ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു ശേഷം ഇൻഡ്യ മുന്നണി നേതാക്കൾ ഡൽഹിയിൽ യോഗം ചേരും. മുന്നണിയിലെ പാർട്ടി നേതാക്കൾ ചൊവ്വാഴ്ച രാത്രി ഡൽഹിയിൽ തങ്ങണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പു ഫലം വന്നശേഷം തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ചൊവ്വാഴ്ച വൈകിട്ടോ ബുധനാഴ്ച രാവിലെയോ യോഗം ചേർന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിന് അനുകൂല നിലപാട് സ്വീകരിച്ചതായാണ് വിവരം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ശനിയാഴ്ച മുന്നണി നേതാക്കൾ ചേർന്ന യോഗത്തിൽ മമതയും പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തിയും പങ്കെടുത്തിരുന്നില്ല. സമാജ്വാദി പാർട്ടി, സി.പി.എം, സി.പി.ഐ, ഡി.എം.കെ, ജെ.എം.എം, എ.എ.പി, ആർ.ജെ.ഡി, ശിവസേന (ഉദ്ധവ് താക്കറെ), എൻ.സി.പി (ശരദ് പവാർ) ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾ യോഗത്തിനെത്തിയിരുന്നു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങിയ പ്രമുഖ കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്.
യോഗത്തിനു ശേഷം 295ലേറെ സീറ്റുകളുമായി ഇൻഡ്യ മുന്നണി അധികാരത്തിൽ വരുമെന്ന് ഖാർഗെ പറഞ്ഞിരുന്നു. മുന്നണിയുടെ കണക്കുകൂട്ടലിനും പ്രതീക്ഷക്കും വിരുദ്ധമായ ഫലമുണ്ടായാൽ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്താനും പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാനുമുൾപ്പെടെ അടുത്ത യോഗത്തിൽ ചർച്ച നടക്കുമെന്നാണ് റിപ്പോർട്ട്. എൻ.ഡി.എ തുടർച്ചയായ മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന എക്സിറ്റ് പോൾ പ്രവചനത്തെ മുന്നണി നേതാക്കൾ തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.