റാഞ്ചി: ‘തുംസേ നാ േഹാ പായേഗാ...’(നീ അത്ര മിടുക്കിയല്ല). ആ വാക്കുകൾ ഇപ്പോഴും നല്ല ഓർമയുണ്ട് സോനാഝാരിയ മിൻസിന്. ജീവിതം മാറ്റിമറിച്ചത് ആ മുൻധാരണകളെ തിരുത്തിയെഴുതാനുള്ള വാശിയായിരുന്നു. റാഞ്ചിയിലെ സ്കൂളിൽ പഠിക്കുേമ്പാൾ മാത്സ് അധ്യാപകനാണ് ഗുംല ജില്ലയിലെ ആദിവാസിപ്പെൺകുട്ടിയോട് പഠനമികവിനെക്കുറിച്ച് അത്തരമൊരു വിലയിരുത്തൽ നടത്തിയത്. കണക്കിൽ മികവുകാട്ടിയിട്ടും അതംഗീകരിക്കാൻ കൂട്ടാക്കാതിരുന്ന അധ്യാപകെൻറ നിലപാടിനോട് മാത്സിൽ ഉപരിപഠനം നടത്തി ഉന്നതനേട്ടങ്ങൾ കൊയ്തുതന്നെ മിൻസ് കണക്കുതീർത്തു. ഒടുവിൽ ഝാർഖണ്ഡിലെ സിദോ കൻഹു മുർമു യൂനിവേഴ്സിറ്റിയുടെ (എസ്.കെ.എം.യു) ൈവസ് ചാൻസലറായി ഈ ആദിവാസി വനിത നിയമിതയാകുേമ്പാൾ എല്ലാ കണക്കുകൂട്ടലും തകർത്ത് അതു പുതിയ ചരിത്രമാവുകയാണ്. രാജ്യത്ത് ഒരു സർവകലാശാലയുടെ വൈസ് ചാൻസലറായി നിയമിതയാകുന്ന ആദ്യ പട്ടിക വർഗ വനിതയെന്ന വിശേഷണം ഒറാവോൺ ഗോത്രവിഭാഗക്കാരിയായ മിൻസിന് സ്വന്തം.
‘ആദിവാസിയായതിനാൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എനിക്ക് പ്രവേശനം കിട്ടിയില്ല. അതോടെ, റാഞ്ചിയിലെ ഹിന്ദി മീഡിയം സ്കൂളായ സെൻറ് മാർഗരറ്റ്സിൽ ചേർന്നു. അവിടെ പഠനത്തിൽ ഞാൻ ഒട്ടും മോശമല്ലായിരുന്നു. സ്കൂളിൽ വിദ്യാർഥികളിലും അധ്യാപകരിലും ഭൂരിഭാഗം പേരും പട്ടിക വർഗക്കാരായിരുന്നു. എന്നാൽ, മാത്സ് ടീച്ചർ ഗോത്രവർഗത്തിൽപെട്ടയാളായിരുന്നില്ല. മാത്സ് ആണ് ഞാൻ ഏറ്റവും മികവു കാട്ടുന്ന വിഷയമെന്ന് അേദ്ദഹത്തിനറിയാമായിരുന്നു. മാത്സിൽ മൂന്നു തവണ ഞാൻ നൂറിൽ നൂറു മാർക്കും നേടി. എന്നിട്ടും അദ്ദേഹം എന്നോട് പറഞ്ഞത് നീ ഡിഗ്രിക്ക് മാത്സ് എടുക്കരുതെന്നായിരുന്നു. മാത്സിൽ ഞാൻ കേമിയല്ല എന്നായിരുന്നു അങ്ങേരുടെ നിരീക്ഷണം. അദ്ദേഹത്തിെൻറ ഇകഴ്ത്തൽ എന്നിൽ വാശിയേറ്റി. ഡിഗ്രിക്ക് മാത്സ് എടുക്കാൻ തന്നെയായിരുന്നു തീരുമാനം’ -സോനാഝാരിയ മിൻസ് ‘ടെലിഗ്രാഫ്’ പത്രത്തോട് പറഞ്ഞു.
മാത്സിനൊപ്പം കമ്പ്യൂട്ടറും
ചെന്നൈയിലെ വുമൺസ് ക്രിസ്റ്റ്യൻ കോളജിലായിരുന്നു മാത്സിൽ ഡിഗ്രി പഠനം. മാത്തമാറ്റിക്സിൽ എം.എസ്.സി പഠനം മദ്രാസ് ക്രിസ്റ്റ്യൻ കോളജിൽ. ഡൽഹി ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിൽനിന്ന് കമ്പ്യൂട്ടർ സയൻസിൽ പി.എച്ച്.ഡി നേടി. ജെ.എൻ.യുവിൽ കമ്പ്യൂട്ടർ ആൻഡ് സിസ്റ്റം സയൻസസ് പ്രൊഫസറായിരിക്കേയാണ് വി.സിയായി നിയമിതയാകുന്നത്.
