'ഇതൊരു ഹിന്ദു രാഷ്ട്രമാണ്, ഞങ്ങൾ നിങ്ങളെ തല്ലിക്കൊല്ലും'; ഭയന്നുവിറച്ച് അന്ധനായ അബ്ദുൽ ഹമീദും കുടുംബവും

രാമനവമി, ഹനുമാൻ ജയന്തി എന്നൊക്കെ ​കേൾക്കുമ്പോൾ ഇപ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഒരു വിഭാഗത്തിന് ഭയവും ആശങ്കയുമാണ് തോന്നുന്നത്. ഹിന്ദുത്വ തീവ്രവാദ സംഘടനകൾ ഇതര മതസ്ഥരെ ആക്രമിക്കുന്നതിനുള്ള അവസരമായി ആഘോഷങ്ങളെ മാറ്റിയിരിക്കുന്നു. രാമനവമി ഘോഷയാത്രയുമായി ബന്ധ​പ്പെട്ട് ഏറ്റവും കൂടുതൽ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് മധ്യപ്രദേശിലെ ഖർഗോണിലാണ്. ഇവിടുത്തെ മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളിലൂടെ ഘോഷയാത്രയുടെ പേരിൽ കടന്നുപോയ ഹിന്ദുത്വ തീവ്രവാദികൾ പള്ളികൾക്കുനേരേ ആക്രമം അഴിച്ചുവിട്ടു. ചിലർ പള്ളിയുടെ മിനാരങ്ങളിൽ കയറി കാവി​ക്കൊടി ഉയർത്തി. കടകളും വീടുകളും തല്ലിത്തകർത്തു. അവിടംകൊ​ണ്ടൊന്നും പ്രശ്നം തീർന്നില്ല. ഘോഷയാത്രക്കുനേരെ കല്ലെറിഞ്ഞു എന്നാരോപിച്ച് ജില്ലാ ഭരണകൂടം മുസ്‍ലിം ഭൂരിപക്ഷ പ്രദേശത്തെത്തി നിരവധി വീടുകളും കടകളും ബുൾഡോസർ ഉപയോഗിച്ച് തകർത്തു. ഇപ്പോഴും ഞെട്ടിക്കുന്ന വാർത്തകളാണ് ഇവിടെനിന്നും പുറത്തുവരുന്നത്.

മധ്യപ്രദേശിലെ ഖർഗോണിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള പ്രദേശമാണ് കുക്‌ഡോൽ. ഖർഗോണിലെ താമസക്കാരനായ അബ്ദുൾ ഹമീദ് തനിക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടതിനെ തുടർന്ന് കുക്‌ഡോളിലുള്ള ഭാര്യയുടെ തറവാട്ടു വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഖർഗോണിൽ ആക്രമണം ​പൊട്ടിപ്പുറപ്പെട്ട വിവരം ഒക്കെ അവർ അറിയുന്നുണ്ടായിരുന്നു. കുക്‌ഡോളിൽ അധികവും ഹിന്ദു വീടുകളാണ്. എല്ലാവരും സൗഹാർദത്തിൽ കഴിയുന്നു. എല്ലാവരും പരസ്പരം അറിയുന്നവർ.

