‘പാർട്ടിപ്രവർത്തകരെ അറസ്റ്റ് ചെയ്താൽ പൊലീസ് സ്റ്റേഷന് തീയിടും’; ഭീഷണിപ്പെടുത്തി ബി.ജെ.പി എം.എൽ.എ

കൽക്കത്ത: പാർട്ടി പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നത് നിർത്തിയില്ലെങ്കിൽ പൊലീസ് സ്റ്റേഷന് തീയിടുമെന്ന ഭീഷണിയുമായി പശ്ചിമ ബംഗാളിലെ ബി.ജെ.പി എം.എൽ.എ സ്വപൻ മജുംദാർ. സ്വന്തം മണ്ഡലമായ നോർത്ത് 24 പർഗാനാസ് ജില്ലയിലെ അശോക് നഗറിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മജുംദാർ.

ലോക്കൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുകയാണ്. എന്നാൽ പ്രദേശത്തെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്ക് എല്ലാ നിയമവിരുദ്ധപ്രവർത്തനങ്ങൾ നടത്താൻ സഹായിക്കുകയും ചെയ്യുകയാണെന്നും എം.എൽ.എ ആരോപിച്ചു. പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അവരുടെ രീതികൾ തിരുത്തിയില്ലെങ്കിൽ താൻ പൊലീസ് സ്റ്റേഷൻ കത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

'അശോക് നഗർ പൊലീസ് സ്റ്റേഷനിലെ ഐ.സിയും ഒ.സിയും ശ്രദ്ധയോടെ കേൾക്കണം. നിങ്ങളുടെ പ്രദേശത്ത് തൃണമൂൽ കോൺഗ്രസ് അക്രമം നടത്തുന്നത് നിർത്തുക. ഭരണകക്ഷിയുടെ കൊള്ളരുതായ്മകൾക്കെതിരെ പ്രതിഷേധിക്കുന്ന ബി.ജെ.പി പ്രവർത്തകരെയും സാധാരണക്കാരെയും അറസ്റ്റ് ചെയ്യുന്നത് നിർത്തുക. ഞങ്ങളുടെ പ്രവർത്തകനെ ടി.എം.സിക്കാർ ക്രൂരമായി മർദിച്ചിരുന്നു'. പക്ഷേ അവരെ അറസ്റ്റ് ചെയ്യാൻ ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. 'ഞങ്ങൾ ഇത് എക്കാലവും പൊറുക്കില്ല, നിങ്ങളുടെ രീതി തിരുത്തിയില്ലെങ്കിൽ, ഒരു ദിവസം പൊലീസ് സ്റ്റേഷന് തീയിടാൻ ഞങ്ങൾ നിർബന്ധിതരാകും' -സ്വപൻ മജുംദാർ പറഞ്ഞതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

എന്നാൽ മജൂംദാറിന്റെ പ്രസംഗത്തെ ബി.ജെ.പി സംസ്ഥാന നേതൃത്വം തള്ളി. മജൂംദാർ പറഞ്ഞ വാക്കുകൾ പാർട്ടി അംഗീകരിക്കുന്നില്ലെന്നും എന്നാൽ ടി.എം.സിയുടെ ആക്രമിച്ചപ്പോൾ പൊലീസ് നടപടിയെടുക്കാത്തതിലുള്ള പ്രതിഷേധത്തിലാണ് അദ്ദേഹം അങ്ങനെ പറഞ്ഞുപോയതെന്നും ബി.ജെ.പി സംസ്ഥാന വക്താവ് സമിക് ഭട്ടാചാര്യ പറഞ്ഞു. യഥാർത്ഥ കുറ്റവാളികൾക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് ഓർക്കണമെന്നും ഭട്ടാചാര്യ പറഞ്ഞു.

Tags:    
News Summary - If you don’t mend your ways...: Bengal BJP MLA threatens to burn down police station over harassment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.