ഇടുക്കി: വട്ടവടയിലെ രാമന് ബിരുദാനന്തര ബിരുദവും സ്വകാര്യ കമ്പനിയിൽ ജോലിയുമുണ്ട്. എന്നാൽ സ്വന്തം പഞ്ചായത്തിനുള്ളിൽ നിന്ന് മുടിവെട്ടാൻ അദ്ദേഹത്തിന് കഴിയില്ല. ചക്ലിയ വിഭാഗത്തിലുള്ള രാമൻ മുടിവെട്ടണമെങ്കിൽ കിലോമീറ്ററുകളോളം യാത്ര ചെയ്യണം. അത് വട്ടവടയിൽ സലൂണുകൾ ഇല്ലാത്തതുകൊണ്ടല്ല, അവിടെയുള്ള ബാർബറുമാർ ദലിതരുടെ മുടിവെട്ടില്ല എന്നതുെകാണ്ടാണ്.
ഇടുക്കിയിൽ തമിഴ്നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന വട്ടവട പഞ്ചായത്ത് പേരെടുത്തത് പച്ചക്കറി കൃഷിയിലാണ്. പച്ചക്കറിയും പൂക്കളും പത്രമേനിയിൽ വിളയുന്ന വട്ടവടയിൽ തമിഴ് -ദലിത്കുടിയേറ്റ തൊഴിലാളികെക്കതിരായ വിവേചനമാണ് 'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വട്ടവടയിലെ ബാർബർ ഷോപ്പുകളിൽ ദലിതരുടെ മുടിവെട്ടാൻ അനുവദിക്കില്ല. വട്ടവട ഗ്രാമത്തിൽ ഉയർന്ന ജാതിക്കാർ എത്തുന്ന ബാർബർ ഷോപ്പുകളിൽ ദളിതർക്ക് സേവനം നൽകരുതെന്നാണ് അലിഖിതമായ നിയമം. വട്ടവടയിൽ ചക്ലിയ സമുദായത്തിലുള്ള 270 കുടുംബങ്ങളുണ്ട്. ബാക്കിയുള്ളവർ മന്നാഡിയാർ, മറവർ, തേവർ, ചെട്ടിയാർ സമുദായങ്ങളിൽപ്പെട്ടവരാണ്.
ദലിതരുടെ മുടിവെട്ടുന്നതിനും ക്ഷൗരം ചെയ്യുന്നതിനും ഗ്രാമത്തിലെ ബാർബർമാരെ ഉന്നത ജാതിക്കാർ വിലക്കിയിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. തമിഴ് കുടിയേറ്റക്കാർ ആധിപത്യം പുലർത്തുന്ന വട്ടവടയിൽ ഈ രീതി സാധാരണമാണ്. തമിഴ്‌നാട്ടിലെ ജാതി സമ്പ്രദായവും ആചാരവും ഇവിടടെയുള്ളവർ പിന്തുടരുന്നു. ദലിതർ പോലും അതിനെതിരെ ശബ്ദമുയർത്തുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു.
ജാതി വിവേചനത്തെക്കുറിച്ച് ഗ്രാമത്തിലെ ദലിത് യുവാക്കൾ പഞ്ചായത്ത് അധികൃതരോട് പരാതിപ്പെട്ടിരുന്നു. ദലിതർക്ക് സേവനം നൽകാത്ത കടകൾ അടപ്പിക്കുമെന്ന് പഞ്ചായത്ത് തീരുമാനിച്ചു. എന്നാൽ ദളിതരുടെ മുടി മുറിക്കുന്നതിനേക്കാൾ കടകൾ അടക്കുന്നതിനാണ് താൽപര്യമെന്നാണ് ബാർബർമാർ അറിയിച്ചത്. തുടർന്ന് അഞ്ചു മാസം മുമ്പ് വട്ടവടയിെല രണ്ട് ബാർബർ ഷോപ്പുകൾ പഞ്ചായത്ത് അധികൃതർ അടപ്പിച്ചു. ഗ്രാമത്തിലെ ദലിത് പുരുഷന്മാർ കിലോമീറ്ററുകളോളം യാത്ര ചെയ്ത് മൂന്നാറിലോ എല്ലപ്പെട്ടിയിലോ അടുത്ത ഗ്രാമങ്ങളിലോ ഉള്ള സലൂണുകളിൽ പോയാണ് മുടി വെട്ടുന്നത്.
