ന്യൂഡൽഹി: ജനതാദൾ-യു എൻ.ഡി.എ വിട്ടതോടെ രാജ്യസഭയിൽ ബി.ജെ.പി പരുങ്ങലിലായി. സുപ്രധാന നിയമനിർമാണങ്ങൾ രാജ്യസഭ കടത്തിവിടണമെങ്കിൽ ബി.ജെ.ഡി, വൈ.എസ്.ആർ കോൺഗ്രസ് തുടങ്ങിയ പാർട്ടികളുടെ സഹായം വേണം. എൻ.ഡി.എ സഖ്യത്തിൽ ചേർന്നിട്ടില്ലെങ്കിലും നിർണായകഘട്ടങ്ങളിൽ ബി.ജെ.പിയെ കൈയയച്ച് സഹായിക്കുന്നവരാണ് ഈ പാർട്ടികൾ.
അവരെ കൂടുതലായി ആശ്രയിക്കേണ്ടിവരുന്നവിധം രാജ്യസഭയിലെ ഭരണപക്ഷ അംഗബലം കുറഞ്ഞു. രാജ്യസഭയിൽ ജെ.ഡി.യുവിന് അഞ്ച് അംഗങ്ങളുണ്ട്. രാജ്യസഭ ഉപാധ്യക്ഷൻ ഹരിവംശും ജെ.ഡി.യുക്കാരനാണ്. പാർട്ടി എൻ.ഡി.എ സഖ്യം വിട്ടതിനാൽ രാജിവെക്കാൻ സമ്മർദമുണ്ടായേക്കും. എന്നാൽ, അത് വകവെക്കാതെ തുടരാൻ തടസ്സമില്ല. 2008ൽ സി.പി.എമ്മിൽനിന്ന് പുറത്താക്കിയെങ്കിലും സോമനാഥ് ചാറ്റർജി ലോക്സഭ സ്പീക്കറായി തുടർന്ന ചരിത്രമുണ്ട്. ലോക്സഭയിൽ ജെ.ഡി.യുവിന് 16 പേരുണ്ട്.
പക്ഷേ, അവരുടെ പിന്തുണ ഇല്ലാതെ ഒറ്റക്കുതന്നെ ലോക്സഭയിൽ ബി.ജെ.പിക്ക് കേവലഭൂരിപക്ഷമുണ്ട്. ബില്ലുകൾ പാസാക്കാൻ പുറംപാർട്ടികളുടെ സഹായം ആവശ്യമില്ല. എന്നാൽ, രാജ്യസഭയിൽ അതല്ല സ്ഥിതി. 245 അംഗ സഭയിൽ ബി.ജെ.പിക്ക് 91 അംഗങ്ങൾ മാത്രം. നാല് എ.ഐ.എ.ഡി.എം.കെ അംഗങ്ങൾ, രണ്ട് സ്വതന്ത്രർ എന്നിവരടക്കം 110 പേരുടെ പിന്തുണയാണുള്ളത്. ഭൂരിപക്ഷത്തിന് 123 അംഗങ്ങൾ വേണം. ഇവിടെയാണ് ബി.ജെ.ഡി, വൈ.എസ്.ആർ കോൺഗ്രസ് എന്നിവയുടെ സഹകരണം വേണ്ടിവരുന്നത്. രണ്ടു പാർട്ടികൾക്കും ഒമ്പത് എം.പിമാർ വീതമുണ്ട്.
പട്ന: ഉപരാഷ്ട്രപതിയാക്കാത്തതിലുള്ള ദേഷ്യത്തിലാണ് ജെ.ഡി.യു നേതാവ് നിതീഷ് കുമാർ ബി.ജെ.പിയുമായുള്ള സഖ്യം വേർപെടുത്തിയതെന്ന് ബി.ജെ.പി നേതാവും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽകുമാർ മോദി. പുതിയ സർക്കാർ കാലാവധി തികക്കില്ല. ആർ.ജെ.ഡി നേതാവ് തേജസ്വിയുമായി ചേർന്ന് നിതീഷ് എങ്ങനെയാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് കാണാനിരിക്കുന്നേയുള്ളൂ.
ലാലു പ്രസാദ് യാദവിന്റെ അനാരോഗ്യം മുതലാക്കി ആർ.ജെ.ഡിയെ പിളർത്താൻ നിതീഷ് ശ്രമിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും എൻ.ഡി.എക്ക് വോട്ടുചെയ്ത ബിഹാറിലെ ജനങ്ങളെയും നിതീഷ് അപമാനിച്ചു. സ്വന്തം പാർട്ടി വഴിയിലുപേക്ഷിച്ച നേതാവാണ് സുശീൽ മോദിയെന്ന് ജെ.ഡി.യു സംസ്ഥാന അധ്യക്ഷൻ രാജീവ് രഞ്ജൻ സിങ് മോദിക്ക് മറുപടിയായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.