ജയ്പുർ/ഭോപാൽ: പട്ടിക വിഭാഗക്കാർ് അനുകൂലമായ നിയമം ദുർബലപ്പെടുത്തിയ സുപ്രീംകോടതി വിധിക്കെതിരെ ദലിത് സംഘടനകൾ നടത്തിയ ഭാരത് ബന്ദിനു പിന്നാലെ ചൊവ്വാഴ്ച ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനിൽ ദലിതർക്കുനേരെ മേൽജാതി വിഭാഗങ്ങളുടെ കടുത്ത ആക്രമണം നടന്നു. കരൗളി ജില്ലയിലെ ഹിന്ദൗൻ നഗരത്തിൽ സിറ്റിങ് എം.എൽ.എ ഉൾപ്പെടെ രണ്ടു ദലിത് രാഷ്ട്രീയ നേതാക്കളുടെ വീടിന് മേൽജാതിക്കാർ തീയിട്ടു.
അതേസമയം, മധ്യപ്രദേശിൽ പരിക്കേറ്റ രണ്ടു പേർ കൂടി മരിച്ചതോടെ ബന്ദ് ദിന അക്രമത്തിൽ മരിച്ചവരുടെ എണ്ണം 11ആയി ഉയർന്നു. ഒരാളുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രണ്ടു പൊലീസുകാർക്ക് എതിരെ കേസെടുത്തു. മധ്യപ്രദേശിൽ കൊല്ലപ്പെട്ട എട്ടുപേരിൽ ആറു ദലിതുകളും രണ്ടു മേൽജാതിക്കാരുമാണെന്ന് പൊലീസ് പറഞ്ഞു.
രാജസ്ഥാനിൽ ചൊവ്വാഴ്ച പട്ടികജാതി-വർഗ ഇതര വിഭാഗത്തിൽനിന്നുള്ളവർ പ്രത്യേകിച്ചും ജാദവ് ജാതിയിൽപെട്ടവർ തിങ്ങിപ്പാർക്കുന്ന ദലിത് മേഖലയിലാണ് ആക്രമണം നടന്നത്.
നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചുവെങ്കിലും അത് ലംഘിച്ച് എത്തിയ 5000ത്തോളം വരുന്ന ജനക്കൂട്ടം ഹിന്ദൗൻ മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ ഭരോസിലാൽ ജാദവിെൻറയും ബി.ജെ.പിയുടെ സിറ്റിങ് എം.എൽ.എ രാജ്കുമാരി ജാദവിെൻറയും വീടുകൾക്ക് തീവെക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ ദലിത് ബന്ദിന് എതിരെ അക്രമ സാധ്യതകൾ മുൻകൂട്ടി അറിഞ്ഞിട്ടും വേണ്ടത്ര പൊലീസിനെ സംസ്ഥാന സർക്കാർ നിയോഗിച്ചിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് 45 പേരെ അറസ്റ്റ് ചെയ്തു. മേഖലയിൽ കർഫ്യൂവും പ്രഖ്യാപിച്ചു.
ചുരു, ഗംഗാപുർ എന്നീ പട്ടണങ്ങളിലും സംഘർഷാവസ്ഥയാണ്. ഭാരത് ബന്ദും അക്രമവും ബന്ധപ്പെട്ട് രാജസ്ഥാനിൽ ആകെ ആയിരം പേരെ അറസ്റ്റ് ചയ്തു. എന്നാൽ, കഴിഞ്ഞ ദിവസത്തിൽനിന്ന് ഭിന്നമായി ചെറിയ അനിഷ്ട സംഭവങ്ങൾ മാത്രമാണ് ചൊവ്വാഴ്ച മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ, ഝാർഖണ്ഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.