മുംബൈ: അജിത് പവാർ എൻ.സി.പി എം.എൽ.എമാരുമായി എത്തിയാൽ ബി.ജെ.പി സഖ്യംവിടുമെന്ന് ഏക് നാഥ് ഷിൻഡെ വിഭാഗം ശിവസേന. പാർട്ടി വക്താവ് സഞ്ജയ് ശീർസാത്താണ് ബുധനാഴ്ച നിലപാട് വ്യക്തമാക്കിയത്. അതേസമയം, എൻ.സി.പി വിട്ട് ബി.ജെ.പിയിലോ ഷിൻഡെ പക്ഷത്തോ ചേരുകയാണെങ്കിൽ അജിത് പവാറിനെ സ്വീകരിക്കും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മകൻ തോറ്റതു മുതൽ അജിത് അസ്വസ്ഥനാണ്.
ശിവസേന (യു.ബി.ടി), എൻ.സി.പി, കോൺഗ്രസ് സഖ്യത്തെ ഉദ്ധവ് താക്കറെ നയിക്കുന്നതിലും അദ്ദേഹത്തിന് അതൃപ്തിയുണ്ട്. അജിത് പവാർ തനിച്ച് വരുകയാണെങ്കിൽ മാത്രമെ സ്വീകരിക്കാനാകൂ. എൻ.സി.പി സഖ്യകക്ഷികളെ ചതിച്ച പാർട്ടിയാണ്. നേരത്തെ ശിവസേനയിൽ പുകഞ്ഞതുപോലെ എൻ.സി.പിയിലും അസ്വസ്ഥത പടരുന്നുണ്ട്. എൻ.സി.പിക്കൊപ്പം തുടരാൻ കഴിയാത്തതുകൊണ്ടാണ് തങ്ങൾ എം.വി.എ വിട്ടതെന്നും ശീർസാത്ത് പറഞ്ഞു. ഇതിനിടയിൽ രണ്ട് ദിവസത്തിനകം രാഷ്ട്രീയ കോളിളക്കമുണ്ടാകുമെന്ന് ഷിൻഡെപക്ഷ നേതാവും മന്ത്രിയുമായ ഗുലറാബ് റാവു പാട്ടീൽ പ്രവചിച്ചു.
40 എൻ.സി.പി എം.എൽ.എമാരുമായി അജിത് പവാർ ബി.ജെ.പിക്കൊപ്പം ചേരുമെന്നും അജിത് മുഖ്യമന്ത്രിയാകുമെന്നും അഭ്യൂഹം പരന്നിരുന്നു. ഇത് നിഷേധിച്ച് അജിത് പവാറും ശരദ് പവാറും രംഗത്തുവന്നെങ്കിലും രാഷ്ട്രീയ സസ്പെൻസ് അവസാനിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.