ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'ആന്ദോളൻ ജീവി' പരാമർശനത്തിനെതിരെ പ്രതിഷേധം. പ്രക്ഷോഭകർ സമര ജീവികളാണെങ്കിൽ ബി.ജെ.പി അനുഭാവികൾ 'അപോളജി ജീവി' (മാപ്പ് ജീവി) ആണെന്നായിരുന്നു വിമർശനം.
ബ്രിട്ടീഷുകാർക്കെതിരെ പ്രവർത്തിക്കില്ലെന്ന് മാപ്പ് എഴുതി നൽകിയ വി.ഡി. സവർക്കറുടെ നടപടിയെ ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം. സവർക്കറുടെ ചിത്രം ഉൾപ്പെടുത്തി അപോളജി ജീവിയെന്ന് എഴുതിയ പോസ്റ്ററുകൾ വൻതോതിൽ പ്രചരിക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ പ്രക്ഷോഭകരെ 'ആന്ദോളൻ ജീവി' (സമര ജീവി)യെന്ന് പരിഹസിച്ചതിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ട്വിറ്റർ പ്രൊഫൈലിൽ പേരിനുമുമ്പിൽ 'ആന്ദോളൻ ജീവി'യെന്ന് ചേർത്ത് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ മീന കന്ദസ്വമി രംഗത്തെത്തിയിരുന്നു.
രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം നന്ദിപ്രമേയത്തിൻമേലായിരുന്നു മോദിയുടെ പരിഹാസം. രാജ്യത്ത് പുതിയ ഒരു വിഭാഗം ആന്ദോളൻ ജീവികൾ രൂപമെടുത്തിട്ടുണ്ടെന്നായിരുന്നു പരാമർശം. എല്ലാ പ്രതിഷേധങ്ങൾക്ക് മുമ്പിലും ഇവരെ കാണാം. ആന്ദോളൻ ജീവി എന്നാണ് ഇവരുടെ പേര്. ഇവർ പരാന്നഭോജികളാണെന്നും മോദി പറഞ്ഞു.
'ബുദ്ധിജീവി എന്നെല്ലാം കേട്ടിട്ടുണ്ട്. കുറച്ചുകാലമായി വലിയൊരു വിഭാഗം രൂപമെടുത്തിട്ടുണ്ട്. ആന്ദോളൻ ജീവി. ഈ വിഭാഗക്കാരെ എല്ലായിടത്തും കാണാനാകും. അഭിഭാഷകരുടെ സമരം, വിദ്യാർഥികളുടെ സമരം, തൊഴിലാളികളുടെ സമരം എന്നിവയിൽ മുന്നിലോ പിന്നിലോ ഇവരെ കാണും. അവർക്ക് സമരമില്ലാതെ ജീവിക്കാൻ കഴിയില്ല. അത്തരം ആളുകളെ തിരിച്ചറിഞ്ഞ് അവരിൽനിന്ന് രാജ്യത്തെ സംരക്ഷിക്കണം. അവർ പരാന്നഭോജികളാണ്' -മോദി പറഞ്ഞു.
മോദിയുടെ പരാമർശത്തിനെതിരെ കർഷക സംഘടനകൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ബ്രിട്ടീഷുകാർക്കെതിരെ പോലും ബി.ജെ.പിയും അവരുടെ മുൻഗാമികളും സമര രംഗത്തുണ്ടായിരുന്നില്ലെന്നും എല്ലായ്പ്പോഴും സമരത്തിന് എതിരായിരുന്നുവെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.