ന്യൂഡൽഹി: 48 മണിക്കൂറിനുള്ളിൽ ഇൻഡ്യ സഖ്യം പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ്. ഇൻഡ്യ സഖ്യത്തിന് തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ലഭിക്കും. സഖ്യത്തിൽ ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിക്കുന്ന പാർട്ടി നേതൃത്വം പ്രധാനമന്ത്രിപദത്തിന് അവകാശവാദം ഉന്നയിക്കുന്നത് യുക്തിസഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ 272 എന്ന മാജിക് നമ്പർ കടക്കാൻ ഇൻഡ്യ സഖ്യത്തിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം എൻ.ഡി.എ സഖ്യത്തിലുള്ള ചില പാർട്ടികളും ഇൻഡ്യ സഖ്യത്തിനൊപ്പം ചേരും. പുതിയ പാർട്ടികളുടെ വരവിൽ ഉൾപ്പടെ ഹൈക്കമാൻഡ് നിർണായക തീരുമാനങ്ങളെടുക്കുമെന്നും ജയ്റാം രമേശ് പറഞ്ഞു.
അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ എഴാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. യു.പി, പശ്ചിമ ബംഗാൾ, പഞ്ചാബ് അടക്കം ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 57 സീറ്റുകളിലേക്കാണ് ജൂൺ ഒന്നിന് വോട്ടെടുപ്പ് നടക്കുക.
പഞ്ചാബ്, യു.പി സംസ്ഥാനങ്ങളിൽ 13 വീതവും പശ്ചിമ ബംഗാൾ (ഒമ്പത്), ബിഹാർ (എട്ട്), ഒഡിഷ (ആറ്), ഹിമാചൽ പ്രദേശ് (നാല്), ഝാർഖണ്ഡ് (മൂന്ന്), കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഢിൽ ഒരു മണ്ഡലം എന്നിങ്ങനെയാണ് ജനവിധി തേടുന്ന 57 സീറ്റുകൾ.
അവസാനഘട്ട വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡ് നടി കങ്കണ റാവത്ത്, കോൺഗ്രസ് നേതാവ് ആനന്ദ് ശർമ, തൃണമൂൽ കോൺഗ്രസ് (ടി.എം.സി) ദേശീയ ഉപാധ്യക്ഷൻ അഭിഷേക് ബാനർജി, മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, ലാലുപ്രസാദിന്റെ മകൾ മിർസ എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖർ. ജൂൺ നാലിനാണ് വോട്ടെണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.