റായ്പൂർ: നാഷനൽ ഹെറാൾഡ് അഴിമതിക്കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ചോദ്യം ചെയ്തതിനെതിരെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഘേൽ രംഗത്ത്. പ്രതിപക്ഷ പാർട്ടികൾക്കെതിരെ ബി.ജെ.പി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച ബാഘേൽ, ബി.ജെ.പി സർക്കാരിന് ധൈര്യമുണ്ടെങ്കിൽ ഇ.ഡി ചോദ്യം ചെയ്യുന്ന മുറിയിൽ കാമറകൾ സ്ഥാപിക്കണമെന്നുംസോണിയയെ ചോദ്യം ചെയ്തത് തൽസമയം സംപ്രേഷണം ചെയ്യണമെന്നും ആവശ്യപ്പെട്ടു.
"ഇ.ഡി സോണിയയെ ചോദ്യം ചെയ്യുന്ന മുറിയിൽ കാമറകൾ സ്ഥാപിക്കുകയും അതിന്റെ ലിങ്കുകൾ എല്ലാ വാർത്താ ചാനലുകളിലേക്കും പങ്കിടുകയും അല്ലെങ്കിൽ മുറിക്കുള്ളിൽ വാർത്താ ചാനലുകളുടെ കാമറകൾ അനുവദിക്കുകയും വേണം. അവരുടെ ചോദ്യങ്ങളും മറുപടികളും സോണിയയിൽ നിന്ന് അറിയാൻ ഇന്ത്യ ആഗ്രഹിക്കുന്നു," -ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരിലെ ഇ.ഡി ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം പ്രതിഷേധിക്കുന്നതിനിടെ ബാഘേൽ പറഞ്ഞു.
കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന് ധൈര്യമുണ്ടെങ്കിൽ സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യുന്ന സ്ഥലത്ത് ഇഡി ക്യാമറകൾ സ്ഥാപിക്കട്ടെ. നിങ്ങൾ ആ ധൈര്യം കാണിക്കുമോ? നാഷനൽ ഹെറാൾഡ് കേസിൽഎവിടെയാണ് അഴിമതി നടന്നതെന്ന് രാജ്യം അറിയാൻ ആഗ്രഹിക്കുന്നു,-ബാഗേൽ ചോദിച്ചു. 75 വയസ്സുള്ള ഒരു സ്ത്രീയെ ഓഫീസിലേക്ക് വിളിപ്പിക്കാൻ ഇ.ഡിക്ക് അനുവാദം നൽകി മോദി സർക്കാർ പകപോക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
സോണിയാ ഗാന്ധിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അന്വേഷണ ഉദ്യോഗസ്ഥർക്ക് കോൺഗ്രസ് അധ്യക്ഷയെ ഓഫീസിലേക്ക് വിളിപ്പിക്കുന്നതിന് പകരം രേഖാമൂലം മൊഴി എടുക്കാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം സോണിയ ഗാന്ധി ഇ.ഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.