ന്യൂഡൽഹി: 19 മാസങ്ങളായി രൂക്ഷമായ വംശീയ കലാപം തുടരുന്ന മണിപ്പുരിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജന്തർമന്തറിൽ കുത്തിയിരുന്ന് ഇൻഡ്യ മുന്നണിയുടെ പ്രതിഷേധം. കേന്ദ്രസർക്കാറിന്റെ ക്രിമിനൽ ഉദാസീനതയാണ് മണിപ്പുരിലെ സ്ഥിതിഗതികൾ വഷളാക്കിയതെന്ന് പ്രതിപക്ഷ എം.പിമാർ പറഞ്ഞു.
മണിപ്പുരിൽ ഭരണഘടനാപരമായ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. അക്രമവും അരാജകത്വവും രൂക്ഷമായ അവിടെ, അവശ്യമരുന്നുകൾക്ക് വലിയ ക്ഷാമമുണ്ട്. മൗലിക അവകാശങ്ങൾ പോലും ലംഘിക്കപ്പെടുന്ന സാധാരണക്കാർക്ക് നേരെ മുഖം തിരിക്കുകയാണ് സർക്കാർ. ഇത് യുവാക്കളെയും പിന്നാക്കക്കാരെയും കടുത്ത നിരാശയിലാഴ്ത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി മണിപ്പുർ സന്ദർശിക്കണം.
കലാപം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷം മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനെ പുറത്താക്കണമെന്നും സംസ്ഥാനത്തെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് കർമപദ്ധതി രൂപവത്കരിക്കണമെന്നും രാഷ്ട്രപതിയോടും പ്രധാനമന്ത്രിയോടും ആവശ്യപ്പെടുന്ന പ്രമേയവും അവതരിപ്പിച്ചു. കോൺഗ്രസ് എം.പിമാരായ ജയറാം രമേശ്, രാജ്മോഹൻ ഉണ്ണിത്താൻ, ഹൈബി ഈഡൻ, ആന്റോ ആന്റണി, ശശി തരൂർ, സൗരവ് ഗൊഗോയ്, പ്രണിതി ഷിൻഡെ, ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.