ലളിത്പൂർ: ഉത്തർപ്രദേശിലെ ലളിത്പൂരിൽ ഭാര്യയുടെ സഹോദരിയെ വിവാഹം ചെയ്യാനായി യുവാവ് ഭാര്യയെയും മകളെയും ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊന്നു. 22കാരിയായ ഭാര്യയെയും ഒരു വയസ്സുകാരിയായ മകളെയും കൊലപ്പെടുത്തിയ ഇയാൾ വ്യാജ മോഷണ കഥ പറഞ്ഞ് പൊലീസിനെ തെറ്റിധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
ലളിത്പൂരിലെ ചന്ദമാരി ഗ്രാമത്തിലാണ് സംഭവം. പ്രതി നീരജ് കുഷ്വാഹയെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹങ്ങൾ വീടിനരികിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മുഖംമൂടിധാരികളായ ആറുപേർ പുലർച്ചെ ഒന്നരയോടെ വീട്ടിൽ അതിക്രമിച്ച് കയറി തന്‍റെ ഭാര്യയെയും മകളെയും കൊന്നുവെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയത്. തന്‍റെ വായിൽ തുണി തിരുകിയ ശേഷം മോഷണ സംഘം പണവും ആഭരണങ്ങളുമായി കടന്നു കളഞ്ഞതായും നീരജ് പൊലീസിനോട് പറഞ്ഞു.
വ്യാജ പരിക്കുകളോടെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. മൊഴിയിൽ വൈരുധ്യം തോന്നിയ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
‘എന്‍റെ ഭാര്യ സുന്ദരിയാണ്. ഇൻസ്റ്റഗ്രാമിൽ റീൽസൊക്കെ ചെയ്യാറുണ്ടായിരുന്നു. സോഷ്യൽ മീഡിയയിലൂടെ ആളുകളുമായി ബന്ധപ്പെടുന്നതും സംസാരിക്കുന്നതും പതിവായിരുന്നു. എനിക്കവളെ ഉപേക്ഷിക്കണമെന്നായിരുന്നു ആഗ്രഹം. എന്നിട്ട് അവളുടെ സഹോദരിയെ വിവാഹം കഴിക്കണമെന്നായിരുന്നു താൽപര്യം. അത് സമ്മതിക്കാതിരുന്നതിനെ തുടർന്നാണ് ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ച് കൊന്നത്’ -പ്രതി പൊലീസിനോട് പറഞ്ഞു.
തന്നെ സംശയിക്കാതിരിക്കാനാണ് മോഷണക്കഥയുണ്ടാക്കിയതെന്ന് ഇയാൾ സമ്മതിച്ചു. നുണക്കഥ ആളുകളെ വിശ്വസിപ്പിക്കാനായി പ്രതി വീട്ടുസാമഗ്രികൾ നശിപ്പിക്കുകയും ആഭരണങ്ങൾ ഒളിപ്പിച്ച് വെക്കുകയും ചെയ്തു. ഈ കള്ളക്കളിയെല്ലാം പൊളിച്ച് പ്രതിയെ വിദഗ്ധമായി കണ്ടുപിടിച്ച അന്വേഷണ സംഘത്തിന് 25000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.