ഒരു ദിവസം കൊണ്ടാണ് സ്ഥിതിഗതികൾ ആകെ മാറിയത്. വലിയൊരു സംഘം ആളുകൾ അബ്ദുൽ ഹമീദിന്റെ വീട്ടിലേക്ക് ഇരച്ചുകയറി എല്ലാവരെയും ക്രൂരമായി മർദ്ദിച്ചു. വീട് കൊള്ളയടിച്ചു. ഖർഗോൺ സംഘർഷത്തിന് കാരണമായ മുസ്‍ലിംകളെ വീട്ടിൽ ഒളിച്ചുതാമസിപ്പിച്ചിരിക്കുന്നു എന്ന വാർത്ത അറിഞ്ഞെത്തിയവരായിരുന്നത്രേ അവർ. ഖർഗോണിന്റെ പ്രാന്തപ്രദേശത്ത് മുസ്‍ലിംകൾ അഭയം പ്രാപിച്ചതായി ഒരു പ്രാദേശിക ദിനപത്രത്തിൽ വന്ന വാർത്തയാണ് ഹിന്ദുത്വ തീവ്രവാദികളായ ആൾക്കൂട്ടത്തെ ഹമീദിന്റെ വീട്ടിലേക്ക് നയിച്ചത്. ഏപ്രിൽ 11നാണ് സംഭവം. സംഭവം സമൂഹമാധ്യമങ്ങളിലൂടെ വളരെ വേഗം പ്രചരിച്ചു. ഇതിനെത്തുടർന്ന് രോഷാകുലരായ ജനക്കൂട്ടം കുക്‌ഡോളിലെ ഹമീദിന്റെ വീട്ടിലേക്ക് ഇരച്ചെത്തുകയായിരുന്നു.

ഇത് സംബന്ധിച്ച് 'ഇന്ത്യ ടുഡേ' നൽകിയ റിപ്പോർട്ടിൽനിന്ന്:

ഹിന്ദു ആധിപത്യമുള്ള ഗ്രാമത്തിൽ താമസിക്കുന്ന നാല് മുസ്ലീം കുടുംബങ്ങളിൽ ഒന്നാണ് അബ്ദുൽ ഹമീദിന്റേത്. 'ഇന്ത്യാ ടുഡേ'യോട് സംസാരിച്ച അബ്ദുൽ ഹമീദ് പറഞ്ഞു -"ചൊവ്വാഴ്‌ച, ഞങ്ങൾ കലാപകാരികൾക്ക് അഭയം നൽകിയെന്ന് അവകാശപ്പെട്ട് ആളുകൾ പെട്ടെന്ന് ഞങ്ങളുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി. അവിടെ ആരും ഉണ്ടായിരുന്നില്ല. ഞങ്ങൾ ആർക്കും അഭയം നൽകിയിട്ടില്ല. പക്ഷേ, ഗ്രാമവാസികൾ കേൾക്കാൻ വിസമ്മതിച്ചു. അവർ ഞങ്ങളുടെ വീട് കൊള്ളയടിക്കുകയും ഞങ്ങളെ മർദ്ദിക്കുകയും ചെയ്തു. ഞാൻ അന്ധനാണ്. എനിക്ക് കാഴ്ച നഷ്ടപ്പെട്ടത് മുതൽ, സാമ്പത്തിക ഞെരുക്കം കാരണം എന്റെ ഭാര്യയുടെ വീട്ടിൽ താമസിക്കാൻ ഞാൻ നിർബന്ധിതനായി''.

അബ്ദുൽ ഹമീദിന്റെ മകൻ അബ്ദുൽ മാലികും സംഭവ ദിവസത്തെ അനുഭവങ്ങൾ പങ്കുവെച്ചു. ''അവർ എന്നെ പ്രത്യേകിച്ച് ലക്ഷ്യമിട്ടിരുന്നു. വന്നവരിൽ ചില ആളുകൾ ഞാൻ പലപ്പോഴും എന്റെ ബൈക്കിൽ ലിഫ്റ്റ് നൽകിയവരാണ്. കുടുംബം മുഴുവനും ഇപ്പോൾ കുക്‌ഡോളിൽ നിന്ന് ബന്ധുവിന്റെ വീട്ടിലേക്ക് മാറിയിരിക്കുകയാണ്''. സർക്കാരിൽ നിന്ന് എന്തെങ്കിലും സഹായമുണ്ടോ എന്ന് ചോദിച്ചപ്പോൾ അബ്ദുളിന്റെ ഭാര്യ പറഞ്ഞു -"കല്ലേറ് നടത്തുന്നവരുടെ വീടുകൾ തകർക്കുമെന്ന് നമ്മുടെ ആഭ്യന്തര മന്ത്രി പറഞ്ഞു. ഞങ്ങളുടെ വീട് ആക്രമിക്കപ്പെട്ടു. വാക്ക് പാലിക്കണമെന്നും ഞങ്ങളെ ആക്രമിച്ചവർക്ക് അതേ ശിക്ഷ നൽകണമെന്നും ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കുന്നു''.

