ചണ്ഡിഗഡ്: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജോത് സിങ് സിദ്ദുവിന്റെ രാജി ഹൈക്കമാൻഡ് അംഗീകരിക്കുമെന്ന് സൂചന. സിദ്ദുവിന് മുന്നറിയിപ്പ് എന്ന നിലയിൽ രൺവീത് സിങ് ബിട്ടുവിനെ പുതിയ കോൺഗ്രസ് അധ്യക്ഷനാക്കിയേക്കുമെന്നാണ് സൂചന.
സെപ്റ്റംബർ 28നാണ് സിദ്ദു പഞ്ചാബ് പി.സി.സി അധ്യക്ഷ സ്ഥാനം രാജിവച്ചത്. സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കി ഉയർത്തിക്കാട്ടാൻ കഴിയില്ലെന്ന ഹൈക്കമാൻഡ് നിലപാടാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
സിദ്ദുവിനെ രാജിയിൽ നിന്ന പിൻവലിക്കാൻ കോൺഗ്രസ് നേതാക്കൾ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ അദ്ദേഹം വഴങ്ങിയില്ല. ഇതോടെയാണ് സിദ്ദുവിന് മുന്നിൽ മുട്ടുമടക്കേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചത്. ബിട്ടുവിന് പുറമെ മനീഷ് തിവാരി, പ്രതാപ് സിങ് ബജ്വ എന്നിവരുടെ പേരുകളും പ്രസിഡന്‍റ് സ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്നുണ്ട്.
പഞ്ചാബിലെ ജനങ്ങളുടെ ക്ഷേമമാണ് പ്രധാനം. പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും താൻ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പിറകെ നിലകൊള്ളുമെന്നും രാജിക്ക് പിന്നാലെ സിദ്ദു പ്രതികരിച്ചു. സിദ്ദുവിന്റെ രാജിക്ക് പിന്നാലെ കാബിനറ്റ് മന്ത്രി റസിയ സുല്‍ത്താനയും പി.സി.സി ജനറല്‍ സെക്രട്ടറി യോഗിന്ദര്‍ ധിന്‍ഗ്രയും രാജിവച്ചിരുന്നു.
അതിനിടെ മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. പഞ്ചാബ് വികാസ് പാർട്ടി എന്നാണ് പുതിയ പേരെന്നും അഭ്യൂഹമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.