ചെന്നൈ: സനാതന ധർമ്മ വിവാദത്തിൽ മാപ്പ് പറയില്ലെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ദ്രാവിഡ നേതാക്കളായ പെരിയാറിന്റേയും മുൻ മുഖ്യമന്ത്രിമാരായ സി.എൻ അണ്ണാദുരൈ, എം.കരുണാനിധി എന്നിവരുടെ ആശയങ്ങളാണ് താൻ പങ്കുവെച്ചതെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
സനാതന ധർമ്മത്തിൽ സ്ത്രീകളെ പഠിക്കാൻ അനുവദിച്ചിരുന്നില്ല. അവർക്ക് വീട് വിട്ട് പുറത്ത് പോകാൻ അനുമതിയുണ്ടായിരുന്നില്ല. ഭർത്താക്കൻമാർ മരിച്ചാൽ അവർക്ക് ചിതയിൽ ചാടേണ്ടി വന്നിരുന്നു. ഇതിനെല്ലാം എതിരെയാണ് പെരിയാർ പ്രതിഷേധിച്ചത്.
സനാതന ധർമ്മം സംബന്ധിച്ച് തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നു. തമിഴ്നാട്ടിൽ മാത്രമല്ല ഇന്ത്യയിലുടനീളം തനിക്കെതിരെ കേസുകൾ എടുത്തു. അവർ എന്നോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടു. എന്നാൽ താൻ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഉണ്ടായത്. കലൈജ്ഞറുടെ പേരമകനായ താൻ മാപ്പ് പറയില്ലെന്നും കേസുകളെ നേരിടുമെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
ഹിന്ദി സംസ്ഥാനത്ത് അടിച്ചേൽപ്പിക്കാനുള്ള ശ്രമമുണ്ടാവുന്നുണ്ട്. സംസ്ഥാന ഗീതത്തെ ഒഴിവാക്കിയത് ഇതിന്റെ ഭാഗമായാണ്. ദൂരദർശന്റെ പരിപാടികളിൽ നിന്നുൾപ്പടെ സംസ്ഥാന ഗീതം ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു.
2023 സെപ്തംബറിലായിരുന്നു സനാതന ധർമ്മത്തെ സംബന്ധിക്കുന്ന ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശം. സനാതന ധർമത്തെ ഡെങ്കിയോടും മലേറിയയോടുമാണ് അദ്ദേഹം താരതമ്യം ചെയ്തത്. സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണ് സനാതന ധർമ്മമെന്നും അതിനെ തുടച്ചുനീക്കണമെന്നും ഉദയനിധി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.