗായകൻ ഇന്ന് താമസിക്കുന്നത് സ്വന്തം വീട്ടിലല്ല. നാട്ടിലെ ബസ് സ്റ്റാന്‍റിൽ അഭയം പ്രാപിക്കേണ്ട അവസ്ഥയാണ് അദ്ദേഹത്തിന് വന്നുചേർന്നത്. പെൺമക്കളുടെ വിവാഹം നടത്താൻ എടുത്ത കടമാണ് ഈ നാടൻ പാട്ട് കലാകരന്‍റെ ജീവിതത്തിൽ വില്ലനായത്.
തെങ്കാശി ജില്ലയിലെ ആലങ്കുളത്തിലെ ആനയപ്പപുരം ഗ്രാമത്തിലെ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് മാടസ്വാമി ഇപ്പോൾ കഴിയുന്നത്. നേരത്തെ രണ്ട് പെൺമക്കളും ഭാര്യയും അടങ്ങിയ കുടുംബത്തോടൊപ്പം സ്വന്തം വീട്ടിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. പെൺമക്കളുടെ വിവാഹത്തിനെടുത്ത വായ്പ തിരിച്ചടക്കാനാകാത്ത വിധം ബാധ്യതയായപ്പോൾ അദ്ദേഹത്തിന് വീട് വിൽക്കേണ്ടി വരികയായിരുന്നു. മാടസ്വാമിയുടെ ഭാര്യ അഞ്ച് വർഷങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു.
വിവാഹം കഴിഞ്ഞ് സംസ്ഥാനത്തെ രണ്ട് നഗരങ്ങളിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന പെൺമക്കൾ പിന്നെ അച്ഛനെ തിരിഞ്ഞ് നോക്കിയതുമില്ല. ഇതോടെയാണ് മാടസാമി ബസ് ഷെൽട്ടർ അഭയകേന്ദ്രമാക്കിയത്.
കുറച്ച് വസ്ത്രങ്ങളും ടിഫിൻ ബോക്സും വെള്ളക്കുപ്പികളും മാത്രമാണ് ഇപ്പോൾ തന്‍റെ കൈയ്യിൽ സമ്പാദ്യമായിട്ടുള്ളതെന്ന് മാടസാമി പറഞ്ഞു.
"പകൽ സമയത്ത് പാടങ്ങളിൽ പണിക്ക് പോകാറുണ്ട്. ചില ദിവസങ്ങളിൽ പണി ഉണ്ടാകാറില്ല. അന്ന് ഭക്ഷണത്തിനും മറ്റ് ചെലവുകൾക്കുമായി ഭിക്ഷ യാചിക്കും. ജീവിതം വളരെ കഷ്ടത്തിലാണ്. ആരും എന്നെ സഹായിക്കുന്നില്ല" -മാടസ്വാമി വ്യക്തമാക്കി.
സമൂഹത്തിൽ അറിയപ്പെട്ടിരുന്ന നാടൻ പാട്ടുകാരനായിരുന്നു താനെന്നും വിവാഹത്തിലും മറ്റ് ചടങ്ങുകളിലും പരിപാടി അവതരിപ്പിക്കാൻ ആളുകൾ തന്നെ ക്ഷണിക്കാറുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രാമത്തിൽ അറിയപ്പെടുന്ന കുടുംബമായിരുന്നു മാടസ്വാമിയുടേത്. എന്നാൽ മക്കളുടെ വിവാഹവും ഭാര്യയുടെ മരണത്തോടെയുമാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്.
'ഭാര്യയുടെ മരണത്തോടെ, ശാരീരികമായും മാനസികമായും തളർന്നു. എന്‍റെ കടങ്ങൾ കുന്നുകൂടാൻ തുടങ്ങി. കടം തീർക്കാർ വീട് വിൽക്കുകയല്ലാതെ മറ്റുമാർഗമില്ലായിരുന്നു' -അദ്ദേഹം പറഞ്ഞു.
നാട്ടിൽ പല ജോലികൾക്ക് ശ്രമിച്ചിട്ടുണ്ടെങ്കിലും ഒന്നും ശരിയായില്ലെന്നും ഒരു വിലാസമോ ബാങ്ക് അക്കൗണ്ടോ തനിക്ക് ഇപ്പോൾ ഇല്ലെന്നും മാടസാമി പറഞ്ഞു. ബാങ്ക് അക്കൗണ്ടോ വിലാസമോ ഇല്ലാത്തതിനാൽ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യാനും മാടസ്വാമിക്ക് കഴിയുന്നില്ല. ഇതേ കാരണത്താൽ ഇദ്ദേഹത്തിന് വാർധക്യ പെൻഷനും നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
എന്നാൽ ആധാർ കാർഡും, റേഷൻ കാർഡും, വോട്ടർ ഐ.ഡി കാർഡും തനിക്ക് ഉണ്ടെന്ന് മാടസ്വാമിയും വ്യക്തമാക്കി. തെങ്കാശി ജില്ലാ ഭരണകൂടവുമായി വാർത്ത ഏജൻസിയായ ഐ.എ.എൻ.എസ് ബന്ധപ്പെട്ടപ്പോൾ തൊഴിലുറപ്പ് പദ്ധതിയിലൂടെ ജോലി നൽകാനും വാർദ്ധക്യ പെൻഷൻ ഉറപ്പാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് തെങ്കാശി ജില്ലാ ഭരണകൂടം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.