കുടുംബം പറയുന്നത് സത്യമാണോ എന്നറിയാൻ 'ഇന്ത്യ ടുഡേ' കലാപകാരികളെയും സമീപിച്ചു. അബ്ദുൽ ഹമീദിന്റെ കുടുംബം സമർപ്പിച്ച പരാതിയിൽ പേരുള്ള ആദ്യത്തെ വ്യക്തി ബൽറാം രജ്പുത് ആണ്. ബൽറാം രജ്പുത് യഥാർത്ഥ കഥ പറഞ്ഞുതരാം എന്ന് അറിയിച്ചു. അയാൾ പറയുന്നു -

''കലാപകാരികളെ ഒരു കുടുംബം സംരക്ഷിക്കുന്നുവെന്ന് ഗ്രാമവാസികൾ അറിഞ്ഞപ്പോൾ ഞങ്ങൾ അത് പരിശോധിക്കാൻ പോയി. പക്ഷേ അവർ ഞങ്ങൾക്ക് നേരെ കല്ലെറിയാൻ തുടങ്ങി''. കലാപകാരികളെ കുടുംബം സംരക്ഷിന്നു എന്ന വിവരം എങ്ങനെ ലഭിച്ചുവെന്ന് ചോദിച്ചപ്പോൾ ബൽറാമും കൂടെയുണ്ടായിരുന്ന മറ്റൊരാളും പറഞ്ഞു - ഞങ്ങൾക്ക് കോളുകൾ ലഭിച്ചു. പക്ഷേ ഞങ്ങൾക്ക് വിവരം നൽകിയവരുടെ പേരുകൾ ഞങ്ങൾക്കറിയില്ല. ഹമീദിന്റെ വീട്ടിൽ മറ്റാരെയും കണ്ടില്ലെന്നും എന്നാൽ അഭയം പ്രാപിച്ചവർ അവിടെനിന്നും രക്ഷപ്പെട്ടതാണെന്നും ബൽറാം പറഞ്ഞു.

അക്രമകാരികളായ ഹിന്ദുത്വ ആൾക്കൂട്ടത്തിൽനിന്നും ഹമീദിനെയും കുടുംബത്തെയും പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു. അബ്ദുൽ ഹമീദ്, മകൻ, ഭാര്യാ സഹോദരൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. വീടും പൂർണമായും തകർത്തു.

അതേസമയം, എഫ്‌.ഐ.ആറിൽ പരാമർശിച്ച 15 പേരിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മഹാദേവ്, ആകാശ്, യശ്വന്ത്, രാകേഷ്, അനിൽ, അഭയ് എന്നിവരാണ് അറസ്റ്റിലായത്. എഫ്‌.ഐ.ആറിൽ പരാമർശിക്കപ്പെട്ടിട്ടും അറസ്റ്റ് ചെയ്യപ്പെടാത്ത ബൽവന്ത് രാജ്പുത് പറയുന്നു -"ഏതെങ്കിലും മുസ്ലീം ഞങ്ങളുടെ ഗ്രാമത്തിൽ ബിസിനസ്സ് ചെയ്യാൻ വന്നാലോ. അവർക്ക് എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ ഞങ്ങളുടെ ഗ്രാമത്തിലേക്ക് വരൂ. ഇതൊരു ഹിന്ദു രാഷ്ട്രമാണ്. ഞങ്ങൾ അവരെ തല്ലിക്കൊല്ലും''. 

Tags:    
News Summary - How fake report led villagers to attack blind Muslim man’s family near Khargone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.