രാജ്യസഭയിൽ എനിക്കിഷ്ടമുള്ളപ്പോൾ പോകാനും വരാനും സ്വാതന്ത്ര്യമുണ്ട്- ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്

ന്യൂഡൽഹി: തന്‍റെ വിവാദമായ രാജ്യസഭ പ്രവേശനത്തെ ന്യായീകരിച്ച് മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിച്ചതിനുശേഷം രഞ്ജൻ ഗൊഗോയ് നാല് മാസത്തിനുള്ളിൽ രാജ്യസഭ അംഗമായത് അന്ന് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

തനിക്ക് രാജ്യസഭയിൽ അംഗമാകുന്നതിന് ക്ഷണം ലഭിച്ചപ്പോൾ യാതൊരുമടിയും കൂടാതെയാണ് സ്വീകരിച്ചതെന്ന് ഓർമക്കുറിപ്പിൽ ഗൊഗൊയ് എഴുതുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾ രാജ്യസഭയിൽ ഉയർത്തുന്നതിനുള്ള അവസരമായാണ് താനിതിനെ കണ്ടതെന്നും പുസ്തകത്തിൽ അദ്ദേഹം പരാമർശിക്കുന്നുണ്ട്.

ഒരു വർഷത്തോളമായി രാജ്യസഭ മെമ്പറാണ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. എന്നാൽ 10 ശതമാനം ഹാജർ മാത്രമാണ് അദ്ദേഹത്തിന് രാജ്യസഭയിൽ ‍ഉള്ളത് എന്നതാണ് വാസ്തവം. കോവിഡ് സാഹചര്യമാണ് തനിക്ക് രാജ്യസഭയിൽ ഹാജർനില കുറവായതിന് കാരണമായി ഗൊഗൊയ് ചൂണ്ടിക്കാട്ടുന്നത്.

'ആരോഗ്യപരമായ കാരണങ്ങളാലാണ് രാജ്യസഭയിൽ ഹാജരാകാതിരുന്നത്. ഇക്കാര്യം വിശദീകരിച്ചുകൊണ്ട് കത്ത് നൽകിയിരുന്നു.' ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

'എനിക്ക് പോകണമെന്ന് തോന്നുമ്പോൾ രാജ്യസഭയിൽ പോകും. ഞാൻ സംസാരിക്കേണ്ട അത്രയും ഗൗരവതരമായ വിഷയങ്ങൾ ഉണ്ടാകുമ്പോൾ ഞാൻ പോകും'- ജസ്റ്റിസ് ഗൊഗൊയ് പറഞ്ഞു.

'ഞാൻ നോമിനേറ്റഡ് മെമ്പറാണ്. പാർട്ടി മെമ്പർമാരുടേതുപോലെ മണി മുഴങ്ങുമ്പോഴെല്ലാം ഞാൻ അവിടെ പോയി ഇരിക്കേണ്ടതില്ല. എനിക്കിഷ്ടമുള്ളപ്പോൾ പോകാനും എനിക്കിഷ്ടമുള്ളപ്പോൾ വരാനും കഴിയും. ഞാൻ സഭയിലെ സ്വതന്ത്ര അംഗമാണ്.' - ജസ്റ്റിസ് പറഞ്ഞു.

കേന്ദ്രസർക്കാറിന്‍റെ പ്രത്യേക താൽപര്യപ്രകാരം പ്രസിഡന്‍റ് ഓഫ് ഇന്ത്യയാണ് രഞ്ജൻ ഗൊഗൊയിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്.

Tags:    
News Summary - Go When I Feel Like- Justice Gogoi On Rajya Sabha Attendance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.