ന്യൂഡൽഹി: റോഹിങ്ക്യൻ അഭയാർഥികൾ രാജ്യത്ത് പ്രവേശിക്കുന്നത് തടയാൻ യോജിച്ച പ്രവർത്തനത്തിന് ഇന്ത്യൻ അതിർത്തി രക്ഷാസേനയും (ബി.എസ്.എഫ്) ബംഗ്ലാദേശിെൻറ ബോർഡർ ഗാർഡ് ബംഗ്ലാദേശും (ബി.ജി.ബി) തമ്മിൽ ധാരണ. ഇരു സേനാ വിഭാഗങ്ങളുടെയും ദ്വൈവാർഷിക സംഭാഷണത്തിലാണിത്. നാലുദിവസം നീണ്ടചർച്ചയിൽ റോഹിങ്ക്യൻ അഭയാർഥി പ്രവാഹമായിരുന്നു പ്രധാന വിഷയം.
4096 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സുഗമമായി മുറിച്ചുകടക്കാൻ സാധ്യതയുള്ള 140 ഇടങ്ങൾ ബി.എസ്.എഫ് കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ കാവലിന് കൂടുതൽ സേനയെ നിയോഗിക്കാനും നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിക്കാനും അഭയാർഥികൾക്ക് അതിർത്തി കടക്കാൻ സഹായം നൽകുന്ന ക്രിമിനൽ സംഘങ്ങൾക്കെതിരെ പ്രചാരണം നടത്താനും തീരുമാനിച്ചതായി ബി.എസ്.എഫ് ഡയറക്ടർ ജനറൽ കെ.കെ. ശർമ പറഞ്ഞു. രാജ്യത്തിനകത്തോ മറ്റേതെങ്കിലും രാജ്യത്തിനുനേരെയോ ബംഗ്ലാദേശ് മണ്ണിൽനിന്ന് ഭീകര പ്രവർത്തനം നടത്താൻ ആരെയും അനുവദിക്കില്ലെന്ന് ബി.ജി.ബി മേജർ ജനറൽ അബ്ദുൽ ഹുസൈൻ പറഞ്ഞു. മ്യാന്മർ അതിർത്തിയിൽ വേലിനിർമിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട് ഇരു സേനാ വിഭാഗവും ദിനേന ആശയവിനിമയം നടത്തും. അഭയാർഥി സാന്നിധ്യം കണ്ടെത്തിയാലുടൻ വിവരം പങ്കുവെക്കും. കൂടാതെ, ഇൻറലിജൻസ് ഏജൻസികളുടെ സഹായവും തേടും. ബംഗ്ലാദേശിൽ തങ്ങുന്ന റോഹിങ്ക്യക്കാർക്ക് രജിസ്ട്രേഷൻ ഏർെപ്പടുത്തി തുടങ്ങിയെന്നും ഇതില്ലാത്ത അഭയാർഥികൾക്ക് ഒരു സഹായവും ലഭ്യമാക്കില്ലെന്നും ബി.ജി.ബി തലവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.