തെലങ്കാനയിൽ കോൺഗ്രസ് വാഗ്ദാനം വധുവിന് ലക്ഷം രൂപയും സ്വർണവും

ഹൈദരാബാദ്: തെലങ്കാനയിൽ അർഹരായ യുവതികൾക്ക് വിവാഹസമയത്ത് ലക്ഷം രൂപയും 10 ഗ്രാം സ്വർണവും വിദ്യാർഥികൾക്ക് സൗജന്യ ഇന്റർനെറ്റും നൽകുമെന്ന് കോൺഗ്രസ് വാഗ്ദാനം. ഇക്കാര്യങ്ങൾ കോൺഗ്രസിന്റെ പ്രകടനപത്രികയിലുണ്ടാകുമെന്ന് പ്രകടനപത്രിക കമ്മിറ്റി ചെയർമാൻ ഡി. ശ്രീധർബാബു പറഞ്ഞു. അധികാരത്തിൽ എത്തിയാൽ ഇന്റർനെറ്റ് സേവന ദാതാക്കളുമായി ചർച്ച നടത്തി സൗജന്യ ഇന്റർനെറ്റിന്റെ നടപടിക്രമങ്ങൾ തീരുമാനിക്കും.

നിലവിൽ ബി.ആർ.എസ് സർക്കാർ കല്യാണലക്ഷ്മി, ശാദി മുബാറക് പദ്ധതികളിൽ വിവാഹ സമയത്ത് വധുവിന് 1,00,116 രൂപ ഒറ്റത്തവണ സഹായമായി നൽകുന്നുണ്ട്. പിതാവിന്റെ വാർഷിക വരുമാനം രണ്ടുലക്ഷം രൂപയിൽ കവിയാത്ത 18 വയസ്സ് പൂർത്തിയായ വനിതകൾക്കാണ് ഈ സഹായം. കർണാടകയിൽ അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാർ വാഗ്ദാനങ്ങൾ നടപ്പാക്കിയില്ലെന്നും അതുകൊണ്ടുതന്നെ അവർക്ക് എന്തും വാഗ്ദാനം നൽകാമെന്നും ബി.ആർ.എസ് വക്താവ് ശ്രാവൺ ദസോജു പറഞ്ഞു.

കോൺഗ്രസ് പ്രഖ്യാപിച്ച ആറു ഗാരന്റികളെ മറികടക്കാൻ കഴിഞ്ഞദിവസം ബി.ആർ.എസ് പുറത്തിറക്കിയ പ്രകടനപത്രികയിൽ 400 രൂപക്ക് പാചക വാതകവും േക്ഷമ പെൻഷനിൽ വർധനയും വാഗ്ദാനംചെയ്തിരുന്നു.

എന്നാൽ, തങ്ങളുടെ ആറു ഗാരന്റികളുടെ കോപ്പിയടിയാണ് ബി.ആർ.എസ് പ്രകടനപത്രികയെന്നാണ് കോൺഗ്രസിന്റെ ആരോപണം. മഹാലക്ഷ്മി ഗാരന്റിയിൽ വനിതകൾക്ക് മാസംതോറും 2500 രൂപ സഹായം, 500 രൂപക്ക് പാചകവാതകം, സംസ്ഥാനത്തെങ്ങും വനിതകൾക്ക് സൗജന്യയാത്ര എന്നിവ കോൺഗ്രസ് വാഗ്ദാനം നൽകിയിരുന്നു.

മധ്യപ്രദേശ് കോൺഗ്രസ് സീറ്റുമോഹികൾ 4000

ഭോപാൽ: മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ നാലായിരത്തോളം പേർ അപേക്ഷിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ്. എല്ലാവർക്കും ടിക്കറ്റ് ലഭിക്കില്ലെന്നും ‘നിരാശരാകുന്നവർ’ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സാമൂഹികനീതിയും ജാതി സമവാക്യങ്ങളും പരിഗണിച്ചാണ് സ്ഥാനാർഥികളെ തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിൽ പ്രതിപക്ഷത്തുള്ള കോൺഗ്രസ് കമൽനാഥ് ഉൾപ്പെടെ 144 പേരുടെ ആദ്യപട്ടിക ഞായറാഴ്ച പുറത്തിറക്കിയിരുന്നു. ബാക്കി സീറ്റുകളിൽ രണ്ടുമൂന്ന് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് കമൽനാഥ് പറഞ്ഞു. 230 നിയമസഭ സീറ്റുകളിലേക്ക് നവംബർ 17നാണ് തെരഞ്ഞെടുപ്പ്.

മിസോറം: കോൺഗ്രസ് സ്ഥാനാർഥി പട്ടികയായി

ന്യൂഡൽഹി: മിസോറം നിയമസഭ തെരഞ്ഞെടുപ്പിനുള്ള 39 സ്ഥാനാർഥികളുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. സംസ്ഥാന അധ്യക്ഷൻ ലാൽസാവ്ത ഐസ്‍വാൾ വെസ്റ്റ് മൂന്നിൽ നിന്ന് ജനവിധിതേടും. ലാൽനുൻമാവി യ ചുവാംഗോ ഐസ്‍വാൾ നോർത്ത്-ഒന്നിൽ നിന്നും ലാൽറിൻഡിക റാൾട്ടെ ഹച്ചെക്കിൽ നിന്നും ലാൽമിങ്തംഗ സെയ്‌ലോ ദമ്പയിൽനിന്നും ലാൽറിൻമാവിയ ഐസ്‌വാൾ നോർത്ത്-രണ്ടിൽ നിന്നും മത്സരിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിങ്കളാഴ്ച ഐസ്‍വാളിലെത്തിയ രാഹുൽ ഗന്ധി ചന്മരി ജങ്ഷനിൽനിന്ന് രാജ്ഭവനിലേക്ക് പദയാത്ര നടത്തി.  

Tags:    
News Summary - In Telangana, Congress promises Rs 1 lakh and gold to the bride

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.