ഹൈദരാബാദ്: വെറ്ററിനറി ഡോക്ടർ 25കാരിയായ ‘ദിശ’യെ ബലാത്സംഗക്കൊലക്ക് ഇരയാക്കിയ പ്രതികളെ വെടിവെച്ചുകൊന്ന സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ അന്വേഷണം തുടങ്ങി. പ്രതികളുടെ പോസ്റ്റ്മോർട്ടം നടത്തിയ മെഹ്ബൂബ് നഗർ ഗവ. ആശുപത്രിയിൽ എത്തിയ മനുഷ്യാവകാശ കമീഷെൻറ വസ്തുതാന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. യുവതി ബലാത്സംഗത്തിനിരയായ ചത്തൻപള്ളി ഗ്രാമത്തിലെ ടോൾ പ്ലാസക്കടുത്ത സ്ഥലം ഏഴംഗ സംഘം സന്ദർശിച്ചു.
െമഹബൂബ് നഗർ സർക്കാർ ആശുപത്രി മോർച്ചറിയിൽ നടന്ന പോസ്റ്റ്മോർട്ടം വിഡിയോയിൽ പകർത്തിയിട്ടുണ്ട്. ഡിസംബർ ഒമ്പതിന് രാത്രി എട്ടുമണി വരെ പ്രതികളുടെ മൃതദേഹം സൂക്ഷിക്കണമെന്ന് തെലങ്കാന ഹൈകോടതി നിർദേശിച്ചിരുന്നു. ഭരണകൂട കൊലപാതകമെന്ന ആക്ഷേപം ശക്തമായതോടെയാണ് കോടതിയുടെ ഇടപെടൽ. വിഡിയോയിൽ പകർത്തിയ പോസ്റ്റ്മോർട്ടത്തിെൻറ ദൃശ്യങ്ങൾ ഹൈകോടതിയിലെ രജിസ്ട്രാർ ജനറലിന് കൈമാറാനും കോടതി നിർദേശിച്ചിരുന്നു.
അതേസമയം, പ്രതികളെ വെടിവെച്ചുകൊല്ലാനുണ്ടായ സാഹചര്യത്തിെൻറ നിജസ്ഥിതി നേരിട്ട് അറിയാനാണ് തങ്ങളുടെ നേരിട്ടുള്ള സന്ദർശനമെന്ന് ദേശീയ മനുഷ്യാവകാശ കമീഷൻ അംഗങ്ങൾ വ്യക്തമാക്കി. വിവിധ തലങ്ങളിൽനിന്നുള്ള അന്വേഷണ നടപടികൾ തുടങ്ങിയതോടെ, ഇന്ത്യൻ ആയുധ നിയമപ്രകാരം പൊലീസും കേസ് രജിസ്റ്റർ ചെയ്തു. കൊലപാതക ശ്രമത്തിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളുടെ കല്ലും വടിയും ഉപയോഗിച്ചുള്ള ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റതായി പൊലീസ് ആവർത്തിച്ചു.
വ്യാജ ഏറ്റുമുട്ടലിനെതിരെ സുപ്രീംകോടതിയിലും ഹരജികൾ
ന്യൂഡൽഹി: തെലങ്കാനയിൽ ബലാത്സംഗക്കൊല കേസിലെ പ്രതികളെ വെടിവെച്ചുകൊന്ന സംഭവത്തിൽ അന്വേഷണവും, ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടിയും ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജികൾ. നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് ഹരജികളിൽ ബോധിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, തെലങ്കാന ചീഫ് സെക്രട്ടറി, ഡി.ജി.പി, സൈബറാബാദ് പൊലീസ് കമീഷണർ സജ്ജനാർ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹരജികൾ.
സുപ്രീംകോടതി അഭിഭാഷകൻ മേനാഹർ ലാൽ ശർമ, ജി.എസ് മണി, പ്രദീപ്കുമാർ യാദവ് എന്നിവരാണ് ഹരജികൾ നൽകിയത്. െകാലക്ക് ശേഷം നടത്തിയ വാർത്തസമ്മേളനത്തിലെ സജ്ജനാറുടെ ശരീര ഭാഷ അദ്ദേഹത്തിന് ഒട്ടും കുറ്റബോധമില്ലെന്ന് തെളിയിക്കുന്നതാണെന്ന് കുറ്റപ്പെടുത്തി. റിട്ട. സുപ്രീംകോടതി ജഡ്ജിമാർ അടങ്ങുന്ന പ്രത്യേക അന്വേഷണസമിതിയെ നിയോഗിക്കണമെന്നാണ് അഡ്വ. മനോഹർ ലാൽ ശർമയുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.