തിരുച്ചിറപ്പള്ളി: കേന്ദ്രത്തിൽ ബി.ജെ.പിക്ക് വീണ്ടും അധികാരം ലഭിക്കുകയാണെങ്കിൽ ജനാധിപത്യവും സാമൂഹിക നീതിയും ഭരണഘടനയും സംരക്ഷിക്കാൻ ആർക്കും കഴിയില്ലെന്ന് ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ പറഞ്ഞു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആര് അധികാരം പിടിക്കണം എന്നതിലുപരി ആര് തുടരരുത് എന്നതാണ് ഏറ്റവും പ്രധാന വശമെന്ന് കാവേരി ഡെൽറ്റ ജില്ലകളിലെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സ്റ്റാലിൻ പറഞ്ഞു.
പുതുച്ചേരിയിലെ ഒന്നിന് പുറമെ തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും ഡി.എം.കെയും സഖ്യകക്ഷികളും വിജയിക്കണം. വലിയ വിജയത്തിനായി പ്രവർത്തിക്കാൻ പാർട്ടി കേഡറുകളോട് അദ്ദേഹം ആഹ്വാനം ചെയ്തു. പ്രത്യയശാസ്ത്രത്തെക്കുറിച്ചും ക്ഷേമപദ്ധതികളെക്കുറിച്ചും ജനങ്ങളോട് സംസാരിക്കണമെന്നും പ്രചാരണത്തിനായി സാമൂഹിക ഫലപ്രദമായി ഉപയോഗിക്കണമെന്നും സ്റ്റാലിൻ പോളിംഗ് സ്റ്റേഷനുകളുടെ ചുമതലയുള്ള പാർട്ടിക്കാരെ ഉപദേശിച്ചു.
പുതിയ പാർലമെന്റ് മന്ദിരത്തിൽ 888 സീറ്റുകളുടെ കപ്പാസിറ്റി ചൂണ്ടിക്കാട്ടി, സെൻസസിന്റെ പേരിൽ ലോക്‌സഭയിലെ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
കുടുംബാസൂത്രണ നയം കൃത്യമായി പിന്തുടരുന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടുന്ന തമിഴ്‌നാടിനെയും കേരളത്തെയും പാർലമെന്റിലെ സീറ്റുകളുടെ എണ്ണം തീരുമാനിക്കുമ്പോൾ ജനസംഖ്യയ്ക്ക് വെയിറ്റേജ് നൽകാനുള്ള നിർദ്ദിഷ്ട ശ്രമം ദോഷകരമായി ബാധിക്കും. മറുവശത്ത്, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള എം.പിമാരുടെ എണ്ണം അവരുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി വർധിക്കും.
40 ലോക്‌സഭ സീറ്റുകൾ നേടിയാലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ എം.പിമാർ വഴി അധികാരം പിടിക്കാമെന്ന തെറ്റായ കണക്കുകൂട്ടലാണ് അവർ നടത്തുന്നത്. തമിഴകത്തിന്റെ ശബ്ദം ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു.
വിദ്വേഷ രാഷ്ട്രീയത്തിന്റെ ഫലമാണ് മണിപ്പൂരിലെ അക്രമമെന്നും ഇത് 2002ലെ ഗുജറാത്ത് കലാപത്തെ ജനങ്ങളെ ഓർമിപ്പിക്കുന്നുവെന്നും ഡി.എം.കെ അധ്യക്ഷൻ ആരോപിച്ചു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചാൽ അത് ജനാധിപത്യത്തിന്റെ അന്ത്യമാകുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.