പാകിസ്താന് സ്വാതന്ത്ര്യ ദിനാശംസ നേർന്നു; കമന്റേറ്റർ ഹർഷ ബോഗ്ലെക്കെതിരെ സൈബർ ആക്രമണം

ന്യൂഡൽഹി: പാകിസ്താന് സ്വാതന്ത്ര്യ ദിനാശംസ നേർന്ന പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ബോഗ്ലെക്കെതിരെ സൈബർ ആക്രമണം. സമൂഹ മാധ്യമമായ എക്സിൽ ‘പാകിസ്താനിലെ സുഹൃത്തുക്കൾക്ക് സ്വാതന്ത്ര്യ ദിനാശംസകൾ’ എന്ന് കുറിച്ചതിന് പിന്നാലെയാണ് രൂക്ഷമായ ആക്രമണം തുടങ്ങിയത്. പാകിസ്താൻ സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്ന ആഗസ്റ്റ് 14നായിരുന്നു ഹർഷ ബോഗ്ലെയുടെ ട്വീറ്റ്.

ബോഗ്ലെയെ രാജ്യദ്രോഹിയാണെന്ന് വിശേഷിപ്പിച്ച ഒരാൾ താങ്കളെപ്പോലുള്ളവർക്ക് പണമാണ് എല്ലാമെന്നും രാജ്യം ഒന്നുമല്ലെന്നും പ്രതികരിച്ചു. ഇവർക്ക് രാജ്യത്തെ സൈനികരുടെ കാര്യത്തിൽ ഒരു ചിന്തയുമില്ലെന്നും ക്രിക്കറ്റ് കൊണ്ട് പഴയ സംഭവങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നും മറ്റൊരാൾ പറയുന്നു. എന്നാൽ, ഇന്ത്യൻ ബാറ്റർമാരും പാകിസ്താൻ ബൗളർമാരും ഒരുമിച്ച് കളിക്കുന്നത് സങ്കൽപിച്ചു നോക്കൂവെന്നും കമന്റുണ്ട്.

‘പാകിസ്താനും സുഹൃത്തുക്കളും? എങ്ങനെ ഈ രണ്ടു വാക്കുകൾ ഒരുമിച്ചുവരും? എന്റെ അറിവിൽ വേറിട്ടുനിൽക്കുന്ന വാക്കുകളാണ് ഇവ രണ്ടും. ഒന്നിച്ചുനിൽക്കാനാകില്ല’-ഇങ്ങനെയായിരുന്നു ഒരാളുടെ കമന്റ്. പാകിസ്താനിൽ സുഹൃത്തുക്കളുണ്ടെന്ന് പറയുന്നത് യു.എ.പി.എ കുറ്റമായി കണക്കാക്കണമെന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്. പാകിസ്താനിലേക്ക് താമസം മാറ്റാനും ഉപദേശമുണ്ട്. പാകിസ്താൻ സൂപ്പർ ലീഗിലേക്ക് അപേക്ഷിക്കാൻ ആവശ്യപ്പെടുന്നു മറ്റൊരാൾ.

ഇത് പാകിസ്താന്റെ സ്വാതന്ത്ര്യ ദിനമല്ലെന്നും ജന്മദിനമാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയെ വിഭജിച്ചാണ് പാകിസ്താനുണ്ടായതെന്നും 1947 ആഗസ്റ്റ് 14ന് മുമ്പ് അങ്ങനെയൊരു രാജ്യമുണ്ടായിരുന്നില്ലെന്നും ഇവർ പറയുന്നു.

അതേസമയം, ഹർഷക്ക് നന്ദി അറിയിച്ചുകൊണ്ട് നിരവധി പാകിസ്താൻകാരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിട്ടുള്ളത്. ഇതുകൊണ്ടാണ് ബോഗ്ലെയെ ഇഷ്ടപ്പെടുന്നതെന്ന് ഒരാൾ അഭിപ്രായപ്പെട്ടപ്പോൾ, കായികരംഗത്തെ താങ്കളുടെ ഐതിഹാസിക സംഭാവനകൾ പ്രചോദനാത്മകമാണെന്ന് മറ്റൊരാൾ കുറിച്ചു. ചിലർ ഇന്ത്യക്കാർക്ക് സ്വാതന്ത്ര്യ ദിനാശംസയും നേർന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിശദമായ കുറിപ്പ് ബോഗ്ലെ ഇന്ന് പങ്കുവെച്ചിട്ടുണ്ട്. ‘നമുക്കെല്ലാവർക്കും മഹത്തായ അഭിമാനത്തിന്റെ ദിനമാണിന്ന്. ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയിൽ നാം നേടിയ നേട്ടങ്ങൾ അവിശ്വസനീയമാണ്. നമ്മുടെ മുൻഗാമികൾക്ക് നന്ദി പറയാൻ ഏറെയുണ്ട്. ഇനി യുവ ഇന്ത്യയാണ് നമ്മെ ഉയരങ്ങളിലെത്തിക്കേണ്ടത്’, അദ്ദേഹം കുറിച്ചു.

Tags:    
News Summary - Independence Day Wish to Pakistan; Cyber attack on commentator Harsha Bhogle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.