മാലിദ്വീപിലെ സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യ സമ്മതിച്ചു -മുഹമ്മദ് മുയിസു

ന്യൂഡൽഹി: മാലിദ്വീപിലെ ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യ സമ്മതിച്ചതായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു അറിയിച്ചു. ചർച്ചക്കൊടുവിൽ ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചു. വികസന പദ്ധതികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉന്നതതല സമിതി രൂപീകരിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ടെന്ന് മുയിസു വ്യക്തമാക്കി. ഇന്ത്യന്‍ മഹാസമുദ്ര ദ്വീപസമൂഹത്തിലെ വിദേശ സൈനിക സാന്നിധ്യം ഇല്ലാതാക്കുകയാണ് തന്റെ പ്രാഥമിക ഉത്തരവാദിത്വമെന്ന് മുയിസു അധികാരമേറ്റയുടന്‍ പ്രഖ്യാപിച്ചിരുന്നു.

ദുബായില്‍ നടന്ന കോപ്29 കാലാവസ്ഥാ ഉച്ചകോടിക്കിടെ മാലദ്വീപ് പ്രസിഡന്റും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സൈന്യത്തെ പിന്‍വലിക്കുന്ന വിഷയം ചർച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുയിസുവിന്റെ പ്രഖ്യാപനം.

ഇന്ത്യന്‍ സൈനികരുടെ പ്രവര്‍ത്തനങ്ങളെ മാലിദ്വീപ് അംഗീകരിച്ചിട്ടുണ്ടെന്നും ഇത് ഞങ്ങളുടെ ഉഭയകക്ഷി വികസന പങ്കാളിത്തത്തിന്റെ പ്രധാന ഭാഗമാണെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട മുയിസു നവംബര്‍ 18-ന് രാജ്യത്ത് നിന്ന് സൈനിക സാന്നിധ്യം പിന്‍വലിക്കാന്‍ ഇന്ത്യയോട് ഔദ്യോഗികമായി അഭ്യര്‍ത്ഥിച്ചിരുന്നു. നേരത്തെ ഇന്ത്യയും ചൈനയും ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളുമായും മാലിദ്വീപ് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ പോകുകയാണെന്ന് മുയിസു വ്യക്തമാക്കിയിരുന്നു. മാലിദ്വീപിന്റെ നിലവിലെ വിദേശനയത്തില്‍ ഇടപെടാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.

ഒക്ടോബറില്‍ മാലിദ്വീപിലെ സൈനിക സാന്നിധ്യം നീക്കാന്‍ ഇന്ത്യയുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി മുയിസു പറഞ്ഞിരുന്നു. കഴിഞ്ഞ മാസം പ്രസിഡന്റ് ഇബ്രാഹിം സോലിഹിനെ പുറത്താക്കിയ മുയിസുവിന്റെ പ്രധാന പ്രചാരണ ആയുധമായിരുന്നു ഇന്ത്യന്‍ സൈനികരെ നീക്കം ചെയ്യുകയെന്നത്. നിലവില്‍ 70 ഓളം ഇന്ത്യന്‍ സൈനികരും റഡാര്‍ സ്റ്റേഷനുകളും നിരീക്ഷണ വിമാനങ്ങളും മാലിദ്വീപിലുണ്ട്. ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ മാലിദ്വീപിന്റെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പട്രോളിങ് നടത്തുന്നുമുണ്ട്.

Tags:    
News Summary - India agrees to withdraw troops from Maldives -Mohammed Muizu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.