ബോളിവുഡിൽ വിജയിച്ച തനിക്ക് രാഷ്ട്രീയ രംഗത്തും വിജയം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് ഹിമാചൽ പ്രദേശിലെ മാണ്ഡി മണ്ഡലത്തിൽനിന്ന് ജനവിധി തേടുന്ന ബി.ജെ.പി സ്ഥാനാർഥിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്ത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നാമനിർദേശ പത്രിക സമർപ്പിച്ച ശേഷമായിരുന്നു കങ്കണയുടെ പ്രതികരണം.
‘മാണ്ഡി ലോക്‌സഭ സീറ്റിൽനിന്ന് മത്സരിക്കാൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മാണ്ഡിയിൽനിന്ന് മത്സരിക്കാൻ അവസരം ലഭിച്ചത് അഭിമാനകരമായ കാര്യമാണ്. ബോളിവുഡിൽ വിജയിച്ച എനിക്ക് രാഷ്ട്രീയത്തിലും വിജയം ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്’ -നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ കങ്കണ പറഞ്ഞു.
ഹിമാചലിന്റെ പരമ്പരാഗത തൊപ്പിയണിഞ്ഞെത്തിയ കങ്കണക്കൊപ്പം മാതാവ് ആശ റണാവത്ത്, സഹോദരി രംഗോലി ചണ്ഡേൽ എന്നിവരും എത്തിയിരുന്നു. കങ്കണ ഉറപ്പായും വിജയിക്കുമെന്ന് മാതാവ് പറഞ്ഞു.
സിനിമകൾ തുടർച്ചയായി പരാജയമാകുന്നതാണ് കങ്കണയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നിലെന്ന പരിഹാസം ഉയർന്നിരുന്നു. ഇതിന് മറുപടിയുമായി താരം രംഗത്തെത്തുകയും ചെയ്തു. 'പരാജയം നേരിടാത്ത ഒരു അഭിനേതാവും ഈ ലോകത്തില്ല. പത്ത് വർഷം മുമ്പ് ഷാറൂഖ് ഖാൻ ചിത്രങ്ങൾ ബോക്സോഫിസിൽ പരാജയപ്പെട്ടിരുന്നു. ക്വീൻ സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് ഏഴ്, എട്ട് വർഷം എന്റെ ഒരു സിനിമ പോലും വിജയിച്ചില്ല. എന്നാൽ അതിന് ശേഷം കുറച്ച് നല്ല സിനിമകൾ ലഭിച്ചു. മണികർണിക തിയറ്ററുകളിൽ ശ്രദ്ധിക്കപ്പെട്ടു. ഇനി വരാൻ പോകുന്ന എമർജൻസി വിജയിച്ചേക്കാം. ഒ.ടി.ടി സജീവമായതോടെ അഭിനേതാക്കൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ കൂടുതൽ അവസരം ലഭിക്കുന്നുണ്ടെങ്കിലും താരങ്ങളെ സൃഷ്ടിക്കുന്നില്ല. ഞാനും ഷാറൂഖും താരങ്ങളുടെ അവസാന തലമുറയാണ്. ദൈവത്തിന്റെ കൃപയാൽ ഞങ്ങളെ ബിഗ് സ്ക്രീനിൽ കാണാൻ ആളുകൾ ആഗ്രഹിക്കുന്നു. പക്ഷേ, കലാരംഗത്ത് മുഴുകുന്നതിനേക്കാൾ പുറംലോകത്ത് സജീവമാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്' -എന്നിങ്ങനെയായിരുന്നു കങ്കണയുടെ മറുപടി.
കങ്കണയുടെ അവസാനം പുറത്തിറങ്ങിയ തേജസ്, ധാക്കഡ്, തലൈവി എന്നിവ ബോക്സോഫിസിൽ വൻ പരാജയമായിരുന്നു. ജൂലൈ 14ന് തിയറ്ററുകളിലെത്തുന്ന ‘എമർജൻസി’യാണ് അടുത്തതായി പുറത്തിറങ്ങുന്ന ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.