ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിന്‍റെ വില വർധിപ്പിച്ചതിൽ കേന്ദ്രത്തിനെതിരെ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരം.
മേയ് ഒന്നുമുതൽ 18 വയസിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ വിതരണം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ പുണെ സെറം ഇൻസ്റ്റിറ്റ്യൂട്ട് വാക്സിൻ ഡോസിന്‍റെ വില പുതുക്കി നിശ്ചയിച്ചിരുന്നു. വാക്സിൻ വിതരണത്തിന്‍റെ േമൽനോട്ട ചുമതല കേന്ദ്രസർക്കാർ കൈയൊഴിഞ്ഞതോടെ വില കൂട്ടി വിൽക്കാനാകുമെന്ന ആരോപണം ശക്തമായി ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് ചിദംബരത്തിന്‍റെ പ്രതികരണം.
18നും 44നും ഇടയിൽ പ്രായമുള്ള എത്രപേർക്ക് കോവിഷീൽഡ് വാക്സിൻ 400 രൂപക്ക് സ്വീകരിക്കാനാകും? -ചിദംബരം ചോദിച്ചു.
'പ്രതീക്ഷിച്ചതുപോലെ, കോവിഷീൽഡ് വാക്സിൻ നൽകുന്നതിന്‍റെ വില സർക്കാർ ആശുപത്രികൾക്ക് 400 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപക്കും നിശ്ചയിച്ചു. സർക്കാർ ആശുപത്രികളിൽ ലഭ്യമാകുന്ന വാക്സിൻ ഡോസിന്‍റെ 400 രൂപ ആര് നൽകും? സംസ്ഥാന സർക്കാരോ ഗുണഭോക്താവോ?. 18നും 44 ഇടയിൽ പ്രായമുള്ള എത്രപേർക്ക് കോവിഷീൽഡ് വാക്സിൻ 400 രൂപക്ക് സ്വീകരിക്കാനാകും? ഗുണഭോക്താവ് ഇതിന്‍റെ ചിലവ് വഹിക്കുമോ? വാക്സിനുകളുടെ വില നൽകാനും ജനങ്ങൾക്ക് സബ്സിഡി നിരക്കിൽ ലഭ്യമാക്കാനും എത്ര സംസ്ഥാനങ്ങൾ തയാറാകും' -പി. ചിദംബരം ട്വീറ്റ് ചെയ്തു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും കഴിഞ്ഞദിവസം വാക്സിൻ വില വർധനക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വാക്സിൻ വിലയിൽ യാതൊരു നിയന്ത്രണവുമില്ലാതെ സർക്കാർ ഇടത്തരക്കാരെ തിരുകികയറ്റിയെന്നായിരുന്നു ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.