ലോക്ഡൗണിനുമുമ്പ് ഡൽഹിയിൽനിന്ന് റാഞ്ചിയിലെ വീട്ടിലേക്കുവന്ന മിൻസ് പിന്നീട് അവിടെ കുടുങ്ങുകയായിരുന്നു. റാഞ്ചിയിൽനിന്ന് തിരിച്ച് ഡൽഹിയിലേക്ക് പോകാൻ ഒരുങ്ങവേയാണ് എസ്.കെ.എം.യു വിസിയായി നിയമിച്ച് ഝാർഖണ്ഡ് ഗവർണറുടെ അറിയിപ്പ് ലഭിക്കുന്നത്. ലോക്ഡൗണിൽ റാഞ്ചിയിൽ കുടുങ്ങിയ സമയത്താണ് വി.സി നിയമനത്തിന് അപേക്ഷ അയച്ചതെന്ന് അവർ പറഞ്ഞു. റാഞ്ചിയിലെ ഗോസ്നർ കോളജ് സ്ഥാപിച്ച ലുഥറൻ ബിഷപ് എമെറിറ്റസ് നിർമൽ മെയിൻസിെൻറ മകളാണ് സോനാഝാരിയ. ഒറാവോൻ വിഭാഗക്കാരുടെ ഭാഷയായ കുടുഖ് പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന നിർമൽ മിൻസിന് 2016ൽ ഭാഷാ സമ്മാൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ജെ.എൻ.യുവിലെ കല്ലേറിലും തളരാതെ
കമ്പ്യൂട്ടർ പഠനം സാർവത്രികമല്ലാതിരുന്ന കാലത്ത് 1986ൽ ജെ.എൻ.യുവിൽ കമ്പ്യൂട്ടർ പഠനത്തിന് ചേർന്നത് മാത്സിൽനിന്ന് കമ്പ്യൂട്ടറിലേക്കുള്ള മാറ്റമെന്ന വെല്ലുവിളി സ്വീകരിക്കുന്നതിനൊപ്പം ജെ.എൻ.യുവിൽ പഠിക്കാനുള്ള അതീവ താൽപര്യവും കൊണ്ടാണെന്ന് സോനാഝാരിയ പറയുന്നു. പഠനം കഴിഞ്ഞ് ഭോപ്പാലിലും മധുരയിലും കുറച്ചുനാൾ അധ്യാപക ജോലി നോക്കിയശേഷം 1992ൽ മിൻസിന് ജെ.എൻ.യുവിൽ അധ്യാപികയായി നിയമനം ലഭിച്ചു. എസ്.കെ.എം.യുവിൽ ൈവസ് ചാൻസലർ പദവിയിൽ മൂന്നു വർഷം പൂർത്തീകരിച്ചശേഷം ജെ.എൻ.യുവിൽ അധ്യാപികയായി തിരിച്ചെത്താനുള്ള ആഗ്രഹവും അവർ തുറന്നുപറയുന്നു.
തന്നിൽനിന്ന് പ്രചോദനമുൾക്കൊണ്ട് ഒട്ടേറെ ആദിവാസി ഉദ്യോഗാർഥികൾ ജെ.എൻ.യുവിലും ഡൽഹി യൂനിവേഴ്സിറ്റിയിലും കഴിഞ്ഞ വർഷങ്ങളിൽ നിയമനം നേടിയതായി മിൻസ് സാക്ഷ്യപ്പെടുത്തുന്നു. 2018-19ൽ ജെ.എൻ.യു ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറായിരുന്നു അവർ. അക്കാലത്ത് സീറ്റുകൾ വെട്ടിക്കുറക്കുന്നതിനും ഓൺലൈൻ പ്രവേശന പരീക്ഷക്കും നിർബന്ധിത അറ്റൻഡൻസിനുമെതിരെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് സംയുക്ത സമരം നടത്തി. ഈ വർഷം ജനുവരിയിൽ കാമ്പസിൽ കയറി ഫാഷിസ്റ്റ് ശക്തികൾ നടത്തിയ അക്രമത്തിൽ കല്ലേറുകൊണ്ട് മിൻസിന് പരിക്കുപറ്റിയിരുന്നു. സത്യത്തിനും നീതിക്കുമൊപ്പമാണ് അധികൃതർ നിലയുറപ്പിക്കേണ്ടതെന്ന് ശക്തമായി വാദിക്കുന്ന ഈ അധ്യാപിക ലോക്ഡൗൺ കാലത്ത് അന്തർ സംസ്ഥാന തൊഴിലാളികൾ േനരിടുന്ന പ്രശ്നങ്ങളിലും ഇടപെട്ടിരുന്നു.
ഝാർഖണ്ഡിെൻറ രണ്ടാം തലസ്ഥാനം എന്നറിയപ്പെടുന്ന ഡുംകയിലാണ് എസ്.കെ.എം.യു യൂനിവേഴ്സിറ്റി ആസ്ഥാനം. 1992ൽ സിദ്ധു കൻഹു യൂനിവേഴ്സിറ്റി എന്ന പേരിൽ സ്ഥാപിതമായ സർവകലാശാല പിന്നീട് സിദോ കൻഹു മുർമു യൂനിവേഴ്സിറ്റി എന്ന് പേരു മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.