സോഹ്ന പള്ളി ആക്രമണത്തിനിടെ 30 മുസ്‍ലിംകൾക്ക് കാവലായി സിഖ് വിശ്വാസികൾ

സോഹ്ന പള്ളി ആക്രമണത്തിനിടെ 30 മുസ്‍ലിംകൾക്ക് കാവലായി സിഖ് വിശ്വാസികൾ

ഗുരുഗ്രാം: വർഗീയ കലാപം ശക്തമായതിന് പിന്നാലെ സോഹ്നയിലെ മുസ്ലിം പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ മുപ്പതോളം ഇസ്‍ലാംമത വിശ്വാസികൾക്ക് കാവലായത് സിഖ് മതസ്ഥർ. സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ചൊവ്വാഴ്ചയാണ് തീവ്ര ഹിന്ദുത്വവാദികളുടെ നൂറോളം പേരടങ്ങുന്ന സംഘം സോഹ്നയിലെ മുസ്ലിം പള്ളി ആക്രമിച്ചത്. ഇമാമും കുടുംബവും, പന്ത്രണ്ടോളം കുട്ടികളുമടങ്ങുന്ന സംഘവുമായിരുന്നു അക്രമം നടക്കുന്ന സമയത്ത് പള്ളിയിലുണ്ടായിരുന്നത്.

Full View


സോഹ്നയിലെ ഷാഹി മസ്ജിദ് കോമ്പൗണ്ടിൽ നിരവധി കുടുംബങ്ങൾ താമസിക്കുകയും കുട്ടികൾ പഠിക്കുകയും ചെയ്യുന്നുണ്ട്. പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ കണ്ടാലറിയാവുന്ന ചിലർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. പ്രദേശത്ത് പുതിയ സംഘർഷമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സമാധാനാന്തരീക്ഷമാണെന്നും പൊലീസ് അറിയിച്ച് മണിക്കൂറുകൾക്കുള്ളിലായിരുന്നു ആക്രമമെന്ന് ഷാഹി മസ്ജിദ് ഇമാമായ കലീം പറഞ്ഞു.

"ഞങ്ങളെല്ലാവരും ഭയത്തോടെയിരിക്കുമ്പോഴാണ് പൊലീസ് മാർച്ച് നടത്തി പ്രദേശത്ത് പുതിയ സംഘർഷം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അറിയിച്ചത്. അതോടെയാണ് ചെറുതായെങ്കിലും ആശ്വാസമായത്. എല്ലാവരും അവരവരുടെ ജോലികളിൽ മുഴുകി ഏകദേശം ഉച്ച 2.45ഓടെ പുറത്ത് വെടിയൊച്ചകൾ കേൾക്കാൻ തുടങ്ങി. പുറത്തിറങ്ങി നോക്കുമ്പോൾ ഞങ്ങൾക്ക് നേരെ തോക്കും വടിയും മറ്റ് ആയുധങ്ങളുമായി ഓടിയെത്തുന്ന ആൾക്കൂട്ടത്തെയാണ് കണ്ടത്" കലീം പറയുന്നു.

അക്രമികൾ പള്ളിക്കുള്ളിൽ അതിക്രമിച്ച് കയറുകയും വസ്തുക്കൾ അടിച്ച് തകർക്കുകയുമായിരുന്നു. അക്രമികൾ എത്തി പത്ത് മിനിറ്റിനുള്ളിൽ തന്നെ പൊലീസും സിഖ് വിഭാഗക്കാരും സ്ഥലത്തെത്തിയതായി രക്ഷപ്പെട്ടവർ പറഞ്ഞു. ഇമാമും മുപ്പതോളം പേരും പള്ളിക്കുള്ളിലെ മുറിയിൽ ഒളിക്കുകയായിരുന്നു. അക്രമികൾ മുറിക്കടുത്തേക്ക് എത്തുന്നതിനിടെയാണ് പ്രദേശവാസികൾ രക്ഷക്കായി എത്തിയതെന്നും അവർ ഓർത്തെടുക്കുന്നു.

പ്രദേശവാസികളിൽ നിന്നും ഫോൺ സന്ദേശം ലഭിച്ചപ്പോഴാണ് വിവരമറിഞ്ഞതെന്നും ഉടനെ പള്ളിയിലേക്ക് എത്തുകയായിരുന്നുവെന്നും പ്രദേശവാസിയായ ഗുഡ്ഡു സിംഗ് പറഞ്ഞു. പന്ത്രണ്ടോളം പൊലീസുകാർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ആക്രമികൾ ഏതാണ്ട് നൂറിലധികം ഉണ്ടായിരുന്നുവെന്നും ഗുഡ്ഡു സിംഗ് പറഞ്ഞു.

ആക്രമികൾ പള്ളി പൊളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ പള്ളിക്ക് സമീപമുള്ള റെസിഡൻഷ്യൽ ക്വാർട്ടേഴ്സിലേക്ക് പോകുകയും പള്ളിക്കുള്ളിൽ അകപ്പെട്ടവരെ രക്ഷിക്കുകയുമായിരുന്നു. മുറിക്കുള്ളിൽ നിരവധി കുട്ടികളും സ്ത്രീകളും ഉണ്ടായിരുന്നു. ആദ്യം കുട്ടികളെ രക്ഷപ്പെടുത്തി വാനിൽ ക‍യറ്റി. പിന്നീട് സ്ത്രീകളെ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും ഗുഡ്ഡു സിംഗ് പറഞ്ഞു.

ഗ്രാമമുഖ്യനായ ഗുർചരൺ സിംഗും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തിരുന്നു. "ആർക്കും പ്രയാസമോ ദോഷമോ ഉണ്ടാക്കുന്ന ഒരു വിഷയത്തിലും ഇടപെടാനോ മറ്റൊരു വിഭാഗത്തിനെ ദ്രോഹിക്കാനോ ഞങ്ങൾക്ക് താത്പര്യമില്ല. ഇവിടെ ഞങ്ങൾ ഇടപെട്ടത് നിരവധി പേരുടെ ജീവൻ അപകടത്തിലായതിനാലാണ്. ഞങ്ങളുടെയാളുകൾ എല്ലാവരെയും കൃത്യസമയത്ത് രക്ഷപ്പെടുത്തി" ഗുർചരൺ സിംഗ് പറഞ്ഞു.

അതേസമയം പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടെന്നും ആർക്കും സംഭവത്തിൽ പരിക്കേറ്റിട്ടില്ലെന്നും പൊലീസ് അറിയിച്ചു.  

Tags:    
News Summary - How sikh community became the life savers during Shahi masjid in Sohna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.