ബർവാനി/മധ്യപ്രദേശ്: ആദിവാസി കുടുംബത്തിലേക്ക് അതിക്രമിച്ച് കയറി ഗർഭിണിയെ ഉൾപ്പടെ ആക്രമിച്ച ആർ.എസ്.എസുകാർക്കെതിരേ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് ആയിരങ്ങൾ മാർച്ച് നടത്തി. 2020 ഡിസംബർ 31ന് നടന്ന ആക്രമണത്തിൽ ഇതുവരേയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പ്രതിഷേധക്കാർ പറയുന്നു. ആർ.എസ്.എസ് അംഗങ്ങൾക്കെതിരെ മധ്യപ്രദേശ് പോലീസ് കേസ് ഫയൽ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജയ്സ്, ജാഡ്സ്, ഭീം ആർമി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്ന ആദിവാസി സ്ത്രീകൾ ഉൾപ്പടെ ബർവാനിയിൽ പ്രതിഷേധിച്ചത്.
ഡിസംബർ 31ന് ആർ.എസ്.എസ് അംഗങ്ങൾ ആദിവാസി കുടുംബത്തെ വീട്ടിൽകയറി ആക്രമിക്കുകയും ഗർഭിണിയെ പിടിച്ചുതള്ളുകയും തറയിലിട്ട് മർദിക്കുകയും ചെയ്തിരുന്നു. എട്ട് മാസം ഗർഭിണിയായിരുന്ന ഇവരുടെ ഗർഭം ആക്രമണം കാരണം അലസിപ്പോയതായും കാരവൻ റിപ്പോർട്ട് ചെയ്യുന്നു. മധ്യപ്രദേശിലെ ബർവാനി ജില്ലയിലെ ദേവാഡ ഗ്രാമത്തിൽ സർദാർ വാസ്‌കലെയുടെ വീടിനുനേരേയാണ് ആക്രമണം ഉണ്ടായത്. അദ്ദേഹത്തിന്‍റെ ബന്ധുക്കൾ പുതുവത്സരാഘോഷത്തിൽ പങ്കെടുക്കാൻ അന്നേദിവസം അവിടെ എത്തിയിരുന്നു.
ഡിസംബർ 31ന് ഉച്ചകഴിഞ്ഞ് രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധപ്പെട്ട 25-30പേർ വാസ്‌കലെയുടെ വീട്ടിൽ അതിക്രമിച്ചു കയറി അവരെ അധിക്ഷേപിക്കുകയും അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു. ഭിലാല ആദിവാസി വിഭാഗത്തിൽപെട്ട വാസ്‌കലെയും കുടുംബവും മതപരിവർത്തന പരിപാടി സംഘടിപ്പിക്കുന്നു എന്നാരോപിച്ചായിരുന്നു ആർ.എസ്.എസ് ആക്രമണം. വാസ്‌കലെയും അദ്ദേഹത്തിന്‍റെ കുടുംബത്തിൽ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്. എന്നാൽ അന്ന് തന്‍റെ വീട്ടിൽ മതപരിവർത്തന പരിപാടികളൊന്നും നടന്നിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ന്യൂ ഇയർ ആഘോഷിക്കാനായിരുന്നു ബന്ധുക്കൾ എത്തിയതെന്നും അദ്ദേഹം കാരവനോട് പറഞ്ഞു.
ആക്രമണത്തിൽ ആർഎസ്‌എസ് അംഗങ്ങൾ 25 വയസുള്ള ഗർഭിണിയായ ലീല ബായിയെ തള്ളിയിട്ടുവെന്നും വീഴ്ചയുടെ ആഘാതത്തിൽ അതേ ദിവസം തന്നെ കുഞ്ഞ് മരിച്ചുവെന്നും വാസ്‌കലെ പറഞ്ഞു. ലീല ബായിയുടെ ഭർത്താവ് രാകേഷ് അലാവെ തിക്രി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല. നിരവധി ആളുകളുടെ സാക്ഷി മൊഴികൾ പോലീസ് ശേഖരിച്ചുവെങ്കിലും കേസെടുക്കാൻ തയ്യാറായിട്ടില്ലെന്നും ആരോപണമുണ്ട്. വാസ്‌കലെ മറ്റുള്ളവരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുവെന്ന ആക്രമണകാരികളുടെ ആരോപണങ്ങളാണ് പൊലീസ് മുഖവിലക്കെടുത്തതെന്ന് പ്രതിഷേധക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.