ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം എം.പി ശശി തരൂരിന് സിനിമാ മേഖലയിൽ നിന്നൊരു പിന്തുണ. തെന്നിന്ത്യൻ നടി മീരാ ചോപ്രയാണ് പിന്തുണ നൽകി രംഗത്തെത്തിയത്. തനിക്ക് ഇയാളെ ശരിക്ക് ഇഷ്ടമായി എന്ന ശീർഷകത്തോടെ എ.ബി.പി ന്യൂസ് നടത്തിയ ഇന്റർവ്യൂ പങ്കുവച്ചാണ് നടി തരൂരിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
ഇന്നുച്ചയ്ക്കാണ് തരൂർ കോൺഗ്രസ് ആസ്ഥാനത്തെത്തി പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചത്. നിരവധി പ്രവർത്തകരുടെ അകമ്പടിയോടെയാണ് അദ്ദേഹം കോൺഗ്രസ് ആസ്ഥാനത്തെത്തിയത്. ബോളിവുഡ് നടിമാരായ പ്രിയങ്ക ചോപ്രയുടെയും പരിനീതി ചോപ്രയുടെയും ബന്ധുവാണ് മീര. 2005ൽ 'അൻപെ ആരുയിരെ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഇവർ സിനിമയിൽ അരങ്ങേറിയത്. വിക്രം ഭട്ടിന്റെ 1920: ലണ്ടൻ, സതീശ് കൗശികിന്റെ ഗാങ് ഓഫ് ഘോസ്റ്റ്‌സ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. അർജുൻ രാംപാൽ നായകനായ നാസ്തികാണ് പുറത്തിറങ്ങാനുള്ള ചിത്രം.
I really like this guy @ShashiTharoor totally rooting fr him.
— Meera Chopra (@MeerraChopra) September 30, 2022
Good interview @AshishSinghLIVE https://t.co/OGTvLDzuSX
അതിനിടെ, കോൺഗ്രസ് പാർട്ടിയെ മുമ്പോട്ടു നയിക്കാനുള്ള നയരേഖ തന്റെ പക്കലുണ്ടെന്നും ഹൈക്കമാൻഡ് സംസ്‌കാരം അവസാനിപ്പിക്കേണ്ട സമയമായെന്നും ശശി തരൂർ പറഞ്ഞു. നാമനിർദേശ പത്രികാ സമർപ്പണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'തൽസ്ഥിതി തുടരണമെന്ന് ആഗ്രഹിക്കുന്നവർ എനിക്കു വേണ്ടി വോട്ടു ചെയ്യില്ല. ഞാൻ മാറ്റത്തെയും വ്യത്യസ്ത സമീപനത്തെയും പ്രതിനിധീകരിക്കുന്നു. പാർട്ടിയെ മുമ്പോട്ടു കൊണ്ടുപോകാനുള്ള കാഴ്ചപ്പാടിനെ പ്രതിനിധീകരിക്കുന്നു. ചരിത്രത്തിൽ പാർട്ടിക്ക് ധാരാളം വിജയകഥകളുണ്ട്. കുറച്ചുവർഷങ്ങളായി തിരിച്ചടികളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്.' - അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.