ദലിതർക്ക് ചിരട്ടയിൽ ഭക്ഷണം നൽകുക, ചായക്കടകളിൽ ദലിതർക്കായി പ്രത്യേകം പാത്രങ്ങളും ക്ലാസുകളും സൂക്ഷിക്കുക തുടങ്ങിയ രീതികൾ വട്ടവടയിൽ നിലവിലുണ്ടായിരുന്നു. പ്രാദേശിക രാഷ്ട്രീയക്കാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും സംയുക്ത ശ്രമങ്ങൾക്കൊടുവിലാണ് ഇത്തരം രീതികൾ ഇല്ലാതായത്.
"താഴ്ന്ന ജാതിക്കാരായ ആളുകൾ പ്രത്യേക സലൂണുകളിൽ മുടി മുറിക്കുന്ന രീതി ഒരു നൂറ്റാണ്ടിലേറെയായി വട്ടവടയിൽ ഉണ്ട്. അടുത്തിടെ ചില ദലിത് യുവാക്കളുടെ അഭ്യർത്ഥന പ്രകാരം ഞങ്ങൾ സമുദായ പ്രതിനിധികളുമായി യോഗം ചേർന്നു. എന്നാൽ ചക്ലിയ സമുദായത്തിൽ നിന്നുള്ളവരുടെ തലമുടി മുറിക്കില്ലെന്ന് വാദത്തിൽ ബാർബർമാർ ഉറച്ചുനിന്നു. ഇൗ നിലപാടെടുത്ത രണ്ട് കടകൾ അടപ്പിക്കുകയാണ് ചെയ്തത്''-വട്ടവട പഞ്ചായത്ത് പ്രസിഡൻറ് രാമരാജ് പറഞ്ഞു.
ജാതി വിവേചനം ഇല്ലാതാക്കുന്നതിനായി കോവിലൂരിലെ ബസ് സ്റ്റാൻഡിന് സമീപം പഞ്ചായത്ത് ഉടൻ ഒരു പൊതു സലൂൺ തുറക്കുമെന്നും രാമരാജ് അറിയിച്ചു. എല്ലാ സമുദായങ്ങളിലെയും പുരുഷന്മാർക്ക് ഉപയോഗിക്കാവുന്ന സലൂണിൽ നിന്ന് ഉയർന്ന ജാതിക്കാർ മാറി നിൽക്കുമെന്ന് ഉറപ്പാണ്. എന്നാൽ അത്തരം ചിന്താഗതിയില്ലാത്ത യുവജനങ്ങൾ പൊതുസലൂണിലെത്തുകയും അത് മറ്റുള്ളവർക്ക് അനുകരിക്കാനുള്ള മാതൃകയായി മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാമരാജ് പറഞ്ഞു.
''പഞ്ചായത്തിലെ എല്ലാ സമുദായക്കാർക്കും ഒരുമിച്ചിരിക്കാനും ഭക്ഷണം കഴിക്കാനും വിനോദങ്ങളിൽ ഏർപ്പെടുന്നതിനും വേണ്ടി വിവിധ കമ്മ്യൂണിറ്റി പരിപാടികളും പഞ്ചായത്ത് നടപ്പാക്കുന്നുണ്ട്. ജാതിയുടെ പേരിലുള്ള വിവേചനം ഇല്ലാതാക്കുക എന്നത് മന്ദഗതിയിലുള്ള പ്രക്രിയയാണ്. ഈ പ്രശ്നത്തെ മറികടക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്.''- രാമരാജ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.