ആനന്ദപുരം: മൂന്ന് സംസ്ഥാനങ്ങളിലെ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കർണാടക പര്യടനം പൂർത്തിയാക്കി ആന്ധ്രപ്രദേശിലേക്ക് കടന്നു. കർഷകരെ നേരിൽ കണ്ട് അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞും പരാതികളും സങ്കടങ്ങളും കേട്ടുമായിരുന്നു കർണാടകത്തിലൂടെയുള്ള രാഹുലിന്റെ പദയാത്ര.
ഇന്ന് രാവിലെ കർണാടക ചിത്രദുർഗ ജില്ലയിലെ രാംപുരയിൽ നിന്നാണ് പദയാത്ര പര്യടനം ആരംഭിച്ചത്. തുടർന്ന് 10 മണിയോടെ ആന്ധ്രയിൽ പ്രവേശിച്ച യാത്ര ആനന്ദപുരത്തെ ജാജിറക്കല്ല് ടോൾ പ്ലാസയിൽ വിശ്രമത്തിനായി നിർത്തി. തുടർന്ന് വൈകീട്ട് 4.30ന് പുനരാരംഭിച്ച പദയാത്ര ഒബാലപുരം ഗ്രാമത്തിൽ അവസാനിപ്പിക്കും. ബെള്ളാരിയിലെ ഹാലകുന്ദി മഠത്തിന് സമീപമാണ് രാത്രി വിശ്രമം.
പദയാത്രയുടെ ഭാഗമായി ബെള്ളാരിയിൽ വൻ റാലി കോൺഗ്രസ് സംഘടിപ്പിക്കുന്നുണ്ട്. രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും പുറമെ, കർണാടക നേതാക്കളും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്, ഛത്തിസ്ഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ തുടങ്ങിയ ദേശീയ നേതാക്കളും പങ്കെടുക്കും.
കന്യാകുമാരിയിൽ നിന്നാരംഭിച്ച ഭാരത് ജോഡോ യാത്രയുടെ 37-ാം ദിനത്തിലാണ് 1,000 കിലോമീറ്റർ പിന്നിട്ടാണ് കല്യാണ കർണാടക (ഹൈദരാബാദ്-കർണാടക) മേഖലയിലെ ബെള്ളാരി നഗരത്തിൽ പ്രവേശിച്ചത്.
കോൺഗ്രസിന്റെ പഴയ തട്ടകം കൂടിയായ ബെള്ളാരി കർണാടക രാഷ്ട്രീയത്തിൽ ഏറെ സ്വാധീനം ചെലുത്തിയ മേഖലകൂടിയാണ്. അന്തരിച്ച ബി.ജെ.പി നേതാവ് സുഷമ സ്വരാജിനെ സോണിയ ഗാന്ധി ലോക്സഭ തെരഞ്ഞെടുപ്പിൽ നേരിട്ട മണ്ഡലമാണ് ബെള്ളാരി.
2008ലെ കർണാടകയിൽ ആദ്യമായി അധികാരത്തിലേറിയ ബി.ജെ.പി സർക്കാർ കുപ്രസിദ്ധമായ ഖനി അഴിമതിയിലടക്കം മുങ്ങിക്കുളിച്ചപ്പോൾ 'ചലോ ബെള്ളാരി' പദയാത്ര നയിച്ച് സിദ്ധരാമയ്യ 2013ൽ കോൺഗ്രസിനെ അധികാരത്തിൽ തിരിച്ചു കൊണ്ടുവന്ന ചരിത്രവും ബെള്ളാരിയുടെ ഓർമയിലുണ്ട്. ജനാർദന റെഡ്ഡിയും സഹോദരന്മാരും തീർത്ത ബി.ജെ.പി സ്വാധീനത്തിൽ നിന്ന് 30 നിയമസഭ മണ്ഡലങ്ങളുള്ള ബെള്ളാരിയെ തിരിച്ചു പിടിക്കുക എന്ന ലക്ഷ്യം കോൺഗ്രസിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.