ഹൈദരാബാദ്: തെലങ്കാനയിൽ അധികാരത്തിലെത്തിയാൽ മുസ്‌ലിം സംവരണം റദ്ദാക്കുമെന്നും പിന്നാക്ക വിഭാഗങ്ങളിലെ അംഗങ്ങൾക്ക് ആനുകൂല്യം നൽകുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി. കിഷൻ റെഡ്ഡി. നവംബർ 3 മുതൽ ബി.ജെ.പിയുടെ പ്രചാരണം ശക്തമാക്കുമെന്നും കേന്ദ്രമന്ത്രിമാരും കേന്ദ്ര നേതാക്കളും പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പി അധികാരത്തിൽ വന്നാൽ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളയാളായിരിക്കും ബി.ജെ.പിയുടെ അടുത്തമുഖ്യമന്ത്രിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. പിന്നാക്ക വിഭാഗക്കാരനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പതിറ്റാണ്ടുകളായി പ്രക്ഷോഭങ്ങൾ നടന്നിരുന്നു. എന്നാൽ, ആ സർക്കാരുകളെല്ലാം ജനങ്ങളെ വഞ്ചിച്ചു. ഇപ്പോഴിതാ അവരുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിച്ചിരിക്കുകയാണ് ബി.ജെ.പി. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആദ്യമായാണ് പിന്നാക്ക വിഭാഗക്കാരനായ നരേന്ദ്ര മോദിയെ ബി.ജെ.പി പ്രധാനമന്ത്രിയാക്കുന്നത്.
പിന്നാക്ക വിഭാഗക്കാരനെ മുഖ്യമന്ത്രിയാക്കുമെന്ന ബി.ജെ.പിയുടെ പ്രഖ്യാപനത്തിന് വലിയ പ്രതികരണമാണ് പൊതുസമൂഹത്തിൽ നിന്ന് ഉയരുന്നത്. നിരവധി പിന്നാക്ക സംഘടനകൾ ബി.ജെ.പിയെ പിന്തുണച്ച് പ്രമേയങ്ങൾ പാസാക്കുന്നുണ്ട്. ആദ്യ മന്ത്രിസഭയിൽ ഒരു വനിതയെ മന്ത്രിയാക്കുന്നതിൽ ബി.ആർ.എസ് പരാജയപ്പെട്ടു. പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരുടെ സംവരണത്തിന്റെ വിഹിതം നൽകുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും കിഷൻ റെഡ്ഡി ആരോപിച്ചു.
ഒരു ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള എ.പി.ജെ അബ്ദുൽ കലാമിനെ ഇന്ത്യയുടെ രാഷ്ട്രപതിയാക്കിയ ചരിത്രമാണ് ബി.ജെ.പി.ക്കുള്ളത്. ദലിതനായ രാംനാഥ് കോവിന്ദിനെ ഇന്ത്യയുടെ രാഷ്ട്രപതിയാക്കി. ഇപ്പോൾ ഗോത്ര വിഭാഗത്തിൽ നിന്നുള്ള ദ്രൗപതി മുർമുവിനെ ഇന്ത്യയുടെ രാഷ്ട്രപതിയാക്കി. മതത്തിന്റെ അടിസ്ഥാനത്തിലുള്ള 4 ശതമാനം സംവരണം എടുത്തുകളയാൻ ബി.ജെ.പി തീരുമാനിച്ചതായും തെലങ്കാനയിൽ എസ്.സി, എസ്.ടി, ഒ.ബി.സി എന്നിവ അടിസ്ഥാനമാക്കിയുള്ള സംവരണം വർധിപ്പിക്കുമെന്നും കിഷൻ റെഡ്ഡി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.