ന്യൂഡൽഹി: അതിർത്തി പ്രദേശങ്ങളിൽ നിന്ന് പിൻമാറാൻ ഇന്ത്യ-ചൈന ധാരണ. പത്താംവട്ട കമാൻഡർതല ചർച്ചയിലാണ് തീരുമാനം. ഗോഗ്ര, ഹോട്ട്സ്പ്രിങ്സ്, ഡെസ്പാങ് എന്നിവിടങ്ങളിൽനിന്നു കൂടി സൈന്യം പിൻമാറും. 16 മണിക്കൂർ നീണ്ടു നിന്ന ചർച്ച ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അവസാനിച്ചത്.
ശനിയാഴ്ച നടന്ന ചർച്ചയിൽ ഇന്ത്യൻ സംഘത്തെ ലെഫ്റ്റ്നന്റ് ജനറൽ പി.ജി.കെ മേനോനും ചൈനീസ് സംഘത്തെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പി.എൽ.എ) സൗത്ത് ഷിൻജിയാങ് മിലിട്ടറി ജില്ല കമാൻഡർ മേജർ ജനറൽ ലിയു ലിനും നയിച്ചു.
ഇന്ത്യ-ചൈന യഥാർഥ നിയന്ത്രണ രേഖയുടെ ചൈനീസ് ഭാഗത്തുള്ള മോൾഡോ അതിർത്തി പോയിന്‍റിൽ ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് ചർച്ച ആരംഭിച്ചത്. ഗോഗ്ര, ഹോട്ട്സ്പ്രിങ്സ്, ഡെസ്പാങ് എന്നീ അവശേഷിക്കുന്ന ഭാഗങ്ങളിൽനിന്നുകൂടി പിൻമാറ്റ പ്രക്രിയ അതിവേഗമാക്കാൻ യോഗം തീരുമാനിക്കുകയായിരുന്നു. ഒമ്പത് മാസത്തോളമായി ഇരു രാജ്യങ്ങളും തുടർന്ന യുദ്ധസമാന സാഹചര്യത്തിനാണ് ഇതോടെ അവസാനമാകുന്നത്.
പാങ്കോങ് സോ നദിയുെട വടക്ക്, തെക്ക് തീരങ്ങളിൽ നിന്ന് ഇരു രാജ്യങ്ങളുേടയും സൈന്യങ്ങൾ ആയുധങ്ങളും മറ്റ് ഉപകരണങ്ങളുമടക്കം പിൻമാറിയിരുന്നു. നേരത്തേയുള്ള ഉടമ്പടി പ്രകാരമായിരുന്നു ഇത്. തുടർന്നാണ് കൂടുതൽ സ്ഥലങ്ങളിൽ നിന്നുള്ള പിൻമാറ്റത്തിനായി വീണ്ടും ചർച്ച നടന്നത്.
പാങ്കോങ് സോ നദിക്കരയിൽ നിന്ന് ഇരു രാജ്യങ്ങളും പിൻമാറാൻ ധാരണയായിട്ടുണ്ടെന്ന് ഈ മാസം 11ന് പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിങ് പാർലമെന്‍റിൽ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 10 മുതലാണ് സൈനിക പിൻമാറ്റ പ്രക്രിയ തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.