ജമ്മു: സർക്കാറിന്റെ നയനിലപാടുകളെ സമൂഹമാധ്യമങ്ങളിൽ വിമർശിച്ചാൽ പണി പോകുമെന്ന് ജീവനക്കാർക്ക് ജമ്മു-കശ്മീർ ഭരണകൂടത്തിന്റെ താക്കീത്. രാഷ്ട്രീയപരമോ നയപരമോ ആയ വിമർശനം ഉയർത്തിയാൽ നടപടിയെടുക്കുന്ന തരത്തിൽ ജീവനക്കാരുടെ തൊഴിൽ വ്യവസ്ഥകൾ പുതുക്കിയതായി ഇതുസംബന്ധിച്ച ഉത്തരവിൽ വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിലെ കൂട്ടായ്മകളിലോ മൈക്രോ ബ്ലോഗുകളിലോ നടക്കുന്ന സർക്കാർ നയം സംബന്ധിച്ച രാഷ്ട്രീയ ചർച്ചകളിലും പങ്കെടുക്കരുത്. രാഷ്ട്രീയപരവും, മതനിരപേക്ഷ വിരുദ്ധവും, വർഗീയ സ്വഭാവമുള്ളതുമായ പോസ്റ്റുകളോ ട്വീറ്റുകളോ പങ്കുവെക്കാൻ പാടില്ല. വർഗീയ ചുവയുള്ള പേജുകൾ സബ്സ്ക്രൈബ് ചെയ്യരുത്. വാട്സ്ആപ്പ്, ടെലിഗ്രാം, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെല്ലാം ഈ കാര്യങ്ങൾ പാലിക്കേണ്ടതാണെന്ന് ഉത്തരവ് തുടർന്നു.
നിർദേശങ്ങൾ ലംഘിച്ചാൽ, ഒരു മാസത്തെ ശമ്പളം പിഴയായി അടക്കേണ്ടി വരും. ഇൻക്രിമെൻറ് തടയും. സ്ഥാനക്കയറ്റവും തടയപ്പെടാം. താഴത്തെ തസ്തികയിലേക്ക് തരംതാഴ്ത്തൽ, ശമ്പള സ്കെയിൽ കുറക്കൽ, സർക്കാറിനുണ്ടാകുന്ന നഷ്ടങ്ങൾക്കുള്ള തുക ശമ്പളത്തിൽ നിന്ന് പിടിക്കൽ തുടങ്ങിയവയും ശിക്ഷയാണ്. നിർബന്ധിത വിരമിക്കലിനും സർക്കാറിന് തീരുമാനമെടുക്കാം.
വിവിധ പാർട്ടികൾ തീരുമാനത്തിനെതിരെ രംഗത്തുവന്നു. ജനങ്ങളെ ഭയപ്പെടുത്താനാണ് ഭരണകൂടത്തിന്റെ ശ്രമമമെന്ന് പി.ഡി.പി നേതാവ് മഹ്ബൂബ മുഫ്തി ആരോപിച്ചു.
ഭരണാധികാരികൾ തന്നെ ജഡ്ജിയും കോടതിയും നിയമം നടപ്പാക്കുന്നവരുമായി മാറിയിരിക്കുകയാണ്. ജനങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണ് നടക്കുന്നത് -അവർ കൂട്ടിച്ചേർത്തു. സർക്കാർ ജീവനക്കാരനായി എന്നതുകൊണ്ട് ഒരാൾക്ക് ഭരണഘടനാവകാശങ്ങൾ ഇല്ലാതാകുന്നില്ലെന്ന് മുതിർന്ന സി.പി.എം നേതാവ് എം.വി. തരിഗാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.